ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ബിഷപ്പ് ജേക്കബ് മുരിക്കൻ
വിശ്രമ ജീവിതം നയിക്കുന്ന പാലാ രൂപതയിലെ വൈദികനായ ഫാ ഈനാസ് ഒറ്റതെങ്ങുങ്കലിൻ്റേതായി സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രസ്തുത കുറിപ്പ് ബിഷപ്പ് ജേക്കബ് മുരിക്കൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പാലാ ടൈംസ് എഡിറ്റർ എബി ജെ ജോസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈനാസ് ഒറ്റത്തെങ്ങുങ്കലിൻ്റെ കുറിപ്പ്
ഏകാന്തതയിൽ ആരാലും അറിയപ്പെടാത്ത ജീവിതം സ്വമനസാ സ്വീകരിച്ച അങ്ങ് നല്ലതണ്ണി വസതിയിൽ തന്നെ കഴിയുന്നതല്ലേ ഉചിതം? എന്തിനാണ് ഈ ഊരു ചുറ്റൽ ജൂബിലി, മരിച്ചടക്ക് പള്ളിത്തിനാൾ വിവാഹ, അച്ചാരക്കല്യാണം തുടങ്ങിയവയ്ക്കെല്ലാം പോകാൻതിരക്കുകൂട്ടുന്നത്. പാലാ രൂപതയിൽ മാത്രമല്ല അയൽരൂപതകളിലും അങ്ങ് ഈ പതിവു തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ഷമിക്കണം. അങ്ങ് എടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. അങ്ങേയ്ക്ക് അറിയപ്പെടാത്ത ഏകാന്ത ജീവിതം ആശംസിക്കുന്നു.
Q. ഫാ ഈനാസ് ഒറ്റത്തെങ്ങുങ്കലിൻ്റേതായി ഒരു കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അങ്ങയുടെ ശ്രദ്ധയിൽ വന്നിരുന്നുവോ
A. സാമൂഹ്യ മാധ്യമങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. അതിനുള്ള സംവീധാനങ്ങളും ഇല്ല. ആദരണീയനായ പ്രിയ ഈനാസ് അച്ചൻ്റെ പേരിൽ സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കുറിപ്പ് തപാലിൽ ലഭിച്ചിരുന്നു.
Q. ഏകാന്തതയിൽ ആരാലും അറിയപ്പെടാത്ത ജീവിതം സ്വമനസാ സ്വീകരിച്ച പിതാവ് നല്ലതണ്ണി വസതിയിൽ തന്നെ കഴിയുന്നതല്ലേ ഉചിതം എന്നു ഈനാസ് അച്ചൻ ചോദിക്കുന്നു
A. സീറോ മലബാർ സഭയുടെ സിനഡ് പുതിയ ജീവിതക്രമത്തിന് എനിക്ക് അനുവാദം നൽകിയപ്പോൾ രണ്ടു പട്ടങ്ങളിലൂടെയും നിക്ഷിപ്തമായിരിക്കുന്ന സഭയുടെ ശുശ്രൂഷകൾക്കു പോകുമ്പോൾ വെള്ളളോഹയും മെത്രാൻ്റെ സ്ഥാന ചിഹ്നങ്ങളും ധരിച്ചിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. സഹായമെത്രാൻ്റെ ഭരണപരമായ അധികാരങ്ങളിൽ നിന്നുള്ള വിടുതൽ ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഞാൻ സഭയെ അനുസരിക്കുക മാത്രമെ ചെയ്യുന്നുള്ളൂ.
Q. എന്തിനാണ് ഈ ഊരു ചുറ്റൽ എന്നും പിതാവിനോട് ഈനാസച്ചൻ ചോദിക്കുന്നു.
A. എകാന്ത സന്യാസ/താപസ ജീവിതത്തിൻ്റെ ലക്ഷ്യം ഈശോയെ ഏറ്റവും തീഷ്ണമായി അനുകരിക്കുക എന്നതാണ്. ഈശോ നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചു. ക്രിസ്തീയ സന്യാസ/ താപസജീവിതം ഈശോയെ അനുകരിക്കലും അനുഗമിക്കലുമാണ്. ഈശോ സ്നേഹവും കരുണയും ആശ്വാസവും സാന്ത്വനവും മനുഷ്യർക്കു നൽകികൊണ്ട് ചുറ്റിസഞ്ചരിച്ചു. ഈശോയുടെ ഈ മാതൃക പരിമിതമായ തോതിലെങ്കിലും അനുകരിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം.
Q. പാലാ രൂപതയിയിൽ മാത്രമല്ല അയൽരൂപതകളിലും അങ്ങ് ഈ പതിവു തുടരുന്നുവെന്നു ഈനാസ് അച്ചൻ കുറിപ്പിലൂടെ ചോദിക്കുന്നു.
A. ആരാലും അറിയപ്പെടാതിരിക്കുവാൻ ശ്രമിക്കേണ്ടത് വ്യക്തിയാണ്. ഈശോ എന്നിലൂടെ അറിയപ്പെടണം. ഈശോയെ പ്രഘോഷിക്കുന്നതിനും അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനും ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നാം.
Q. ജൂബിലി, മരിച്ചടക്ക് പള്ളിത്തിരുനാൾ വിവാഹ, അച്ചാരക്കല്യാണം തുടങ്ങിയവയ്ക്കെല്ലാം പോകാൻ തിരക്കു കൂട്ടുന്നത് എന്തിനാണെന്ന ചോദ്യവും ഈനാസ് അച്ചൻ ഉന്നയിക്കുന്നുണ്ടല്ലോ.
A. ബഹുമാനപ്പെട്ട അച്ചൻ്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ - ജൂബിലി, മരിച്ചടക്ക്, പള്ളിതിരുനാൾ, വിവാഹം, അച്ചാരകല്യാണം ഇവയെല്ലാം സഭയുടെ ശുശ്രൂഷകളാണ്. ഞാൻ താപസ ജീവിതം നയിക്കുന്ന പുരോഹിതനും മെത്രാനുമാണ്. സഭയുടെ ശുശ്രൂഷകളുമായി ബന്ധമില്ലാത്ത സന്യാസ താപസജീവിതം ഇല്ല. അതെല്ലാം സഭയുടെ ചൈതന്യത്തോടെ താപസ ശക്തിയോടെ നിർവ്വഹിക്കുക എൻ്റെ കടമയാണ്.
Q. പിതാവ് എടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നതുകൊണ്ടാണ് ഇത്രയും കുറിച്ചതെന്നാണ് ഈനാസ് അച്ചൻ പറയുന്നത്
A. സന്യാസ താപസ അരൂപിയ്ക്ക് ചേർന്ന വിധത്തിലായിരിക്കണം എൻ്റെ സംസാരവും പെരുമാറ്റവും എന്നത് പ്രധാനമാണ്. അത് പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിൽ നിൽക്കുമ്പോഴും ഞാൻ ജീവിതരീതിയ്ക്ക് അനുസരിച്ച അരൂപിയിലാണ്. യാത്ര ചെയ്യുമ്പോഴും പ്രാർത്ഥനയിലായിരിക്കും.
Q പിതാവിൻ്റെ താപസ ജീവിതത്തെക്കുറിച്ച്
A. ഏകാന്ത താപസ ജീവിതം ഈശോയുമായി കൂടുതൽ ഐക്യപ്പെടുവാനാണ്. ഈശോ നൽകുന്ന ശക്തിയോടെ ജീവിതം നയിക്കുവാനാണ്. അതിനായി പ്രാർത്ഥിക്കണമേ.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ചടങ്ങിൽ നിന്നും ബിഷപ്പ് ജേക്കബ് മുരിക്കനെ ഒഴിവാക്കി എന്നു സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നപ്പോൾ വിശ്വാസികൾ വ്യാപകമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തുടർന്നു വിവരം തന്നെ അറിയിച്ചിരുന്നുവെന്നും വ്യക്തിപരമായ അസൗകര്യമാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനു കാരണമെന്നും ബിഷപ്പ് ജേക്കബ് മുരിക്കൻ വ്യക്തമാക്കിയിരുന്നു. അതേസമയം ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളുമായി ബന്ധപ്പെട്ടു ഒരാഴ്ചയോളം നീണ്ട ചടങ്ങുകളിൽ ബിഷപ്പ് മുരിക്കനെ പങ്കെടുപ്പിക്കാത്തതും വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ഇതു സംബന്ധിച്ചു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിനു പിന്നാലെ വിശ്വാസികൾ ബിഷപ്പ് ജേക്കബ് മുരിക്കനെ ചടങ്ങുകളിൽ ഉൾപ്പെടുത്താത്തതിനെതിരെ വ്യാപകമായി പ്രതിഷേധക്കുറിപ്പുകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഫാ ഈനാസ് ഒറ്റത്തെങ്ങുങ്കലിൻ്റെ പേരിൽ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.