Subscribe Us



ശുചിമുറിയിൽ പോയ സമയത്ത് കിഡ്നി രോഗിയെ ബാംഗ്ലൂരിൽ വഴിയിൽ ഉപേക്ഷിച്ച്‌ യാത്ര തുടർന്ന് അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ ക്രൂരത

പാലാ: ശുചിമുറിയിൽ പോയ സമയത്ത് രോഗിയായ മധ്യവയസ്കനെ ബാംഗ്ലൂരിൽ വഴിയിൽ ഉപേക്ഷിച്ച്‌ യാത്ര തുടർന്ന് അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ ക്രൂരത;  എലിക്കുളം സ്വദേശി ആക്കക്കുന്നേൽ ആൻഡ്രൂസ് ജെയിംസാണ് യാത്രാ അന്തർ സംസ്ഥാന ബസ് സർവ്വീസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. ഇക്കഴിഞ്ഞ നവംബർ 29 ബാംഗ്ലൂരിൽ നഴ്സിംഗ് ജോലി ചെയ്യുന്ന മകൾ അലീനയെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു ജെയിംസും ഭാര്യ ഷീബയും. ബസ് വരാൻ താമസിച്ചപ്പോൾ കിഡ്നി സംബന്ധമായ അസുഖമുള്ള  ആൻഡ്രൂസ് ശുചി മുറിയിലേയ്ക്ക് പോയി. ഈ സമയം ബസ് വന്നപ്പോൾ ആൻഡ്രൂസിൻ്റെ ഭാര്യയും മകളും ചേർന്നു ലെഗേജുകൾ കയറ്റി. ബസ് ജീവനക്കാർ വണ്ടിയിൽ ഇവരെ കയറ്റി ഇരുത്തിയശേഷം ആൻഡ്രൂസിനെ കൂടാതെ വാഹനം വിട്ടു പോകുകയായിരുന്നുവെന്ന് ഇവർ കേരള മുഖ്യമന്ത്രി, കർണ്ണാടക മുഖ്യമന്ത്രി,  ഗതാഗതമന്ത്രി എന്നിവർക്കു നൽകിയ പരാതിയിൽ പറഞ്ഞു. ഭാര്യയും മകളും ഒച്ചവച്ചെങ്കിലും ജീവനക്കാർ ബസ് നിർത്താൻ കൂട്ടാക്കിയില്ല.  ശുചിമുറിയിൽ പോയി ബസിനടുത്ത് എത്തിയപ്പോഴേയ്ക്കും നീങ്ങുന്നത് കണ്ട് ബസിൽ തട്ടി ഒച്ചവച്ചത് ബസിൻ്റെ ക്ലീനർ കണ്ടെങ്കിലും ബസ് നിർത്താൻ കൂട്ടാക്കിയില്ല. തുടർന്നു ബസിലുള്ള ഭാര്യയോട് ഫോണിൽ ബന്ധപ്പെട്ട് ലഗേജുകൾ ഉള്ളതിനാൽ തുടരാൻ നിർദ്ദേശിച്ചു. തുടർന്നു ബസ് ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ മറ്റൊരു പോയിൻ്റിൽ എത്താൻ ആവശ്യപ്പെട്ടു. ഓട്ടോയിൽ അവിടെ എത്തിയെങ്കിലും കയറാൻ പറ്റിയില്ല. കൈയ്യിൽ കുറച്ചു പണമേ ഉണ്ടായിരുന്നുള്ളൂ. അത് ഓട്ടോ യാത്രയൊക്കെയായി തീർന്നു പോയി. മരുന്നും പണവും ഭാര്യയുടെ ബാഗിൽ ആയതോടെ വളരെ ബുദ്ധിമുട്ടായെന്നും എ ടി എമ്മിൽ കിടന്ന പണം കുറവായിരുന്നതിനാൽ  പലരോടും കാര്യം പറഞ്ഞ് പണം വാങ്ങി സേലത്ത് എത്തുകയും പിന്നീട് അവിടെ നിന്നു തൃശൂരിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ശേഷമാണ് ദുരിതം അവസാനിച്ചതെന്നും ആൻഡ്രൂസ് പറഞ്ഞു. മരുന്ന് കൃത്യസമയത്ത് കഴിക്കാൻ പറ്റാതെ വന്നത് വലിയ അസ്വസ്തതകൾക്കു ഇടയാക്കിയെന്നും അദ്ദേഹം  വ്യക്തമാക്കി. യാത്രയ്ക്കിടയിൽ രാത്രിയിൽ മൊബൈൽ ഓഫായി പോയതോടെ ഭാര്യയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നുവെന്നും ഒട്ടേറെ മാനസിക ബുദ്ധിമുട്ടുകളും അവശതകളും ഉണ്ടായെന്നും ആൻഡ്രൂസ് പറഞ്ഞു. ഇനി മറ്റൊരാൾക്കും ഇത്തരം ദുരനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതി കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments