Subscribe Us



പി.ടി.തോമസ്‌ നിര്‍ഭയനായ പോരാളി: ജി.ദേവരാജന്‍

തിരുവനന്തപുരം: വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം നേതാക്കളില്‍ പ്രഥമ ഗണനീയനായിരുന്നു പി.ടി.തോമസ്‌. തനിക്ക് ശരിയെന്നു തോന്നുന്ന വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള പി.ടി.തോമസ്‌, മത-രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒരിക്കലും വഴങ്ങിയിരുന്നില്ല. 

പ്രഗത്ഭനായ ജനപ്രതിനിധിയായിരുന്നു പി.ടി.തോമസ്‌. എല്ലാ ജനകീയ വിഷയങ്ങളിലും പൊതുതാത്പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹം പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന്‍റെ സംസ്ഥാനത്തെ പ്രഥമ വക്താവുമായിരുന്നു. നിയമസഭയില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലും സുവ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള നിയമസഭാ സാമാജികനുമായിരുന്നു പി.ടി.തോമസ്‌. തന്‍റെ നിലപാടുകളിലെ ശരി സ്ഥാപിച്ചെടുക്കുവാന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോടും കലഹിക്കുവാന്‍ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. 

പി.ടി.തോമസിന്‍റെ ആകസ്മികമായ നിര്യാണം കേരളത്തിലെ ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. പുതുതലമുറയിലെ രാഷ്ട്രീയ നേതൃത്വത്തിന് മാതൃകയായിരുന്ന അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന മോണിട്ടറിംഗ് കമ്മിറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. 

Post a Comment

0 Comments