പാലാ: എയർകണ്ടീഷൻ ഉപയോഗിക്കുന്നിടങ്ങളിൽ കോവിഡ് പകരാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയ നൂതന കണ്ടുപിടിത്തം നടത്തിയ യുവ ശാസ്ത്രജ്ഞനെ മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. എഞ്ചനീയറായ മുത്തോലി കളത്തിപ്പുല്ലാട്ട് ടോണി ജോസഫിനെയാണ് മാണി സി കാപ്പൻ വീട്ടിലെത്തി അഭിനന്ദിച്ചത്.
പ്രതിസന്ധികളെ തരണം ചെയ്യാൻ നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തുന്ന യുവ ശാസ്ത്രജ്ഞരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൻ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്,പഞ്ചായത്ത് മെമ്പർ ഷീബാ റാണി എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത മാണി സി. കാപ്പൻ ഉപഹാരം നൽകി യുവ ശാസ്ത്രജ്ഞനെ ആദരിച്ചു. ടോണിക്കൊപ്പം കോട്ടയം സ്വദേശി ഷാജി ജേക്കബും ചേർന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പ്യൂറോ സോൾ യുവിസി ഡിസിൻഫെക്ഷൻ സിസ്റ്റമാണ് ഇതിനായി രൂപകല്പന ചെയ്തെടുത്ത പുതിയ സാങ്കേതിക വിദ്യ. വിവിധ തലങ്ങളിലുള്ള പരിശോധനകൾക്കു ശേഷം വിജയകരമാണ് എന്നു തെളിഞ്ഞതിനാൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ ഈ ഉപകരണം കഴിഞ്ഞ ദിവസം പ്രവർത്തന സജ്ജമാക്കിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഗാർമെന്റ് രൂപകല്പന ചെയ്ത് മാർക്കറ്റിലെത്തിച്ചതും ഈ ഇലക്ടിക്കൽ എഞ്ചനീയറാണ്. കെ എസ് ആർ ടി സി റിട്ടയേർഡ് ഉദ്യോഗസ്ഥനായ കെ.എം ജോസഫിന്റെയും റിട്ടയേർഡ് അധ്യാപിക ലൂസിക്കുട്ടിയുടെയും പുത്രനാണ് ടോണി. ഭാര്യ ജീന കാനറാ ബാങ്ക് ഉദ്യോഗസ്ഥയാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.