പാലാ: സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്. പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ടെസി തോമസ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇന്ത്യയുടെ മിസൈൽ വനിതയായ ഡോ.ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. ശാസ്ത്രത്തിൽ ലിംഗ വ്യത്യാസമില്ലെന്നും പ്രതിബദ്ധതയും കഠിനാധ്വാനവും കാര്യപ്രാപ്തിയും ഉണ്ടെങ്കിൽ വനിതകൾക്ക് ശാസ്ത്രരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്നും ഡോ. ടെസി തോമസ് പറഞ്ഞു. പുതിയകാലത്തെ വിദ്യാർത്ഥിനികൾക്ക് വിവരസാങ്കേതികവിദ്യയുടെ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, രസതന്ത്ര വിഭാഗം മേധാവി ഡോ. സിസ്റ്റർ ജില്ലി ജെയിംസ്, വിമൻ സെൽ കോ ഓർഡിനേറ്റർമാരായ മിസ് സ്മിതാ ക്ലാരി ജോസഫ്,മിസ് പൊന്നു കെ അൽഫോൻസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ എസ് എസ് സംസ്ഥാന തലത്തിൽ മികച്ച പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ സിമിമോൾ സെബാസ്റ്റ്യൻ, പോർട്ടബിൾ ഓഡിയോ ഡിവൈസ് രൂപകല്പനയ്ക്ക് കേന്ദ്രസർക്കാർ പേറ്റൻ്റ് നേടിയ ഡോ. റോസ്മേരി ഫിലിപ്പ്, സർവ്വീസിൽ നിന്നു വിരമിക്കുന്ന ഡോ. സിസ്റ്റർ ജില്ലി ജെയിംസ് , ഡോ മറിയമ്മ മാത്യു എന്നിവരെയും ദേശീയതലത്തിൽ മികവു തെളിയിച്ച കായിക താരങ്ങളായ റിമ റൊണാൾഡ്, ടിൽന ടോമി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വിമൻ സെല്ലിൻ്റെ കയ്യെഴുത്തുപ്രതിയായ തേജസ്വിനി, സയൻസ് മാസിക സൈ വോം ലോറെ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.