കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും സീനിയർ ജേണലിസ്റ്റ്സ് ഫോറം രക്ഷാധികാരിയുമായ കെ എം റോയ് (85) അന്തരിച്ചു. അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്ന റോയ് പത്രപ്രവർത്തകൻ, വാഗ്മി, ഗ്രന്ഥകാരൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ സേവനമനുഷ്ടിച്ച അദ്ദേഹം യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.