കൊച്ചിയിൽ വൈറ്റില മേൽപാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു വാഹനം കടത്തിവിട്ട സംഭവമായി ബന്ധപ്പെട്ടു വി ഫോർ കേരള എന്ന സംഘടനയുടെ സംഘാടകർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടു സംഘടനയുടെ നാലു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്. ആ സംഘടനയുടെ കോ ഓർഡിനേറ്റർ നിപുൻ ചെറിയാനെ അതിസാഹസികമായി വീടുവളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് വാർത്ത.
വി ഫോർ കേരള സംഘടനയുടെ നടപടി നിയമത്തിൻ്റെ കണ്ണിലൂടെ വീക്ഷിച്ചാൽ തികച്ചും തെറ്റും ആവർത്തിക്കാൻ പാടില്ലാത്ത നടപടിയുമാണെന്നതിൽ തർക്കമില്ല. പൊതുമുതൽ നോക്കാൻ പബ്ളിക് സെർവെറ്റുകളെ ( സർക്കാർ ഉദ്യോഗസ്ഥരെ ) നാം നിയോഗിച്ചിട്ടുണ്ട്. അത് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അത് നിർവ്വഹിക്കാൻ മറ്റുള്ളവർക്ക്, പൊതുജനത്തിന് അധികാരവും അവകാശവും ഇല്ലാത്തതും ആണ്. അത്തരം നടപടികൾ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതിനാൽ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.
ഇനി, അവരെ ഇക്കാര്യത്തിലേയ്ക്ക് നയിച്ചത് ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്ന കൊച്ചിക്കാരുടെ അല്ലെങ്കിൽ കൊച്ചിയിൽ എത്തുന്നവരുടെ പ്രതിക്ഷേധമാണ്.
ഈ സംഭവത്തെ വല്ലാതെ പർവ്വതീകരിക്കുകയും സാധാരണ ജനത്തെ ഭീതിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് പ്രഥമദൃഷ്ടാ മനസ്സിലാക്കാൻ സാധിക്കും.
കഴിഞ്ഞ നിയമസഭയുടെ കാലത്ത് നിയമസഭയ്ക്കുള്ളിൽ അതിക്രമം കാണിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത് ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ അടക്കമുള്ള ജനപ്രതിനിധികളാണ്. അവരെ അറസ്റ്റു ചെയ്തു നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല, അവർക്കെതിരെയുള്ള നടപടി ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് സർക്കാരാണെന്നതുകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം. സർക്കാർ അധികാരമേൽക്കുമ്പോൾ ചെല്ലുന്ന സത്യവാചകത്തിൽ പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കുമെന്ന അംഗത്തിൻ്റെ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് ഇക്കാര്യത്തിൽ നടത്തിയിട്ടുള്ളത്.
നാട്ടിൽ ഇന്നേവരെ നടത്തപ്പെട്ട ബന്ദ്, ഹർത്താൽ എന്നിവയ്ക്കും മറ്റു സമരങ്ങൾക്കുമായി എത്രയോ കോടി രൂപയാണ് നഷ്ടം വന്നിട്ടുള്ളത്? ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ വീടുവളഞ്ഞ് പോലീസ് പിടിച്ചു? എത്ര രൂപ നഷ്ടപരിഹാരം ഈടാക്കി?
ഞങ്ങൾക്കാകാം നിങ്ങൾക്കു പറ്റില്ല എന്നതാണ് ഇപ്പോഴത്തെ നിലപാട്.
കൊച്ചിയിൽ ചെയ്ത തെറ്റിന് വി ഫോർ കേരളയ്ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കട്ടെ. അതുപോലെ തന്നെ നിലവിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസുള്ളവരെ പിടിച്ച് ജയിലിൽ അടച്ച് അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കട്ടെ.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരായതിനാൽ നടപടിയിൽ നിന്നും ആരെയും ഒഴിവാക്കരുത്, അത് വി ഫോർ കേരള ആയാലും എം എൽ എ ആയാലും ഏതു കൊടികുത്തിയ രാഷ്ടീയക്കാരനായാലും.
അതിനുള്ള ആർജ്ജവം സർക്കാരും പൊലീസും കാണിക്കണം. അതല്ലാതെ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും പോലെ സാധാരണക്കാർക്കെതിരെ മാത്രം നടപടിയുമായി മുന്നിട്ടിറങ്ങുന്ന നടപടി അനീതിയും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും സ്വജനപക്ഷപാതവുമാണ്. ഇതിനെതിരെ കേരള മന: സാക്ഷി ഉയരുക തന്നെ വേണം
എബി ജെ ജോസ്
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.