Subscribe Us



ദുരിതമനുഭവിക്കുന്നവരെ ചേർത്തു പിടിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമുക്ക് കടമയുണ്ടെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അപകടത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന വള്ളിച്ചിറ മൂന്നുതൊട്ടിയിൽ റോയിച്ചൻ എം റ്റിയ്ക്കു വീടു വയ്ക്കാൻ സൗജന്യമായി നൽകുന്ന മൂന്ന് സെൻ്റ് ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മാനുഷികമൂല്യങ്ങൾക്കു വില കൽപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും തീരുമാനത്തെ മാർ കല്ലറങ്ങാട്ട് അനുമോദിച്ചു. ചെറിയാൻ സി കാപ്പൻ, ഡിജോ കാപ്പൻ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ പങ്കെടുത്തു.

മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് റോയിച്ചന് വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നത്സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ വാഹനം ഇടിച്ചതിനെത്തുടർന്നു റോയിച്ചൻ്റെ തലയ്ക്ക്  ഗുരുതരമായി പരിക്കേറ്റിരുന്നു. ദീർഘനാൾ ചികിത്സ നടത്തിയിരുന്നുവെങ്കിലും ശാരീരിക വിഷമങ്ങൾ ഉടലെടുത്തതിനെത്തുടർന്നു കാലങ്ങളായി ദുരിതത്തിലാണ് റോയിച്ചൻ.  ഈ വിവരം അറിഞ്ഞതിനെത്തുടർന്നാണ് റോയിച്ചന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. 

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെൻ്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന് മൂന്ന് സെൻ്റ് സ്ഥലവും നേരത്തെ ലഭ്യമാക്കിയിരുന്നു.  

Post a Comment

0 Comments