Subscribe Us



ഓര്‍മ്മകളിലെ പ്രൊഫ കെ കെ എബ്രാഹം: ഡോ. സെബാസ്റ്റ്യന്‍ നരിവേലി

ഒരു വ്യാഴവട്ടക്കാലം മുമ്പ് മൺമറഞ്ഞ പ്രൊഫ കെ  കെ എബ്രാഹമിനെ അദ്ദേഹത്തിൻ്റെ ശിഷ്യന്‍, സഹപ്രവര്‍ത്തകന്‍, പിന്‍ഗാമി എന്നീ നിലകളിൽ വിശേഷിപ്പാക്കാവുന്ന ഡോ സെബാസ്റ്റ്യൻ നരിവേലി അനുസ്മരിക്കുന്നു.

ഒരു വ്യാഴവട്ടം മുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പ്രൊഫ. കെ.കെ. എബ്രാഹവുമായി അഞ്ചുപതിറ്റാണ്ട് ദീര്‍ഘമായ ഒരു ത്രിതല ബന്ധമാണെനിക്കുണ്ടായിരുന്നത് - ശിഷ്യന്‍, സഹപ്രവര്‍ത്തകന്‍, പിന്‍ഗാമി. ഒറ്റവാക്കിലൊതുക്കിയാല്‍, ആരാധകന്‍. അദ്ദേഹത്തിന്റെ നിര്യാണം വിവിധ മേഖലകളിലുളവാക്കിയ നഷ്ടം അപരിഹാര്യമെന്നു ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് പാലായില്‍, പൊതുരംഗത്ത് അരനൂറ്റാണ്ടിലേറെ പ്രശോഭിച്ച ധനമന്ത്രി കെ.എം. മാണിസാറിനു തൊട്ടുതാഴെ രണ്ടാമന്‍ സ്ഥാനത്തു നില്‍ക്കവേ.

ഇംഗ്ലീഷിലും മലയാളത്തിലും പ്രൗഢഗംഭീര ശബ്ദത്തോടെ പ്രസംഗിക്കുവാനുള്ള വൈഭവം കെ.കെ. എബ്രാഹമിന് ദൈവം സമൃദ്ധിയായി നല്‍കിയിരുന്നു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സില്‍ നിന്ന് കെമിസ്ട്രി ബി.എസ്സി.യെ തുടര്‍ന്ന് കോഴിക്കോട് ദേവഗിരി കോളേജില്‍ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും യൂണിയന്‍ ചെയര്‍മാനുമായിരിക്കെ യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലില്‍ ഇംഗ്ലീഷ്, മലയാള പ്രസംഗ മത്സരങ്ങളില്‍ നേടിയ ഒന്നാം സ്ഥാനം അദ്ദേഹത്തിന് അന്യാദൃശമായ ആത്മവിശ്വാസമാണ് സമ്മാനിച്ചിരുന്നത്.

1967 ജനുവരി ഒടുവില്‍ സെന്റ് തോമസില്‍ നടത്തപ്പെട്ട സപ്തദിന ആര്‍ട്സ് ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരായി പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കുരീത്തടം നിയോഗിച്ചത് പ്രൊഫ. എ.വി. വര്‍ക്കിയെയും കെ.കെ. എബ്രാഹമിനെയുമായിരുന്നു. സത്യന്‍, പ്രേംനസീര്‍, എസ്. ജാനകി, പി.ബി. ശ്രീനിവാസ്, യേശുദാസ്, മുഹമ്മദ് റാഫി, മദ്രാസ് സിസ്റ്റേഴ്സ്, കലാനിലയം നാടകട്രൂപ്പ് തുടങ്ങിയ അതിപ്രശസ്തര്‍ അരങ്ങുതകര്‍ത്താടിയ ആ അവിസ്മരണീയ സന്ധ്യകള്‍ എബ്രാഹം സാറിന്റെ സംഘാടക മികവിന്റെയും നേതൃപാടവത്തിന്റെയും പരസ്യ പ്രഘോഷണങ്ങളായിരുന്നു. അങ്ങനെയാണ് വ്യവസായ പ്രമുഖനായിരുന്ന ജോസഫ് മൈക്കിള്‍ മണര്‍കാട്ട് (മണര്‍കാട്ട് പാപ്പന്‍) അദ്ദേഹത്തില്‍ ആകൃഷ്ടനായതും പ്രശസ്തമായ മണര്‍കാട്ട് ട്രോഫിക്കുള്ള അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ റണ്ണിംഗ് കമന്ററിക്കായി ക്ഷണിച്ചതും. ആ ഉഗ്രോജ്ജ്വല പ്രോദ്ഘോഷണത്തിന്റെ കൂടെ ഉത്തേജനത്തിലാണ് ജിമ്മി ജോര്‍ജ്ജ്, ജോസ് ജോര്‍ജ്ജ്, ഗോപിനാഥ്, ജോര്‍ജ്ജ് മാത്യു, സോജന്‍, പി.ജെ. ജോസ് തുടങ്ങിയവരുള്‍പ്പെട്ട പാലാ സെന്റ് തോമസ് കോളേജ് ടീം, ഇന്ത്യയിലെ ഏറ്റം മികച്ച വോളിബോള്‍ ടീമെന്ന് സ്ഥാനമുറപ്പിച്ച യു.പി പോലീസിനെ 1972-ലെ അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ മുട്ടുകുത്തിച്ച് മണര്‍കാട്ട് ട്രോഫിയില്‍ മുത്തമിട്ടത്. ആ വേറിട്ട സ്‌റ്റൈലിന്റെയും ശബ്ദഗാംഭീര്യത്തിന്റെയും അനുരണനം രാജധാനി വരെ എത്തിയെന്ന് ഞങ്ങളറിഞ്ഞത് നെഹൃട്രോഫി വള്ളംകളി, ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങിയവയുടെ റണ്ണിംഗ് കമന്ററിക്കായി ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്ന് തുടരെ ക്ഷണങ്ങള്‍ കിട്ടിയപ്പോഴാണ്.

ജോസഫ് മൈക്കിളുമായുള്ള സൗഹാര്‍ദ്ദം അറക്കുളംകാരന്‍ അബ്രാഹത്തിന് പാലായിലെ പൊതുരംഗത്തേക്കും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്കുമുള്ള വാതായനങ്ങളായി. ഏതു സദസിലായാലും ശ്രദ്ധേയമായ ഒന്നു രണ്ട് ആശയങ്ങള്‍ അവതരിപ്പിച്ച് തന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കാനുള്ള വ്യതിരിക്തത കോണ്‍ഗ്രസിലെത്തി അധികം വൈകാതെ അദ്ദേഹത്തെ മുഖ്യമന്ത്രി കരുണാകരന്റെ ഇഷ്ടവാനാക്കി. മുഖ്യമന്ത്രി ആയിരിക്കെ ശ്രീ. കരുണാകരന്‍ പാലാ ഭാഗത്തു ആതിഥ്യം സ്വീകരിച്ചിട്ടുള്ള ഏകഭവനം അബ്രാഹം സാറിന്റേതായിരുന്നു. ക്രമേണ, കോട്ടയം ജില്ലയില്‍ കരുണാകരന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ഡി.ഐ.സി. എന്ന പാര്‍ട്ടി രൂപീകരിച്ച് കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നപ്പോഴും അദ്ദേഹം വിശ്വസ്തനായി കൂടെ നിന്നു. ലീഡര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന് ശ്വാസം വീണ്ടെടുക്കാനായത്.

സെന്റ് തോമസില്‍ ഇംഗ്ലീഷ് എം.എ.യുടെ, വി.എ. മാത്യുവും വി.ഓ. ചുമ്മാരും റോസലിന്‍ഡ് ചെറിയാനും ജോസഫ് മണ്ണൂപ്പറമ്പനും ഞാനുമൊക്കെ ഉള്‍പ്പെട്ട 15 പേരടങ്ങിയ ആദ്യബാച്ച് 1965-ല്‍ ആരംഭിച്ചപ്പോള്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ആയി ഫാ. കുരീത്തടം കണ്ടെത്തിയത് പ്രഗല്‍ഭ ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ. എ. ശിവരാമസുബ്രമണ്യ അയ്യരെ ആയിരുന്നു. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, മുന്‍ഗവര്‍ണര്‍ പ്രൊഫ. കെ.എം. ചാണ്ടി, മുന്‍വൈസ് ചാന്‍സലര്‍ ഡോ. ഹബീബ് മുഹമ്മദ് തുടങ്ങിയ വന്‍കിട ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1935-ല്‍ പിഎച്ച്.ഡി. നേടിയ ഡോ. എ.എസ്. അയ്യര്‍. അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം എം.എ. ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ പലപ്പോഴും സംയുക്തമായിട്ടാണ് നടത്തിയിരുന്നത്. ജൂനിയര്‍ ബാച്ചില്‍പെട്ട ഫിലോമിന കുര്യന്‍, എബ്രാഹം സാറിന്റെ സഹോദരി എന്ന നിലയില്‍ ഏറെ 'ഷൈന്‍' ചെയ്തിരുന്നു. പില്ക്കാലത്ത് ദീപിക എക്സിക്യൂട്ടീവ് എഡിറ്റര്‍ അലക്സ് സാമിന്റെ സഹധര്‍മ്മിണി ആയ ഫിലോമിന, തൃശ്ശൂര്‍ വിമലാ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായി റിട്ടയര്‍ ചെയ്തു.

1967 ജൂലൈ 11 ന് എം.സി. അലക്‌സാണ്ടറും ഞാനും പ്രിന്‍സിപ്പല്‍ കുരീത്തടത്തിലച്ചന്റെ 'ഓര്‍ഡര്‍' അനുസരിച്ച് സെന്റ് തോമസ് കോളേജില്‍ ലക്ചററായി ചേര്‍ന്നു. അന്നെനിക്ക് പ്രായം 18. ആ ഒറ്റക്കാരണത്താല്‍ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എന്നോട് ഒരു പ്രത്യേക മനോഭാവമാണുണ്ടായിരുന്നത്. അധ്യാപനത്തിന്റെ ആദ്യനാളുകളില്‍ പ്രോത്സാഹനത്തിന്റെ പോഷണം നല്‍കിയ എബ്രാഹം സാറിനെ എനിക്ക് എങ്ങനെ മറക്കാനാവും?

അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന പ്രത്യേക മമതയ്ക്ക് 'ദീപിക' ദിനപത്രവുമായി ഞങ്ങള്‍ ഇരുവര്‍ക്കുമുണ്ടായിരുന്ന വൈകാരിക ബന്ധവും കാരണമായി. കെ.കെ.യുടെ പിതൃസഹോദരന്‍ റവ. ഫാ. കൊളംബിയര്‍ കയത്തിന്‍കര മാനേജിംഗ് എഡിറ്ററും, ഒപ്പം, എന്റെ പിതൃസഹോദര പുത്രന്‍ റവ. ഡോ. വിക്ടര്‍ നരിവേലി ചീഫ് എഡിറ്ററുമായിരുന്ന കാലഘട്ടം ദീപികയുടെ സുവര്‍ണ്ണദശയായി വിശേഷിക്കപ്പെട്ടിരുന്നു. 1970-90 കാലയളവില്‍ സെന്റ് തോമസിലെ ക്യാമ്പസ് ക്രിട്ടിക്സിന്റെ വിമര്‍ശന ശരങ്ങളില്‍ നിന്ന് ദീപികയെ സംരക്ഷിക്കേണ്ട ദൗത്യം ഞങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ഏതാണ്ട് ഒരേ ചുമതലാബോധത്തോടെയാണ്.

പ്രൊഫ. സി.സി. ഔസേപ്പിനുശേഷം ഇംഗ്ലീഷ് വകുപ്പുമേധാവി ആയിരിക്കെ (1992-95) സഹകരണ-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ തിരക്കുകള്‍ മൂലം കൃത്യസമയത്ത് കോളേജിലെത്താനോ ക്ലാസുകളോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താനോ എബ്രാഹംസാറിനു പലപ്പോഴും കഴിഞ്ഞിരുന്നില്ല. എങ്കിലും അനന്യസാധാരണമായ അവതരണശൈലിയും മികവാര്‍ന്ന ഭാഷാപ്രാവീണ്യവും മൂലം ഏറെ ശ്രവണാനന്ദകരമായിരുന്നു ആ ക്ലാസുകള്‍. ഉള്ളതു കൊണ്ട് ഒരുഗ്രന്‍ ഓണം. തിരക്കേറിയ അന്നാളുകളില്‍ ഡിപ്പാര്‍ട്ടുമെന്റ് ഭരണത്തില്‍ അദ്ദേഹത്തെ സഹായിച്ചത് 'പ്രിന്‍സ് ഓഫ് വെയില്‍സ്' ഡോ. മാത്യു ജോസഫ് മഴുവണ്ണൂരായിരുന്നു. മാത്യു ജോസഫ് സാറിനു ശേഷമായിരുന്നു എച്ച്.ഒ.ഡി. എന്ന നിലയിലെ എന്റെ ഊഴം (1999-2004).
മണര്‍കാട്ട് കുടുംബവുമായി എബ്രാഹം സാറിനുണ്ടായിരുന്ന ആത്മബന്ധം അദ്ദേഹം തലവനായിരിക്കെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന് ഒരിക്കല്‍ വളരെ പ്രയോജനകരമായി. അന്ന് അദ്ദേഹം സംഘടിപ്പിച്ച ഡിപ്പാര്‍ട്ടുമെന്റ് ടൂര്‍ ഏതര്‍ത്ഥത്തിലും വേറിട്ട അനുഭവമായിരുന്നു. വാഗമണ്‍ - തേക്കടി - ശബരിഗിരി പിക്നിക്ക് എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും വാഗമണ്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ ആയിരക്കണക്കിനേക്കര്‍ വ്യാപിച്ചു കിടക്കുന്ന മണര്‍കാട്ട് എസ്റ്റേറ്റുകളിലൂടെയായിരുന്നു മിനിബസ്സിന്റെ സഞ്ചാരം ഏറിയപങ്കും. സായ്പ് നിര്‍മ്മിത എസ്റ്റേറ്റ് ബംഗ്ലാവുകളില്‍ രാജകീയ സ്വീകരണവും സല്‍ക്കാരവുമാണ് ഞങ്ങള്‍ 20 പേരെ വരവേറ്റത്. ഡിപ്പാര്‍ട്ടുമെന്റിലെ സിനിക്കുകള്‍ക്കുപോലും കെ.കെ.യുടെ 'വിലനിലവാരം' അന്ന് ശരിക്കും ബോധ്യപ്പെട്ടു. വിനോദയാത്രകളുടെ ഒരു സവിശേഷത അവ നല്‍കുന്ന അനുഭൂതികള്‍ നൈമിഷികമല്ല, മധുരം കിനിയുന്ന ഓര്‍മ്മകളായി തങ്ങിനില്‍ക്കും എന്നതാണല്ലൊ. Daffodils എന്ന കവിതയില്‍ വില്യം വേഡ്സ്വര്‍ത്ത് എഴുതിയതുപോലെ:

     'For oft when on my couch I lie
     In vacant or in pensive mood
     They flash upon that inward eye
     Which is the bliss of solitude.
          And then my heart with pleasure fills
          And dances with the daffodils.' വളരെ ശരിയാണ്. ആ വാഗമണ്‍-വണ്ടിപ്പെരിയാര്‍ വിനോദയാത്രയുടെ മധുരസ്മരണകള്‍ ഏകാന്തതകളുടെ വരദാനമായി ഞങ്ങളുടെ അകകണ്ണുകള്‍ക്ക് മുമ്പില്‍ ഇന്നും മിന്നിത്തിളങ്ങാറുണ്ട്.

2000-ല്‍ പ്രൊഫ. കെ.എം. ചാണ്ടി സ്മാരക പ്രഭാഷണപരമ്പര സെന്റ് തോമസില്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ എബ്രാഹം സാറിന്റെ സഹായ സഹകരണങ്ങളായിരുന്നു ഞാന്‍ ആദ്യം തേടിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രഗത്ഭവ്യക്തികളെ മുഖ്യാതിഥികളായി ഓരോ വര്‍ഷവും കൊണ്ടുവന്നുകൊള്ളാമെന്ന് അദ്ദേഹം ഉറപ്പുതന്നു. ശ്രീ. ഉമ്മന്‍ചാണ്ടി, ശ്രീ. എം.എം. ജേക്കബ്, ശ്രീ. വി.എം. സുധീരന്‍ തുടങ്ങിയവര്‍ കെ.എം. ചാണ്ടി അനുസ്മരണ പ്രഭാഷണങ്ങള്‍ക്കായി സെന്റ് തോമസില്‍ എത്തിയത് അങ്ങനെയാണ്.

നല്ലൊരു നര്‍മ്മബോധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. തോമസ് കാര്‍ലൈലിന്റെ 'ഹീറോ ആസ് പോയറ്റ്' പഠിപ്പിക്കവേ, 'ഹീറോ ആസ് പ്രോഫറ്റ്', 'ഹീറോ ആസ് മാന്‍ ഓഫ് ലെറ്റേഴ്‌സ്' തുടങ്ങിയ ഇതര കൃതികളും പ്രയോജനകരമാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചപ്പോള്‍ ''ഹീറോ ആസ് ഫൗണ്ടന്‍പെന്‍ ആണേറ്റം യൂസ്ഫുള്‍'' എന്ന് കാച്ചിയ ജോര്‍ജ്ജ് ചെറിയാനൊപ്പം സാറും പൊട്ടിച്ചിരിച്ച് ആ ഭാവനയെ അഭിനന്ദിച്ചു. 50-60 വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികളുടെ ഒരു ആഡംബരമായിരുന്നു ജാപ്പനീസ് നിര്‍മ്മിത 'ഹീറോ' പേനാ. സ്വന്തം ഗുരുനാഥരായിരുന്ന പ്രൊഫ. സി.എ. ഷെപ്പേഡ്, കെ.എം. ചാണ്ടി, ഫാ. ജോണ്‍ മറ്റം, ഫാ. എന്‍.എം. തോമസ് തുടങ്ങിയവരെ മിമിക് ചെയ്യുകയായിരുന്നു അദ്ദേഹത്തിനിഷ്ടപ്പെട്ട മറ്റൊരു വിനോദം.

കോളേജ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോടെ, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ മൂലമുണ്ടായ വിദേശപര്യടനങ്ങള്‍ ഉള്‍പ്പെടെ ജോലിത്തിരക്ക് ദ്വിഗുണീഭവിച്ചെങ്കിലും ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ചിരുന്ന പരിപാടികളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. വൈകിയേ എത്തൂ എന്നുമാത്രം. മറ്റുള്ളവരെക്കാള്‍ വിഭിന്ന ഭ്രമണപഥത്തിലായിരുന്നു അദ്ദേഹത്തിന്റെ വ്യാപാര-വ്യവഹാരങ്ങള്‍ എന്നതിനാല്‍ ഞങ്ങള്‍ ആര്‍ക്കും ആ വൈകലില്‍ മുഷിച്ചില്‍ തോന്നിയിരുന്നില്ല. പോണ്ടിച്ചേരിയിലും ഗുജറാത്തിലും തുടര്‍ന്ന് മധ്യപ്രദേശിലും ഗവര്‍ണറായിരിക്കെ പ്രൊഫ. കെ.എം. ചാണ്ടി നാട്ടില്‍ വരുമ്പോഴൊക്കെ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചാണ്ടിസാറുണ്ടെങ്കില്‍ കെ.കെ. വേണ്ടത്ര നേരത്തെ എത്തും. തന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും ഭാവിപിന്‍ഗാമിയുമായ കെ.കെ. എബ്രാഹമിനോട് ചാണ്ടിസാറിന് ഒരു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ, വിശേഷിച്ച് കരുണാകരന്‍ ഗ്രൂപ്പിലെ, രണ്ടുപേരുടെയും ഉന്നതസ്ഥാനം ആ ബന്ധം കൂടുതല്‍ ദൃഢതരമാക്കി.

പ്രൊഫ. കെ.എം. ചാണ്ടി ഒരിക്കല്‍ അലങ്കരിച്ച പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഏറ്റം ശോഭിച്ച വ്യക്തി പ്രൊഫ. കെ.കെ. എബ്രാഹമാണ്. ബിസിനസ് രംഗത്ത് വൈവിധ്യവല്‍ക്കരണം, പുതിയ ഫാക്ടറികള്‍, സുലഭ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ഹൈവേ ഉദ്യാനവല്‍ക്കരണം, ഒപ്പം നൂറുകണക്കിന് സംതൃപ്തരായ ജീവനക്കാര്‍ - അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി അമ്പരപ്പിക്കുന്ന കുതിപ്പിന് സാക്ഷ്യം വഹിച്ചു. എബ്രാഹംസാര്‍ രോഗബാധിതനായതോടെ സൊസൈറ്റി കുതിപ്പില്‍ നിന്ന് കിതപ്പിലേക്ക് നീങ്ങി. കൂനിന്‍മേല്‍ കുരു എന്നപോലെ 250 രൂപയില്‍ നിന്ന് 140-ലേയ്ക്കുള്ള റബ്ബര്‍വിലയുടെ മുതലക്കൂപ്പും. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പാലായും മാര്‍ക്കറ്റിംഗ് സൊസൈറ്റിയും ഇന്ന് ശരിക്ക് അറിയുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഹ്യൂമാനിറ്റീസ് വിഭാഗം മേധാവിയായി നിയമിതനായ ആദ്യവര്‍ഷം ഫാക്കല്‍റ്റി ട്രെയ്നിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ ക്ഷണിച്ചത് ബഹുമുഖപ്രതിഭയായ പ്രൊഫ. കെ.കെ. എബ്രാഹമിനെയായിരുന്നു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ അത്ര വ്യുല്‍പത്തിയില്ലല്ലോ എന്നായിരുന്നു ആദ്യ പ്രതികരണം. ഉദ്ഘാടന പ്രസംഗത്തിനെന്ത് ശാസ്‌ത്രേങ്കിതം? എന്ന എന്റെ മറുപടി അദ്ദേഹത്തിനിഷ്ടപ്പെട്ടു. അമല്‍ജ്യോതി ഇന്നും ഓര്‍മ്മയുടെ പച്ചപ്പട്ടില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു സ്‌റ്റൈലന്‍ പ്രസംഗമായിരുന്നു അദ്ദേഹം സമ്മാനിച്ചത്.

ഞാനേറെ ആദരിച്ചിരുന്ന എബ്രാഹംസാറിനെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട വിക്ടോറിയന്‍ ലിറ്ററേച്ചറിലെ ഒരു ഈരടി ഓര്‍മ്മയിലെത്തുന്നു.

 'In thought a constant memory,
  In heart, a silent tear.' 
    - Tennyson

Post a Comment

0 Comments