നീലൂർ: നീലൂർ എന്ന പേര് ഇന്ത്യൻ ആർമിക്ക് പരിചയപ്പെടുത്തിയ പൂർവ സൈനികൻ
റിട്ടയേർഡ് ഹവിൽദാർ മേജർ പി എൻ രാഘവൻനായർക്കു (95) ജന്മനാട് വിട ചൊല്ലി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീക്കനലുകൾ നെഞ്ചിൽ ചേർത്തു വച്ച ആ യുവത്വം, 1953 ൽ ഇന്ത്യൻ സൈനിക സേവനത്തിൽ തീജ്വാലയായി മാറി. ഇരുപത്തിമൂന്നാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം ഇന്ത്യൻ കരസേനയിലെ ആദ്യ റെജിമെന്റ്കളിൽ ഒന്നായ മദ്രാസ് റെജിമെൻ്റിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്.
അദ്ദേഹം മനസ്സുകൊണ്ട് ജീവിതത്തിലുടനീളം പട്ടാളക്കാരനായിരുന്നു. പങ്കെടുത്ത രണ്ടു യുദ്ധങ്ങളുടെ ഓർമ്മകൾ ഇടയ്ക്കിടെ പങ്കുവച്ചിരുന്നു. 1962 ലെ
ചൈന ബോർഡർ യുദ്ധത്തിലും, 1965 ലെ ഇന്ത്യ - പാക് യുദ്ധത്തിലും പങ്കെടുത്ത അദ്ദേഹത്തിന്റെ രാജ്യസ്നേഹം മരണം വരെയും തീവ്രമായിരുന്നു.
അടുത്തിടെ നടന്ന
ഓപ്പറേഷൻ സിന്ദൂർ വാർത്തകൾ പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്ന അദ്ദേഹം ശരീരിക അവശതകൾ പോലും മറന്ന്, തിരികെ പട്ടാളത്തിലേക്കു പോകുവാൻ പോലും തയ്യാറാണെന്നു പറഞ്ഞിരുന്നു. അത്രയും വലുതായിരുന്നു അദ്ദേഹത്തിന്റെ ദേശസ്നേഹം.
ഒരു പട്ടാളക്കാരന്റെ അച്ചടക്കം ജീവിതത്തിലുടനീളം പാലിച്ചു പോന്ന അദ്ദേഹം ചിട്ടയായ ജീവിതശൈലികൊണ്ട് തന്റെ വിശ്രമ ജീവിതത്തിലും പൂർണ ആരോഗ്യവാനായിരുന്നു. ആരോഗ്യപരിപാലനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധ മാതൃകാപരമായിരുന്നു. വാർദ്ധക്യസഹജമായി ഉണ്ടായേക്കാവുന്ന ജീവിതശൈലീ രോഗങ്ങൾക്ക് പോലും അദ്ദേഹത്തെ കീഴടക്കാൻ കഴിഞ്ഞില്ല.
സൈനിക സേവനത്തിനു സൈന്യ സേവ പുരസ്‌കാരം ലഭിച്ച അദ്ദേഹം
1970 ൽ ആണ് സേനയിൽ നിന്നും വിരമിക്കുന്നത്.
പിന്നീട് നീലൂരിലെ സ്വഭവനത്തിൽ വിശ്രമം ജീവിതം നയിക്കുകയായിരുന്നു.
ഒരോ പട്ടാളക്കാരനും ആത്മനിർവൃതിയോടെ ഓർമിക്കുന്ന ഇന്ത്യയുടെ ഐതിഹസികമായ യുദ്ധവിജയമായിരുന്ന കാർഗിൽ വിജയ ദിവസം, ജൂലൈ 26 ന് അദ്ദേഹം വിട വാങ്ങുമ്പോൾ ദേശസ്നേഹം നിറഞ്ഞ ഈ സൈനികന്റെ സ്മരണ എന്നും നിലനിൽക്കും.
ഭാര്യ സൗദാമിനിയമ്മ
മക്കൾ : ശാരി, ശൈലജ, സുനു, പുഷ്പജ, പ്രീതി, ശ്രീജിത്ത് (കണ്ണൻ)
മരുമക്കൾ : രാധാകൃഷ്ണൻ, സുധീഷ്, ഫിലിപ്പ്, പരേതനായ സുരേഷ്, രാജീവ്, മേഘ.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.