Subscribe Us



പാലായിൽ പന്നിക്കറി വില്പന നിലയ്ക്കുന്നു?

എക്സ്ക്ലൂസീവ് വാർത്ത

പാലാ: പാലാക്കാരുടെ ദേശീയ ഭക്ഷണമെന്ന നിലയിൽ അറിയപ്പെടുന്ന ഒന്നാണ് പന്നിക്കറി. പാലാക്കാരുടെ എല്ലാ ആഘോഷങ്ങളിലും പന്നിക്കറിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. 

എന്നാൽ പാലായിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിൽ ഇപ്പോൾ പന്നി ഇറച്ചി വിഭവങ്ങൾ ലഭിക്കുന്നത് വളരെ കുറവായി. പലയിടത്തും നേരത്തെ കൂടുതൽ അളവ് മുൻകൂർ ഓർഡർ ചെയ്താൽ മാത്രമേ ലഭിക്കൂ എന്നതാണ് അവസ്ഥ.

ഏതാനും ആഴ്ച മുമ്പ് പാലായിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണവേസ്റ്റ് എടുക്കുന്ന ഒരു വിഭാഗം ആളുകൾ പന്നിമാംസം വില്പന നടത്തുന്നുണ്ടെങ്കിൽ വേസ്റ്റ് എടുക്കുകയില്ലെന്നു പറഞ്ഞതായി ഒരു ഹോട്ടൽ ഉടമ പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണവേസ്റ്റ് ദിനംപ്രതി എടുത്തു കൊള്ളാമെന്ന് നഗരസഭയിൽ സത്യവാങ്മൂലം നൽകിയ വ്യാപാരികളാണ് പൊടുന്നനെ പന്നിമാംസം വില്ക്കുന്ന കടകളിൽ നിന്നും ഭക്ഷണ വേസ്റ്റ് എടുക്കില്ലെന്നു പ്രഖ്യാപിച്ചത്.  ഇതോടെ പ്രതിസന്ധിയിലായ വിലക്കു നേരിട്ട ഹോട്ടലുടമകൾ പന്നിക്കറി ഒഴിവാക്കാൻ നിർബ്ബന്ധിതരാകുകയായിരുന്നു. 

പന്നിമാംസ ഭക്ഷണ വേസ്റ്റ് നൽകുന്ന പന്നികൾക്കു അസുഖമുണ്ടാകുന്നുവെന്ന പ്രചാരണമാണ് ഇക്കൂട്ടർ ഹോട്ടലുകാരോട് പറഞ്ഞിരിക്കുന്നതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു ഹോട്ടലുടമ 'പാലാടൈംസി'നോട് പറഞ്ഞു. അതേ സമയം ഇക്കാലമത്രയും ഇവ പന്നികളെ ബാധിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല. പന്നിമാംസഭക്ഷണവേസ്റ്റ് മാറ്റി വച്ചശേഷം മറ്റുള്ളവ എടുക്കാനുള്ള നിർദ്ദേശവും ഹോട്ടലുകാർക്കു ഇക്കൂട്ടർ നൽകിയിട്ടില്ല. പന്നികൾക്കു വേസ്റ്റ് നൽകുമ്പോൾ അസുഖം വരുന്നതായി ആരോഗ്യവകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ചതായും നടപടി എടുത്തതായും അറിയാൻ കഴിഞ്ഞിട്ടില്ല. ചില കൂട്ടർ പന്നിമാംസഭക്ഷണവേസ്റ്റ് ഉള്ളതിനാൽ വേസ്റ്റ് എടുക്കാതായതോടെ ചിലയിടങ്ങളിൽ മറ്റുചിലർ അവ ഒഴിവാക്കി വേസ്റ്റ് തരണമെന്ന് ചില ഹോട്ടലുടമകളോട് പറഞ്ഞിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. 

പാലായിലും പരിസര പ്രദേശങ്ങളിലും മിക്ക ഹോട്ടലുകളിലും ലൈനിൽ പന്നിമാംസക്കറി ഇപ്പോൾ കിട്ടാക്കനിയായി. പന്നിമാംസത്തിൻ്റെ വില വർധനവ് ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാർ ആവശ്യക്കാരെ അനുനയിപ്പിക്കുന്നത്. പന്നിമാംസത്തിൻ്റെ വില പാലായിൽ നാനൂറായിട്ടുണ്ട്. ഇതാണ് ഇപ്പോൾ കച്ചവടക്കാരുടെ തുറുപ്പ് ചീട്ട്. എന്നാൽ പോത്തിന് നാനൂറ്റിനാൽപ്പതും മീനിനു അതിൽ കൂടുതലും വിലയായിട്ടും കച്ചവടം നടക്കുന്നുണ്ട്.  

Post a Comment

0 Comments