പാലാ: സർവ്വീസ് സെൻ്ററിൽ നിന്നും സർവ്വീസ് ചെയ്തു നൽകിയ ഇരുചക്രവാഹനവുമായി വീട്ടിലേയ്ക്ക് പോയ യുവാവിന് സർവ്വീസിംഗിലെ അപാകത മൂലം വാഹനം ഓട്ടത്തിനിടയിൽ ടയർ ജാമായതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്ക്. ചെത്തിമറ്റം ഇടപ്പറമ്പിൽ തൊമ്മൻ ജോസിനാണ് പരിക്ക് പറ്റിയത്. റോയൽ എൻഫീൽഡിൻ്റെ മുത്തോലിയിലെ സർവ്വീസ് സെൻ്ററിൽ സർവ്വീസ് ചെയ്തശേഷം വീട്ടിലേയ്ക്ക് പുറപ്പെട്ട വാഹനം ഒരു കിലോമീറ്റർ പിന്നിടും മുമ്പ് മരിയൻ മെഡിക്കൽ സെൻ്ററിനു സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
പരുക്കേറ്റ തൊമ്മൻ ജോസിനെ പാലാ ചെറുപുഷ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോറൂമിൽ നിന്നും വാഹനം കിട്ടിയപ്പോൾ പിറകിലെ ടയറിനു അപാകത ചൂണ്ടിക്കാട്ടിയപ്പോൾ സാധാരണ സർവ്വീസ് കഴിയുമ്പോൾ ഉണ്ടാകാറുള്ളതാണെന്ന് പറഞ്ഞ് കൊടുത്തു വിടുകയായിരുന്നുവെന്ന് തൊമ്മൻ ജോസ് പറഞ്ഞു. യാത്രയ്ക്കിടയിൽ പൊടുന്നനെ ടയർ ജാമായി ടാർ റോഡിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതേത്തുടർന്നു തൊമ്മൻ ജോസിൻ്റെ ദേഹമാസകലം പരുക്കുപറ്റി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനിയുടെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഹെഡായ തൊമ്മൻ ജോസ് നാളെ പുലർച്ചെ ബിസിനസ് ആവശ്യത്തിനായി സാംബിയായ്ക്ക് പോകാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.