Subscribe Us



കൗമാരക്കാരൻ അമിത വേഗതയിൽ 'പറപ്പിച്ച' ഫോർച്യൂണർ കാർ മറ്റൊരു കാർ ഇടിച്ചു തകർത്തു; തകർന്ന വാഹനത്തിൽ സഞ്ചരിച്ച നാലു പേർക്കു പരുക്ക്

മൂന്നാനി: കൗമാരക്കാരൻ അമിത വേഗതയിൽ ഓടിച്ചുവരവെ നിയന്ത്രണം വിട്ട ടയോട്ടാ ഫോർച്യൂണർ കാർ മാരുതി എർട്ടിഗയിൽ ഇടിച്ചു എർട്ടിഗ യാത്രികരായ നാലു പേർക്കു പരുക്കേറ്റു. പാലാ കുടുംബകോടതി ജീവനക്കാരൻ മുണ്ടുപാലം ഇഞ്ചിപറമ്പിൽ രൻജു അഗസ്റ്റിൻ, ഭാര്യ മേരി മാമ്മൻ, മക്കളായ ജൂവൽ ടോം, ക്രിസ്റ്റൽ മരിയ എന്നിവർക്കാണ് പരുക്കേറ്റത്. മേരി മാമ്മനെ ആദ്യം മരിയൻ മെഡിക്കൽ സെൻ്ററിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നു വിദഗ്ദ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേരി മാമ്മൻ്റെ നട്ടെല്ലിനു ക്ഷതമേറ്റതായി അറിയുന്നു.
ഇന്നലെ വൈകുന്നേരത്തോടെ മൂന്നാനി ലോയേഴ്സ് ചേംബറിനു മുന്നിലായിരുന്നു അപകടം. കനത്ത മഴയെത്തുടർന്നുണ്ടായ  വെള്ളം റോഡിൽ നിന്നും ഇറങ്ങിക്കൊണ്ടിരിക്കെ ഈരാറ്റുപേട്ട ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന ഫോർച്യൂണർ കാർ നിയന്ത്രണം വിട്ടു ലോയേഴ്സ് ചേംബറിൻ്റെ ഭാഗത്തേയ്ക്കു തെന്നി നീങ്ങുന്നതിനിടെ പൊടുന്നനെ വെട്ടിത്തിരിഞ്ഞു വന്നു എർട്ടിഗയിൽ ഇടിക്കുകയായിരുന്നു. 19 വയസുള്ള കൗമാരക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സംഭവത്തിനു ദൃക്സാക്ഷികളായ പാലാ പോലീസ് പറഞ്ഞു. രണ്ടു മാസം മുമ്പ് മാത്രമാണത്രെ ഇയാൾ വാഹനമോടിക്കാൻ ലൈസൻസ് ലഭ്യമായതെന്നും പറയപ്പെടുന്നു. 
വാഹനങ്ങൾ തെന്നി നീങ്ങാൻ ഏറെ സാധ്യതയുള്ള സമയത്താണ് അമിത വേഗതയിൽ ഫോർച്യൂണർ കാർ പാഞ്ഞത്. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ അപകടമായ രീതിയിൽ വാഹനമോടിച്ച കൗമാരക്കാരനനുകൂലമായി നിരവധി പേർ സംഘടിച്ചെത്തിയെങ്കിലും പാലാ സി ഐ കെ പി ടോംസൺ, എസ് ഐ ഷാജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അപകടകാരണം കൗമാരക്കാരൻ്റെ അമിത വേഗതയാണെന്ന് തറപ്പിച്ചു പറഞ്ഞു. മറ്റുള്ളവരെ പരിഗണിക്കാതെ വാഹനമോടിച്ച സംഭവത്തിൽ പാലാ സി ഐ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സംഘടിച്ചെത്തിയവർ പിൻവാങ്ങുകയായിരുന്നു. തുടർന്നു ഇരു വാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

  

Post a Comment

0 Comments