Subscribe Us



ബൈപ്പാസ് : ഒട്ടേറെ തടസ്സങ്ങൾ നേരിട്ടതായി മാണി സി കാപ്പൻ

പാലാ: ബൈപ്പാസ് പൂർത്തീകരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എന്നാൽ അവയെല്ലാം തരണം ചെയ്യാൻ സാധിച്ചു. എം എൽ എ ആകുന്നതിന് മുമ്പ് താനാണ് ബൈപ്പാസ് പൂർത്തീകരണത്തിന് തടസ്സമെന്ന് പ്രചാരണം നടത്തി. ഓരോ തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകൾക്കു ശേഷവും നടപടി ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിൽ നിശ്ചയിച്ച തുകയിലെ അപാകതയാണ് സ്ഥലമുടമകളെ നിയമനടപടികൾക്കു പ്രേരിപ്പിച്ചത്. എന്നാൽ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ല.


താൻ എം എൽ എ ആയതിൻ്റെ പിറ്റേന്ന് ചിലർ ബൈപ്പാസ് പൂർത്തീകരിച്ചില്ലെന്നു പറഞ്ഞു സമരം നടത്തി. താൻ എം എൽ എ ആയപ്പോൾ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇതിനായി 10 കോടി 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോയി. പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടികൾക്കു പല തവണ തടസ്സം നേരിട്ടു. 2020 സെപ്റ്റംബറിൽ പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടും നൂലാമാലകൾ രൂപപ്പെട്ടു. സ്ഥലം ഏറ്റെടുത്തതിൽ ചാരിതാർത്ഥ്യമുണ്ട്.

വർഷങ്ങളായി നാലു തൂണിൽ നിൽക്കുകയാണ് കളരിയാന്മാക്കൽ പാലം. അപ്രോച്ച് റോഡ് ഇല്ലാതെയാണ് പാലം പൂർത്തീകരിച്ചത്.  ഇതിനായി സർക്കാരിനെക്കൊണ്ട് 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. ഇതിൻ്റെ നടപടികളും ഒച്ചിഴയുംവിധമാണ് നീങ്ങുന്നത്. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൻ്റെ  പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.



ബൈപ്പാസ് പൂർത്തികരണ നടപടികൾക്കു പിന്നിൽ മാണി സി കാപ്പൻ്റെ നിശ്ചയദാർഢ്യം

പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പൻ്റെ നിശ്ചയദാർഢ്യം. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു വേഗത്തിലാകുകയും  പിന്നീട് രാഷ്ട്രീയ മാറ്റത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാകുകയും ചെയ്ത പദ്ധതിയുടെ നൂലാമാലകൾ അഴിച്ചു സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പൻ്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മാത്രമാണ്. നടക്കില്ല, നടത്തിക്കില്ല എന്ന ഘട്ടത്തെ പല തവണ നേരിട്ടു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങൾ ഒപ്പംനിന്ന് ഓരോന്നായി പൂർത്തീകരിക്കുകയായിരുന്നു.

ഇടതുമുന്നണി എം എൽ എ ആയതിനെത്തുടർന്നു പദ്ധതി പൂർത്തീകരണത്തിനുള്ള തുക ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരെയും കണ്ടു. തുടർന്ന് സർക്കാർ പത്തുകോടി പത്തുലക്ഷം രൂപാ അനുവദിക്കുകയായിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു. സ്ഥലമുടമകളുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് പാലായിലെ രാഷ്ട്രീയ മാറ്റം. ഇതോടെ ചില കേന്ദ്രങ്ങളിൽ അനാവശ്യ തടസ്സങ്ങൾ നേരിടാൻ തുടങ്ങി. വിട്ടുകൊടുക്കാൻ മാണി സി കാപ്പൻ തയ്യാറായില്ല. ഫയലുകളുമായി തിരുവനന്തപുരത്തും കോട്ടയത്തും ഓടിനടന്നു. വേഗത കുറവായിരുന്നുവെങ്കിലും എം എൽ എ പിന്നാലെ ഉള്ളതിനാൽ ഫയലുകൾക്കു വിശ്രമം കിട്ടിയില്ല. ഇപ്പോൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ലേല നടപടികൾ തോടെ ബൈപാസ് പൂർത്തീകരണം യാഥാർത്ഥ്യമാകും.

തിരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പനെ എതിരാളികൾ ആക്രമിച്ചിരുന്നത് ഈ ബൈപ്പാസ് പൂർത്തീകരണത്തിൻ്റെ പേരിലായിരുന്നു. സ്ഥലത്തിന് വില നിശ്ചയിച്ചപ്പോൾ ഉണ്ടായ അപാകതയുടെ പേരിൽ സ്ഥലമുടമകൾ കോടതിയിൽ പോയത് മാണി സി കാപ്പനെതിരെ ഉപയോഗിക്കുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിൻ്റെ തൊട്ടടുത്ത ദിവസം ഈ വിഷയം ഉയർത്തി രാഷ്ട്രീയ എതിരാളികൾ സമരം വച്ചതിൻ്റെ ലക്ഷൃവും മറ്റൊന്നായിരുന്നില്ല.

പദ്ധതി പൂർത്തീകരണം അവസാനഘട്ടത്തിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു. പലവിധ തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയില്ല. സഹകരിച്ചവരോട് നന്ദിയുണ്ട്. നാടിനു വികസനമുണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തരുത്. മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments