Subscribe Us



നേതൃപാടവവും സംശുദ്ധിയും കൈമുതലാക്കിയ ലൈസമ്മ പുളിങ്കാട് ഭരണങ്ങാനം ഡിവിഷനിൽ ശ്രദ്ധേയയാകുന്നു

പാലാ: സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം അത്രയെളുപ്പമല്ല. എന്നാൽ കുടക്കച്ചിറക്കാരുടെ ബെന്നിസാറെന്നാൽ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കാവലാളാണ്. ബെന്നിസാറെന്നു പറഞ്ഞാൽ മറ്റുള്ളവർക്കു അത്ര പെട്ടെന്ന് മനസിലാകില്ലെങ്കിലും ജോർജ് പുളിങ്കാടെന്നു പറഞ്ഞാൽ പാലാക്കാർക്കു സുപരിചിതനാണ്. 
ആദർശ രാഷ്ട്രീയത്തിൻ്റെ വക്താവായ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിൻ്റെ ഉറ്റ അനുയായി ആയ ജോർജ് പുളിങ്കാടിൻ്റെ രാഷ്ട്രീയത്തിനു ഖദറിൻ്റെ ശുദ്ധിയും വെൺമയുമുണ്ടെന്നു പാലാക്കാർ സാക്ഷ്യപ്പെടുത്തും. അതു കൊണ്ടു തന്നെയാണ് എതിർ രാഷ്ട്രീയക്കാരുടെ തട്ടകമായ കുടക്കച്ചിറയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സഹകരണ ബാങ്കിലും അനായാസം വിജയിച്ചു കയറാൻ പുളിങ്കാട് സാറിനാകുന്നത്. ഒപ്പം നേതൃപാടവവും. 
'മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾപോലെ തന്നെയാണ് പുളിങ്കാട് സാറിൻ്റെ ഭാര്യ ലൈസമ്മ തോമസ് എന്ന ലൈസമ്മ പുളിങ്കാട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി വരുമ്പോൾ പൊതുരംഗത്തിന് മുതൽകൂട്ടാവുകയാണ്. പുളിങ്കാട് സാറിനു പിന്നാലെ കുടക്കച്ചിറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപികയാകുകയും അവിടെ നിന്നു വിരമിക്കുകയും ചെയ്തു. ചെറുപ്പം മുതലേ നേതൃപാടവം ലൈസമ്മയ്ക്ക് മുതൽക്കൂട്ടായിരുന്നു. പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറായി നേതൃനിരയിലേയ്ക്ക് ഉയർന്നു വന്നു. പിന്നീട് വാകക്കാട്ട് അൽഫോൻസാ ഹൈസ്കൂളിൽ സ്കൂൾ ലീഡറായി. പഠനത്തിലും കലാരംഗത്തും ശോഭിച്ച ലൈസമ്മ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വനിതാ പ്രതിനിധിയായി. ഡി സി എൽ, കെ സി എസ് എൽ തുടങ്ങിയ സംഘടനകളിലൂടെ വളർത്തിയെടുത്ത നേതൃത്വവാസന മാതൃവേദി, എ കെ സി സി തുടങ്ങിയ സംഘടനകളിലൂടെ ഇപ്പോഴും തുടരുന്നു. 
ഇംഗ്ലീഷിലും സോഷ്യോളജിയിലുമായി ഡബിൾ എം എ ബിരുദധാരിയായ ലൈസമ്മ ടീച്ചറിന് പാലാ സെൻ്റ് തോമസ്, പാലാ സെൻ്റ് മേരീസ്, കുടക്കച്ചിറ സെൻ്റ് ജോസഫ് സ്കൂളുകളിലായി വലിയ ശിഷ്യ സമ്പത്തുണ്ട്. പാലാ കോർപ്പറേറ്റ് ഏജൻസിയുടെ ബെസ്റ്റ് ടീച്ചർ അവാർഡ് പല തവണ ടീച്ചറിനെതേടിയെത്തിയിട്ടുണ്ട്.
ഊർജ്ജസ്വലതയോടെയുള്ള പ്രവർത്തനങ്ങളും സൗഹാർദ്ദപരമായ ഇടപെടലുകളും കറകളഞ്ഞ വ്യക്തിത്വവും രാഷ്ട്രീയ രംഗത്ത് മുന്നേറാൻ ലൈസമ്മ ടീച്ചറിന് കരുത്തേകുന്നുണ്ട്.

Post a Comment

0 Comments