Subscribe Us



ജനപ്രതിനിധികളുടെ സ്വമേധയാ ഉള്ള രാജി ജനാധിപത്യത്തോടുള്ള വെല്ലുവിളി

ജനാധിപത്യ ഭരണക്രമത്തിൽ ജനങ്ങൾക്കുവേണ്ടി ഭരണ നിർവ്വഹണം നിർവ്വഹിക്കാൻ വേണ്ടിയാണ് നാം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭയിൽ 6 വർഷവും ലോക്സഭയിലും നിയമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 5 വർഷവും വീതമാണ് കാലാവധി നൽകിയിരിക്കുന്നത്. ഈ കാലാവധി പൂർത്തീകരിക്കാൻ ജനങ്ങളുടെ പ്രതിനിധികൾക്കു ഉത്തരവാദിത്വവും ധാർമ്മിക ബാധ്യതയും ഉണ്ട്.

എന്നാൽ വ്യക്തി താത്പര്യം, പാർട്ടി താത്പര്യം എന്നിവയുടെ പേരിൽ തങ്ങളെ ഏൽപ്പിച്ച കടമ നിർവ്വഹിക്കാതെ രാജി വയ്ക്കുകയും പിന്നെ മറ്റൊരു സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും ചെയ്യുന്ന ജനാധിപത്യ - ജനവിരുദ്ധ നടപടികൾ വർദ്ധിച്ചുവരികയാണ് ഇപ്പോൾ.
സ്വമേധയാ രാജി വയ്ക്കാൻ പറ്റില്ലാ എന്ന് നിയമ പുസ്തകത്തിൽ എഴുതി വച്ചിട്ടില്ല എന്ന സാങ്കേതിക കാരണം ഇവർക്കു പറയാനാകും. ഓരോ തിരഞ്ഞെടുപ്പിനും ലക്ഷക്കണക്കിന് രൂപയും ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ സമയവും പൊതുജനത്തിൻ്റെ സമയവും ചെലവൊഴിക്കപ്പെടുന്നുണ്ട്.
കൊച്ചുകുട്ടികൾക്കു ബേക്കറി പലഹാരങ്ങൾ നൽകുമ്പോൾ അവർ അവ മാറി മാറിയെടുക്കുന്ന ലാഘവത്തോടെ ഒരു സ്ഥാനം ഉപേക്ഷിച്ചു മറ്റൊരു സ്ഥാനം തേടാൻ പോകുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണ്. സ്ഥാനമൊഴിയുന്ന ആളുടെ അല്ലെങ്കിൽ ആ ആളുടെ പാർട്ടിക്കുവേണ്ടി പൊതുപണം ദുർവ്യയം ചെയ്യുന്നത് ഒരു തരം അഴിമതിയാണ്.
ജനാധിപത്യത്തിൽ ഒരു സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു കഴിഞ്ഞാൽ കാലാവധി പൂർത്തിയാക്കുക തന്നെ വേണം. സ്വമേധയാ സ്ഥാനത്യാഗം ചെയ്യുകയാണെങ്കിൽ അങ്ങനെ ഒഴിയുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും കുറഞ്ഞത് 15 വർഷത്തേയ്ക്കു വിലക്കണം. ഇതോടൊപ്പം സ്വമേധയാ സ്ഥാനമൊഴിയുന്ന വ്യക്തിയുടെ അല്ലെങ്കിൽ പാർട്ടിയുടെ പക്കൽ നിന്നും തുടർന്നു വരുന്ന തിരഞ്ഞെടുപ്പിൻ്റെ ചിലവുകൾ എതിർ സ്ഥാനാർത്ഥിയുടേതടക്കം ഈടാക്കണം. ലഭ്യമല്ലെങ്കിൽ ആ പാർട്ടിയെയും അയോഗ്യമാക്കണം. അല്ലെങ്കിൽ സ്വമേധയാ സ്ഥാനമൊഴിയുന്ന വ്യക്തി മത്സരിച്ച തിരഞ്ഞെടുപ്പിലെ തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയെ വിജയി ആയി പ്രഖ്യാപിക്കണം.
മരണം, നിയമപരമായ അയോഗ്യത എന്നീ കാരണങ്ങളുടെ പേരിൽ മാത്രം നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകൾക്കു മാത്രമേ പൊതുഖജനാവിൽ നിന്നും പണം ചിലവൊഴിക്കാവൂ.
സ്വമേധയാ സ്ഥാനമൊഴിയുന്ന ജനപ്രതിനിധികൾ ആരും തന്നെ വീണ്ടും ഭരിച്ചില്ലെങ്കിലും ഇവിടെ ഭരണചക്രം തിരിയുക തന്നെ ചെയ്യും. പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഇത്തരം ഏർപ്പാടുകൾക്കെതിരെ ഇനിയെങ്കിലും നിയമനിർമ്മാണം നടത്തണം. ഇല്ലെങ്കിൽ നടപടിയുണ്ടാകും വരെ അത്തരക്കാരെ വീട്ടിലിരുത്താൻ ജനം തയ്യാറാകണം.

എബി ജെ ജോസ്

Post a Comment

0 Comments