Subscribe Us



പാലായിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം നടത്തപ്പെട്ടു

പാലാ : ഓർത്തഡോക്സ് സുറിയാനി സഭയുടെ സെന്റ് മേരീസ് പള്ളി പാലായുടെ ആഭിമുഖ്യത്തിൽ പാലായിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സി എസ് ഐ പാലാ പള്ളി വികാരി ഫാ. മാമ്മച്ചൻ ഐസക് തിരി തെളിച്ച ക്രിസ്മസ് ഗാതറിങ്ങിൽ മാർത്തോമാ സുറിയാനി സഭയുടെ പാലാ ഇടവക പ്രസിഡന്റ്‌ ഡോ. തോമസ് ജോർജ് അധ്യക്ഷൻ ആയിരുന്നു. 

ക്രൈസ്തവരുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാലാ ക്രൈസ്തവരുടെ പിള്ളത്തൊട്ടിൽ ആണെന്നും ഉദ്ഘാടനത്തിൽ ഫാ. മാമ്മച്ചൻ സൂചിപ്പിച്ചു. സഭകളുടെ ഭിന്നത എതിർ സാക്ഷ്യമാണെന്നും ക്രൈസ്തവർ ഒന്നിച്ചുനിന്ന് ശക്തമായ സാക്ഷ്യം നൽകണമെന്നും  ഡോ. തോമസ് ജോർജ് അഭിപ്രായപ്പെട്ടു.   വികാരി ഫാ. അലക്സ് ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്മെന്റ് പാലായുടെ ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ മുഖ്യ പ്രഭാഷണവും പ്രസാദ് ഈപ്പൻ (മാർത്തോമാ സഭ), ദാസ് ഡേവിഡ് (സി എസ് ഐ സഭ), വർഗീസ് മാത്യു (ഓർത്തഡോക്സ് സഭ), സുസ്മിത സ്കറിയ (സീറോ മലബാർ സഭ) എന്നിവർ പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചു. 

ഓരോ സഭാസമൂഹത്തിൽ നിന്നും മുതിർന്നവരും യുവാക്കളും കുട്ടികളുമടക്കം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത വിശ്വാസികളാണ്  ആഘോഷത്തിൽ പങ്കെടുത്തത്.  കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന ആഘോഷത്തിൽ കാരൾ ഗാനങ്ങളും ക്രിസ്മസ് നൃത്തവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. എസ് എം വൈ എം പ്രസിഡന്റ്‌ അഡ്വ. സാം സണ്ണി, ടോബിൻ കെ അലക്സ്, കോട്ടയം ജില്ലാ പ്രൊബേഷൻ ജോർജ്കുട്ടി ടി. ഡി.  എന്നിവരടക്കം പ്രമുഖർ പങ്കെടുത്തു.

Post a Comment

0 Comments