പാലാ: ഓൺലൈനിൽ റമ്മി ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായ പ്ലസ് വൺ വിദ്യാർത്ഥി മാനസിക സമ്മർദ്ദത്തെത്തുടർന്നു നാടുവിട്ടു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പാലായിൽ ഇന്ന് രാവിലെയാണ് സംഭവം. വിദ്യാർത്ഥിയുടെ പിതാവ് വിദേശത്താണ്. സമീപവാസിയുടെ സ്ഥലം വാങ്ങാൻ പിതാവ് കുട്ടിയുടെ മാതാവിൻ്റെ അക്കൗണ്ടിൽ 12 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. നാളെ ആധാരമെഴുത്ത് നടത്താനിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ നാടുവിട്ടു പോകുകയാണെന്ന് പറഞ്ഞ് കുട്ടി തയ്യാറാക്കിയ കത്ത് കണ്ടു കിട്ടിയതോടെയാണ് ഓൺലൈൻ റമ്മിഗെയിലൂടെ പണം നഷ്ടമായ വിവരം കണ്ടെത്തിയത്. കുട്ടിയായിരുന്നു മാതാവിൻ്റെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഇതു കൂടാതെ ഇതോടൊപ്പം ഓൺലൈൻ ആപ്പുവഴി വായ്പ തരപ്പെടുത്തി ഓൺലൈൻ റമ്മി കളിയ്ക്ക് ഉപയോഗിച്ചിരുന്നുവോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ആധാർ കാർഡും പാൻ കാർഡും അക്കൗണ്ട് വിവരങ്ങളും ഉണ്ടെങ്കിൽ വൻ പലിശയ്ക്ക് ഇൻസ്റ്റൻറ് വായ്പ നൽകുന്ന ആപ്പുകളും നിരവധിയുണ്ട്. ഇതുവഴി വായ്പ തരപ്പെടുത്തി ഗെയിമിനു വേണ്ടി വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള പാലാ പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.
സിനിമാ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധി ആളുകൾ വ്യാജ അവകാശവാദം പറഞ്ഞു കൊണ്ടാണ് റമ്മി ഗെയിമുകളുടെ പരസ്യം. അത്യാവശ്യത്തിനും പെട്ടെന്നും പണം സമ്പാദിക്കാമെന്നു കരുതിയാണ് ഗെയിം കളി തുടങ്ങുന്നത്. ചിലർ കൗതുകത്തിനായും റമ്മി കളിയിൽ ഏർപ്പെടാറുണ്ട്. ആദ്യമൊക്കെ കുറച്ചു പണം കിട്ടുമെങ്കിലും പിന്നീട് നഷ്ടമാകുന്നതാണ് കണ്ടു വരുന്നത്. നഷ്ടമായ പണം തിരികെ പിടിക്കാനുള്ള സമ്മർദ്ദത്തെത്തുടർന്നു കടം വാങ്ങിയും മറ്റും ഗെയിം കളിക്കുന്നതോടെ വൻതോതിൽ പണം നഷ്ടമാകും.
വിദ്യാർത്ഥികളടക്കമുള്ളവർ ഇങ്ങനെയാണ് ഓൺലൈൻ റമ്മി ഗെയിമിൻ്റെ വലയത്തിൽ അകപ്പെട്ടു പോകുന്നത്. ചിലർക്കൊക്കെ ഇതിൻ്റെ പിന്നാലെ പോയി ജീവൻ പോലും നഷ്ടമാകാറുണ്ട്. പണം വച്ചുള്ള ഈ ചൂതാട്ടത്തിനെതിരെ സർക്കാർ നടപടിയെടുക്കാത്തതും ഇത് വ്യാപകമാകാൻ കാരണമായിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.