Subscribe Us



അയൽവാസിയുടെ മരങ്ങൾ വിതയ്ക്കുന്ന ദുരിതം പേറി ഭിന്നശേഷി കുട്ടികളുമായി ഒരു കുടുംബം; ചുവപ്പുനാടക്കുരുക്ക് മുറുക്കി കൊഴുവനാൽ പഞ്ചായത്ത്

കൊഴുവനാൽ: പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരെ വീട്ടുപടിക്കൽ ബോർഡു സ്ഥാപിച്ചു പ്രതിഷേധം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ 255 ആം നമ്പർ വീട്ടുടമസ്ഥനായ വയലിൽ മനുവും ഭാര്യ സ്മിതയും ചേർന്നാണ് പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരെ വീട്ടുപടിക്കൽ ബോർഡ് സ്ഥാപിച്ചു പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

തൻ്റെ വീട്ടുമുറ്റത്തേക്ക് വീഴുന്ന അയൽവാസിയും ബന്ധുവുമായ ആളുടെ പുരയിടത്തിലെ മരച്ചില്ലകളും ഇലകളും നീക്കമെന്ന ആവശ്യമുന്നയിച്ചു ഇവർ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ ചട്ടങ്ങളുടെയും നിയമത്തിൻ്റെയും നൂലാമാലകൾ ഉയർത്തി പരാതി ചുവപ്പുനാടയിൽ കുരുക്കിയതോടെ നിർവ്വാഹമില്ലാതെ വീട്ടുപടിക്കൽ ഇവർ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
 ഇവരുടെ വീട്ടിലേയ്ക്കു കയറി വരുന്ന ഭാഗത്ത് അയൽവാസിയുടെ മഹാഗണി മരത്തിൻ്റെ ഇലകൾ പൊഴിഞ്ഞ് വീണ് ചീഞ്ഞളിഞ്ഞു കിടക്കുന്നത് നിത്യസംഭവമാണെന്നു ഇവർ പറയുന്നു. ഇതുമൂലം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകളും വളരുന്നുണ്ട്. ഇവരുടെ ഭിന്നശേഷിക്കാരനായ കുട്ടി തെന്നിക്കിടക്കുന്ന ഇലയിൽ ചവിട്ടിതെന്നി വീണ് ചികിത്സിച്ച വകയിൽ 45000 രൂപ ചിലവായതായും ഇവർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തെത്തുടർന്നാണ് ചുമതലയുള്ള പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയത്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നു മനു പറഞ്ഞു. പഞ്ചായത്തിൽ ചോദിക്കുമ്പോൾ നടപടി ക്രമങ്ങളുടെ നീണ്ട ലിസ്റ്റാണ് പറയുന്നത്. 

തുടർന്നാണ് വീട്ടിൽ എത്തുന്നവർ മരച്ചില്ലകൾ തലയിൽ വീഴാതെയും ഇലകളിൽ തെറ്റി വീഴാതെയും ശ്രദ്ധിച്ചു സ്വന്തം തടി കേടാകാതെ സൂക്ഷിക്കണമെന്ന ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് അധികൃതർ നടപടിടികൾക്കു കാലതാമസം അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്നും ബോർഡിൽ വീട്ടുകാർ പറയുന്നു. മറ്റൊരാളുടെ ഭൂമിയിലെ വൃക്ഷങ്ങൾ മൂലം ദുരിതമുണ്ടായാൽ അത് ഒഴിവാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തത് ദ്രോഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. അപകടം സംഭവിച്ചാൽ മാത്രമേ നടപടി എടുക്കൂ എന്ന നിലപാട് ജനദ്രോഹമാണെന്നും ഇവർ കുറ്റപ്പെടുത്തി. 

ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ള ഇവർ ഏറെ ദുരിതത്തിലാണ് കഴിയുന്നത്. ദുരിതമനുഭവിക്കുന്നവരെ ചേർത്തു പിടിക്കാൻ ബാധ്യതയുള്ളവർ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന അപേക്ഷയാണിവർക്കുള്ളത്.

Post a Comment

0 Comments