പാലാ: പാലാ നഗരത്തിനും മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിനും ഭീഷണിയായി നഗരസഭ വക 'ഹരിതബോംബ്.' നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിനു പിന്നിലാണ് നഗരസഭാധികൃതർ തന്നെ 'ഹരിതബോംബ്' സ്ഥാപിച്ചിരിക്കുന്നത്.
ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ഉപഭോക്താക്കളിൽ നിന്നും പണം കൈപ്പറ്റി വാങ്ങുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. നിർഭാഗ്യവശാൽ ഒരു തീപ്പൊരി പാറുകയോ വേനലിൻ്റെ കാഠിന്യത്താൽ ചൂടു കൂടി മാലിന്യത്തിനു തീപിടിക്കുകയോ ചെയ്താൽ വൻ തീപിടുത്തത്തിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഇതിനോട് തൊട്ടടുത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.
വൈദ്യുതി സ്പാർക്കുണ്ടായാലും മാലിന്യത്തിനു തീ പിടിക്കാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഈ മാലിന്യശേഖരത്തിനു സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലെക്സിൻ്റെ ഒരു സ്റ്റെയർ കെയിസിനു താഴെ അനധികൃതമായി 'സ്‌മോക്കിംഗ് സോണും' വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളടക്കമുള്ളവരുടെ പുകവലി മേഖലയാണ് ഇത്. ഇവിടെ വരുന്നവരും മാലിന്യത്തിനു സമീപത്തുകൂടി പോകുന്നവരും അലക്ഷ്യമായി സിഗരറ്റ് കുറ്റിവലിച്ചെറിഞ്ഞാൽ പോലും വൻ തീപിടുത്തമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. രാത്രി കാലത്ത് സെക്യൂരിറ്റി ജീവനക്കാരൻ പോലും ഇല്ലാത്ത അവസ്ഥയാണ്. ആർക്കും എപ്പോൾ വേണമെങ്കിലും ഇതുവഴി കടന്നുപോകാനാവും.
തീപിടുത്തമുണ്ടായാൽ അണയ്ക്കണമെങ്കിൽ അഗ്നിശമന സേനയ്ക്ക് എത്തിച്ചേരാൻ പോലും ഒരു വഴിമാത്രമേ ഉള്ളൂ. ഇതിനാൽ ഈ മേഖലയിലെ വ്യാപാരികളും കടുത്ത ആശങ്കയിലാണ്. വ്യാപാര സ്ഥാപനങ്ങൾക്കു ഭീഷണിയാവുന്ന വിധം ഉള്ള മാലിന്യ സമാഹരണം മാറ്റി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ദുരന്തം ഉണ്ടായ ശേഷം മാത്രമേ നടപടി എടുക്കൂ എന്ന വാശി ഉപേക്ഷിക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.