തിരുവനന്തപുരം: കുവൈത്തിൽ ബാങ്കിനെ കബളിപ്പിച്ച് മലയാളികൾ 700 കോടി തട്ടിയെടുത്തതായി പരാതി. കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നാണ് ലോൺ തട്ടിപ്പിലൂടെ പണം തട്ടിയെടുത്തതായി പരാതി ഉയർന്നിരിക്കുന്നത്. ഗൾഫ് ബാങ്കിൻ്റെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തി തട്ടിപ്പ് നടത്തിയവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തട്ടിപ്പ് നടന്നത് കൊവിഡ് കാലത്താണെന്നാണ് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്. ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻ്റ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് മൈഗ്രേറ്റ് ചെയ്തു പോയവരും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കുവൈറ്റ് മിനിസ്റ്ററി ഓഫ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന 700 ഓളം മലയാളി നേഴ്സുമാരും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ കുവൈത്തിൽ കുവൈറ്റിലെ ബാങ്കുകളിൽ നഴ്സുമാരായവർ ഉൾപ്പെടെയുള്ളവർക്കു ലോൺ നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
2020 - 22 കാലഘട്ടത്തിൽ ഗൾഫ് ബാങ്ക് കുവൈറ്റിൽ നിന്നും ലോൺ എടുത്ത 1425 മലയാളികൾ രാജ്യം വിട്ടതായിട്ടാണ് ബാങ്കിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ലോൺ എടുത്ത് കൂട്ട രാജ്യം വിടൽ നടന്നത് തിരിച്ചറിഞ്ഞത്. മറ്റു ഗൾഫ് രാജ്യങ്ങളിലും സമാന രീതിയിൽ ലോൺ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചില ഏജൻസികളെ പണം തിരികെ വാങ്ങിക്കുന്നതിന് ബാങ്കുകൾ ചുമതലപ്പെടുത്തിയിരുന്നു. അവർ തട്ടിപ്പ് നടത്തിയവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലെ സുഹൃത്തുക്കൾ വഴി ആളുകളെ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല.
കോട്ടയം ജില്ലയിലെ പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവരും ലോൺ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.