പാലാ: സമുദായാംഗങ്ങളെ ഒന്നടങ്കം ഒരേ ചരടില്‍ കോര്‍ത്തുകെട്ടി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് എസ്.എന്‍.ഡി.പി. യോഗം തീരുമാനിച്ചിട്ടുള്ളതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എന്‍.ഡി.പി.യോഗം മീനച്ചില്‍ യൂണിയനിലെ ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാർ.
യോഗം ജനറല്‍ സെക്രട്ടറിയുടെ 25 വര്‍ഷത്തെ സേവനത്തോടനുബന്ധിച്ച് ഡിസംബര്‍ 5 മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്നും തുഷാര്‍ പറഞ്ഞു. ഒരു നൂറ്റാണ്ടുകൊണ്ട് ചെയ്യാന്‍ പറ്റാത്തതാണ് 25 വര്‍ഷംകൊണ്ട് ചെയ്തുതീര്‍ത്തത്. 25 വര്‍ഷം മുമ്പ് 52 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് 108 സ്ഥാപനങ്ങളാണ് സമുദായത്തിന്റെ അഭിമാനമായി ഉയര്‍ന്നുനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മീനച്ചില്‍ യൂണിയനിലെ ചില പ്രശ്‌നങ്ങളിന്‍മേലുള്ള പരിഹാരം ഉടന്‍ ഉണ്ടാക്കും. ഇതിനായി പരാതി ഉന്നയിച്ചവരെ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റി ഉടന്‍ രൂപീകരിക്കാനും അദ്ദേഹം യൂണിയൻ നേതാക്കൾക്ക് നിർദ്ദേശം നൽകി.
സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാശ്വതമായ പ്രശ്ന പരിഹാരങ്ങൾക്കായി ഏറ്റവും ജനാധിപത്യപരമായ നിലപാടാണ് യോഗം നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി.
2005 മുതല്‍ 2020 വരെ യൂണിയന്‍ ഭാരവാഹിയായിരുന്ന അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ യൂണിയനില്‍ നിന്നു അപഹരിച്ചതും റീ ഓഡിറ്റിംഗിൽ കൃത്യമായി കണ്ടെത്തിയതുമായ മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷത്തോളം രൂപാ സന്തോഷ്‌കുമാറില്‍ നിന്ന് ഈടാക്കുന്നതിന് നിയമനടപടി സ്വീകരിക്കുന്നതിനും, മീനച്ചില്‍ യൂണിയന്റെ പൊതുയോഗ നിശ്ചയപ്രകാരം ആരംഭിച്ചിട്ടുള്ള ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് എന്ന സ്ഥാപനം മീനച്ചില്‍ യൂണിയന്റെ അനുമതിയില്ലാതെ അനധികൃതമായി ഒരു ട്രസ്റ്റ് രൂപീകരിച്ച് അന്യാധീനമാക്കിയതിനും കോളേജ് വക സ്ഥലവും സ്വത്തുക്കളും മീനച്ചില്‍ യൂണിയന്റേതാണെന്ന് പ്രഖ്യാപിക്കുന്നതിനുമായി വേണ്ട വ്യവഹാരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുമുള്ള രണ്ടു പ്രമേയങ്ങള്‍ സംയുക്തയോഗത്തില്‍ അംഗങ്ങള്‍ അംഗീകരിച്ച് പാസാക്കി.
മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.പി. സെന്‍ ആമുഖപ്രസംഗം നടത്തി. പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍, യോഗം കൗണ്‍സിലര്‍ സന്ദീപ് പച്ചയില്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സൈബര്‍ സേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍, യൂണിയന്‍ അഡ്മിനിസിട്രേറ്റീവ് കമ്മറ്റി ഭാരവാഹികളായ രാമപുരം സി.റ്റി. രാജന്‍, എം.ആര്‍. ഉല്ലാസ്, അരുണ്‍ കുളംപള്ളില്‍, ഗിരീഷ്‌കുമാര്‍ മീനച്ചില്‍, സൈബര്‍സേന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, യൂത്ത് മൂവ്‌മെന്റ് ജില്ലാ കണ്‍വീനര്‍ അനീഷ് ഇരട്ടയാനി, യൂണിയന്‍ പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ ലാലിറ്റ് എസ്. തകിടിയേല്‍ യോഗത്തില്‍ നന്ദി പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.