Subscribe Us



പാലാക്കാരെ വൈദ്യുതി വകുപ്പ് നിരന്തരം "ക്ഷ" വരപ്പിക്കുന്നു

പാലാ: പാലായിലെ ഏറ്റവും വലിയ ജനദ്രോഹ സ്ഥാപനമായി മാറുകയാണ് വൈദ്യുതി വകുപ്പ്. മഴ പെയ്താലും കാറ്റടിച്ചാലും എന്തിന് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നൽകിയാൽപോലും വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയാണിവിടെ. 

നിരന്തര വൈദ്യുതി തടസ്സങ്ങളെ തുടർന്ന് പാലായിലെ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. വൈദ്യുതി തകരാറുകൾ പരിഹരിക്കാനെന്ന പേരിൽ ഏതാനും നാൾ മുമ്പ് എ ബി സി കേബിൾ സ്ഥാപിച്ചതോടെയാണ് പാലായിലെ ജനങ്ങളുടെ ദുരിതം വർദ്ധിച്ചത്. വൈകുന്നേരങ്ങയിൽ വൈദ്യുതി തടസപ്പെട്ടാൽ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കൂ എന്ന പിടിവാശിയും വൈദ്യുതി ബോർഡിനു മാത്രം സ്വന്തമാണ്.

വൈദ്യുതി തടസ്സപ്പെട്ടതു സംബന്ധിച്ചു വൈദ്യുതി ഭവനിൽ പരാതി പറഞ്ഞ ശേഷം എപ്പോൾ പുന:സ്ഥാപിക്കുമെന്ന് ചോദിച്ചാൽ കണ്ണും വായും മിഴിക്കും. രാത്രി കാലങ്ങളിൽ  ഇത്രയും വലിയ ഒരു ഇലക്ട്രിക്കൽ സെക്ഷൻ നോക്കാൻ മൂന്ന് ജീവനക്കാർ പോലും ഉണ്ടാവാത്ത അവസ്ഥയാണ്. 

കവീക്കുന്ന്, കൊച്ചിടപ്പാടി, മൂന്നാനി അടക്കം പല മേഖലകളിൽ ഇന്നലെ പകൽ മാത്രം നാലിലേറെ തവണ ഇവിടെ  വൈദ്യുതി മുടങ്ങിയിരുന്നു. രാത്രി 11 മണിയോടെ വീണ്ടും വൈദ്യുതി തടസ്സമായി. തകരാർ കണ്ടു പിടിക്കാൻ സാധിക്കാത്തതിനാൽ മേഖലയാകെ ഇരിട്ടിലായി. 

ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകൾ, മത്സ്യ മാംസ ഉത്പന്നങ്ങൾ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ. കടുത്ത ആവിയായതിനാൽ പ്രായമായവരും കുഞ്ഞുകുട്ടികളും കറൻ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായി. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാർ ബുദ്ധിമുട്ടിലാക്കി. പാലായിലെയും പരിസര പ്രദേശങ്ങളിലെയും നിരന്തര വൈദ്യുതി തകരാർ സംബന്ധിച്ചു നവോത്ഥാന യാത്ര പാലായിൽ എത്തിയപ്പോൾ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments