Subscribe Us



തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍(എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി പാലാ മണ്ഡലത്തിലെ മുതിർന്ന പൗരൻ നൂറ്റിമൂന്ന് വയസ് പിന്നിട്ട ഔസേപ്പച്ചൻ മൂലയിൽ തോട്ടത്തലിന് എന്യുമറേഷന്‍ ഫോം നല്‍കി

പാലാ: പാലാ നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടിക എസ് ഐ ആറിൻ്റെ എന്യുമറേഷൻ ഫോറം നൽകി. 103 വയസ് പിന്നിട്ട കുറുമണ്ണ് ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചനാണ് ബി എൽ ഒ വിനി കെ വി ഫോറം കൈമാറിയത്. ആവേശപൂർവ്വമാണ് ഔസേപ്പച്ചൻ ഫോറം ഏറ്റുവാങ്ങിയത്.

കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയരംഗത്തും സജീവമായിരുന്നു ഔസേപ്പച്ചൻ. സ്വാതന്ത്ര്യത്തിനു മുമ്പ് രൂപീകരിക്കപ്പെട്ട നികുതിദായക സംഘത്തിലും സജീവമായിരുന്നു. സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി പാലായിൽ സംഘടിപ്പിക്കപ്പെട്ട സമരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിനെത്തുടർന്നു ഔസേപ്പച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസിൽ പ്രവർത്തിച്ചു.

വർഷങ്ങൾ ശേഷം കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. തുടർന്ന് വർഷങ്ങളോളം കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചു.പാലാ  മൂന്നാനി വാർഡിൽ 25 വർഷത്തോളം കേരളാ കോൺഗ്രസിൻ്റെ വാർഡു പ്രസിഡൻ്റായി. നഗരസഭാ കൗൺസിലർ സ്ഥാനത്തേയ്ക്കു മത്സരിക്കാൻ ലഭിച്ച അവസരം നിരസിച്ചു. പിന്നീട് മൂന്നാനിയിൽ നിന്നും ഇഞ്ചികാവിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെയും പൊതു രംഗത്ത് സജീവമായിരുന്നു. പ്രായാധിക്യത്തെത്തുടർന്നു വിശ്രമജീവിതം നയിക്കുന്ന ഔസേപ്പച്ചൻ പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രനാണ്. 

കടനാട് വില്ലേജ് ഓഫീസർ ആൻസൺ മാത്യുവും സന്നിഹിതനായിരുന്നു.

Post a Comment

0 Comments