Subscribe Us



പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി പാലാ നഗരസഭാധ്യക്ഷ

പാലാ: പൊതുമരാമത്ത് വകുപ്പിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം. നഗരസഭ വിളിച്ചു ചേർക്കുന്ന പൊതു പ്രാധാന്യമുള്ള യോഗങ്ങളിൽ സ്ഥിരമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വിട്ടു നിൽക്കുകയാണെന്ന് കൗൺസിലർ ബിനു പുളിക്കക്കണ്ടം കുറ്റപ്പെടുത്തി. ഇതേത്തുടർന്നു നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഗതാഗത പ്രശ്നം സംബന്ധിച്ച് വിളിച്ചു ചേർത്ത രണ്ടു യോഗങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. നഗരസഭ ഗതാഗത സമിതി യോഗത്തിലാണ് ചെയർപേഴ്സൺ വിമർശനം ഉന്നയിച്ചത്.
ജനറൽ ആശുപത്രിയിൽ വിളിച്ച യോഗത്തിലും ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. തുടർന്ന് പങ്കെടുക്കാത്തതിന് കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു. വിവരം അറിഞ്ഞില്ലെന്ന വാദമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. നേരിട്ടു നോട്ടീസ് നൽകിയതും ഇതു സ്വീകരിച്ചതായി സീൽ വച്ചു നൽകിയതും ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് അയച്ചു നൽകി. അപ്പോൾ തൻ്റെ ഓഫീസിലല്ല തൊട്ടപ്പുറത്തെ ഓഫീസിലാണ് കത്ത് ലഭിച്ചതെന്നായി ഉദ്യോഗസ്ഥൻ. പിന്നെന്തിന് വിലാസം മാറിയത് കൈപ്പറ്റിയതെന്നും ഒരേ വിഭാഗത്തിലെ ഓഫീസിൽ വാങ്ങിയാൾക്ക് തൊട്ടപ്പുറത്തേയ്ക്ക് കൊടുക്കാൻ പറ്റാത്തതെന്താണെന്നുമുള്ള ചെയർപേഴ്സൻ്റെ ചോദ്യത്തിന് ഉദ്യോഗസ്ഥന് ഉത്തരം മുട്ടി. തുടർന്ന് 10 മിനിറ്റിനുള്ളിൽ നഗരസഭയിൽ എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ചെയർപേഴ്സന് വിശദീകരണം നൽകി.

Post a Comment

0 Comments