Subscribe Us



ജനതാദള്‍ എസ് സംസ്ഥാന ട്രഷററും എൽ ഡി എഫ് പാലാ മണ്ഡലം മുൻ കൺവീനറുമായ സിബി തോട്ടുപുറം എസ്ഡിപിഐ യിൽ; പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനതാദൾ എസ്

പാലാ: ജനതാദള്‍ സംസ്ഥാന ട്രഷററും എൽ ഡി എഫ് പാലാ മണ്ഡലം മുൻ കൺവീനറുമായ സിബി തോട്ടുപുറം എസ്ഡിപിഐ യിൽ ചേർന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനതാദൾ എസ് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് എം എൽ എ അറിയിച്ചു.
1990 മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ദീര്‍ഘകാലം ജനതാദളിന്റെ സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് സിബി തോട്ടുപുറം. 

ഈരാറ്റുപേട്ടയില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവിയില്‍ നിന്നും സിബി തോട്ടുപുറം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
 വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സിബി തോട്ടുപുറം ജനതാദള്‍ നെ പ്രതിനിധീകരിച്ച് 25 വര്‍ഷമായി പാലായിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നു.

പാലാ സ്വദേശിയായ സിബി തോട്ടുപുറം ഹണീ ബീ, മാന്നാര്‍ മത്തായി II, കാര്‍ബണ്‍, ഒരു യാത്രയില്‍, തുടങ്ങി ഒട്ടനവധി സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ്. 

മൂന്നര പതിറ്റാണ്ടായ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് എസ്ഡിപിഐ എന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സിബി തോട്ടുപുറം പറഞ്ഞു. ജനതാദളിലെ ചില നേതാക്കളുടെ നയങ്ങളാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് സിബി തോട്ടുപുറം 'പാലാ ടൈംസി'നോട് പറഞ്ഞു. 

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ജോര്‍ജ് മുണ്ടക്കയം, വിഎം ഫൈസല്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സിഐ മുഹമ്മദ് സിയാദ്, അലോഷ്യസ് കൊള്ളാന്നൂര്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചു.

Post a Comment

0 Comments