Subscribe Us



കൊട്ടാരമറ്റത്തെ നഗരസഭാ ഷോപ്പിംഗ് കോംപ്ലെക്സിൽ മദ്യപർ അഴിഞ്ഞാടുന്നു; അന്യസംസ്ഥാന തൊഴിലാളികളുടെ വിസർജ്ജന കേന്ദ്രവും അനാശാസ്യക്കാരുടെ വിഹാരകേന്ദ്രവുമായി ഇവിടം മാറി

പാലാ: പാലാ മദ്യപർക്കും അഴിഞ്ഞാട്ടക്കാർക്കും തറവാടായി മാറുന്നു. മദ്യപരാകട്ടെ ലോകമേ തറവാട് എന്ന നിലയിലാണ് പെരുമാറുന്നത്. നഗരസഭയുടെ വ്യാപാര കേന്ദ്രങ്ങളിലൊന്നായ കൊട്ടാരമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് മദ്യപരുടെയും അഴിഞ്ഞാട്ടക്കാരുടെയും വിഹാരകേന്ദ്രമായി മാറി.

ബസ് ടെർമിനലിൻ്റെ മുൻവശത്ത് പുറത്തേയ്ക്ക് ഷീറ്റ് ഘടിപ്പിച്ചതോടെ രണ്ടും മൂന്നും നിലകളുടെ കാഴ്ച നഷ്ടമായി. ഇതോടെ രണ്ടും മൂന്നും നിലകളിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആളുകൾ വിമുഖത കാട്ടി. ഓഫീസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും സ്ഥാപനങ്ങൾ മാത്രം ഇപ്പോൾ പ്രവർത്തിക്കുന്നു. ബാക്കി ചില മുറികൾ അന്യസംസ്ഥാന തൊഴിലാളികൾ താമസത്തിന് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നഗരസഭയിൽ നിന്നും വാടകയ്ക്കെടുത്തവരാണത്രെ മറു വാടകയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കു മുറികൾ നൽകിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ആവശ്യത്തിന് ശുചിമുറികൾ ഒന്നുമില്ലാത്തതിനാൽ തിണ്ണയിലും ടെറസിലും ഷീറ്റിലുമൊക്കെ മലമൂത്ര വിസർജ്ജനം നടത്താറുണ്ടെന്നു ഇവിടം സന്ദർശിക്കുമ്പോൾ അറിയാൻ സാധിക്കും. പലയിടത്തും ദുർഗന്ധമാണ് എപ്പോഴും. 

കാഴ്ച കിട്ടാത്തതിനാൽ മദ്യപരുടെയുടെയും അഴിഞ്ഞാട്ടക്കാരുടെയും അനാശാസ്യക്കാരുടെയും ആസ്ഥാനം കൂടിയാണ് ഈ വ്യാപാര സമുച്ചയം. 

ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള കെട്ടിടമായതിനാൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ എത്തുന്നവരും ബസിൽ കയറാൻ എത്തുന്ന വിദ്യാർത്ഥികളടക്കമുള്ളവരും ഏറെ ദുരിതത്തിലാണ്. മദ്യപർ വിവസ്ത്രരായി കിടക്കുന്നതും നിത്യ കാഴ്ചകളിൽ ഒന്നാണ്. ഉടുമുണ്ട് വലിച്ചെറിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ചു അടിവസ്ത്രത്തിനുള്ളിൽ മദ്യക്കുപ്പികളും തിരുകി അബോധാവസ്ഥയിൽ കിടക്കുന്നയാൾ ഇവിടുത്തെ ദുരവസ്ഥയുടെ നേർച്ചിത്രമായി. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Post a Comment

0 Comments