പാലാ: പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ്. പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ്.
കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ യു ഡി എഫ് വാർഡു കമ്മിറ്റി തീരുമാനമെടുത്തിരുന്നു. അവരുടെ അനുമതിയ്ക്കായി യു ഡി എഫ് കാത്തിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിക്കാൻ വൈകിയതോടെ മുൻ കൗൺസിലർ ടോണി തോട്ടത്തിൻ്റെ ഭാര്യയ്ക്കു നറുക്കു വീഴുകയായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയാകാൻ നിശ്ചയിച്ചിരുന്നയാൾ പിന്നീട് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുകയും ചെയ്തു. എക്കാലത്തെയും കേരളാ കോൺഗ്രസി(എം)ൻ്റെ കോട്ടയായ വാർഡിൽ ഇടതുപക്ഷ വോട്ടുകൾ കൂടി സമാഹരിക്കുമ്പോൾ ഇടതു സ്ഥാനാർത്ഥി അനായാസം ജയിച്ചു കയറുമെന്ന ഉറച്ച പ്രതീക്ഷ ഇടതു കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഒന്നാം വാർഡ് മുതൽ എൽ ഡി എഫ് പടയോട്ടമാണ് കാണാൻ കഴിഞ്ഞത്. സിജിയുടെ വാർഡ് എത്തിയപ്പോൾ എക്കാലത്തെയും കേരളാ കോൺഗ്രസ് കോട്ട പാടെ തകർത്തുകൊണ്ട് സിജി വെന്നിക്കൊടി പാറിച്ചത് ഇടതുകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
മുൻഗാമികളെ പോലെ സദാ കൗൺസിലർ ആയി തുടരുമെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് കൃത്യമായ ഇടപെടലുകളിലൂടെ പാലാ നഗരസഭാ കൗൺസിലിൽ സിജി ടോണി ശ്രദ്ധാകേന്ദ്രമാകുന്ന കാഴ്ചയാണ് പിന്നെ കാണാൻ കഴിഞ്ഞത്. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അസാമാന്യ മികവ് കാണിക്കാൻ കഴിഞ്ഞതോടെ ഭരണപക്ഷത്തിൻ്റെ നോട്ടപ്പുള്ളിയായി മാറി. കൗൺസിൽ യോഗങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരി കണക്കെ നൽകുന്ന മറുപടി സ്മാഷുകളിലൂടെ എതിരാളികളെ പിടിച്ചുലയ്ക്കുന്ന കാഴ്ചകൾക്കും നിരവധി തവണ പാലാ നഗരസഭാ കൗൺസിൽ വേദിയായി. വാർഡിൻ്റെ ആവശ്യത്തിനായി പല്ലും നഖവും ഉപയോഗിച്ചു പുലിക്കുട്ടിയുടെ ശൗര്യത്തോടെ കൗൺസിലിൽ പോരാടി. 2022 ജനുവരി 24 ന് കൊച്ചിടപ്പാടി വാർഡിൽ വഴിവിളക്കുകൾ കത്തിക്കാൻ അലംഭാവം കാണിക്കുന്നതിനെതിരെ നഗരസഭാ ചെയർമാൻ്റെ ഓഫീസ് പടിക്കൽ മുട്ടിൻമേൽ നിന്ന് മെഴുകുതിരി കത്തിച്ചു നടത്തിയ ഉണർത്തു സമരം ചരിത്രത്തിൻ്റെ ഭാഗമായി മാറി.
വാർഡിൻ്റെ ഓരോ കാര്യത്തിനും വാർഡിലെ വ്യക്തികളുടെ ആവശ്യത്തിനും രാഷ്ട്രീയത്തിനതീതമായി നിലകൊണ്ടതോടെ രാഷ്ട്രീയ എതിരാളികൾപോലും അംഗീകരിച്ചു. വിളിപ്പുറത്ത് സഹായവുമായി എപ്പോഴും നിലകൊള്ളുന്നുവെന്നതാണ് സിജി ടോണിയുടെ പ്രത്യേകത. അത് പെരുമ്പാമ്പിനെ പിടിക്കാനായാലും കുടുംബ പ്രശ്നങ്ങൾ തീർക്കാനായാലും എന്തിനും ഏതിനും പുട്ടിന് പീരയെന്ന കണക്കെ കൊച്ചിടപ്പാടി വാർഡിൽ സിജി ടോണിയുടെ സാന്നിദ്ധ്യം ഒരു ആവശ്യഘടകമായി മാറി. ഒരു കൗൺസിലർ ഇത്രയേറെ ജനങ്ങളുമായി ഇഴുകി ചേർന്നു പ്രവർത്തിക്കുന്നതിനും കൊച്ചിടപ്പാടി വാർഡ് സാക്ഷിയായി.
ഭരണപക്ഷം നോട്ടപ്പുള്ളിയാക്കിയതോടെ വാർഡ് വികസനത്തിന് ഫണ്ട് കിട്ടുക പ്രതിസന്ധിയിലായി. ഭരണപക്ഷം മുടക്കി എന്നു പറയുന്ന രാഷ്ട്രീയത്തിനൊപ്പം എം എൽ എ ഫണ്ട് അടക്കം നാടാടെ കൊച്ചിടപ്പാടി വാർഡിൽ എത്തിച്ചു വികസനത്തിനു തടസ്സം വരാതെ കാക്കാനും സിജിക്ക് കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. റോഡ് വികസനത്തിന് നാട്ടുകാരും സിജിക്കൊപ്പം നിലകൊണ്ടു. ചെക്ക്ഡാം റോഡ് നാല് വ്യക്തികളിൽ നിന്നും സ്ഥലം സൗജന്യമായി വാങ്ങി ഇരട്ടി വീതി കൂട്ടി വശങ്ങൾ കെട്ടി നവീകരിച്ച് കോൺക്രീറ്റും ടാറിംഗും നടത്തി. തോട്ടത്തിൽ ജംഗ്ഷൻ - ആറ്റുകടവ് ലിങ്ക് റോഡ്, കാപ്റ്റൻ വിക്രം റോഡ്, സേവ്യർ ലൂക്ക റോഡ്, മൂന്നാനി - കവീക്കുന്ന് ലിങ്ക് റോഡ്, മീനാറ റോഡ് എന്നിവ നഗരസഭാ പദ്ധതിയിൽപ്പെടുത്തി ടാറിംഗ് പൂർത്തിയാക്കി. മൂന്നാനി - കൊച്ചിടപ്പാടി ലിങ്ക് ലെയ്ൻ റോഡ് കോൺക്രീറ്റ് ചെയ്തു.
കൊച്ചിടപ്പാടി വാർഡ്
കടന്ന് പോയ 5 വർഷങ്ങൾ -
പുതുതായി നവീകരിച്ച റോഡുകൾ
ചെക്ക്ഡാം റോഡ് നാല് വ്യക്തികളിൽ നിന്നും സൗജന്യമായി സ്ഥലം വാങ്ങി ഇരട്ടിവീതി കൂട്ടി വശങ്ങൾ കെട്ടി നൽകി നവീകരിച്ച് കോൺക്രീറ്റ് & ടാറിംഗ് ചെയ്ത് പോസ്റ്റുകൾ മാറ്റിയിട്ട് മനോഹരമാക്കി.
തോട്ടത്തിൽ Jn - ആറ്റുകടവ് ലിങ്ക് റോഡ്, വിക്രം റോഡ്',സേവ്യർ ലൂക്ക റോഡ്, മൂന്നാനി - കവീക്കുന്ന് ലിങ്ക് റോഡ്,മീനാറ റോഡ് എന്നീ റോഡുകൾ നഗരസഭാ പദ്ധതിയിൽ പെടുത്തി ടാറിംഗ് പൂർത്തിയാക്കി. മൂന്നാനി - കൊച്ചിടപ്പാടി ലിങ്ക് ലെയ്ൻ റീ കോൺക്രീറ്റ് ചെയ്തു.
നടപ്പാക്കിയ ഇതര പ്രൊജക്ടുകൾ
മാണി സി കാപ്പൻ എം എൽ എയുടെ ഫണ്ട് വിനിയോഗിച്ച് (35 ലക്ഷം രൂപ) കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് ടാറിംഗും വശങ്ങളിൽ കോൺക്രീറ്റിംഗും 150 മീറ്റർ നീളത്തിൽ മനോഹരമായ യു ഡ്രൈൻ നിർമ്മാണവും പൂർത്തിയാക്കി. കൂടാതെ യു ഡ്രൈൻ നിർമ്മിച്ച ഭാഗത്തെ റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തത് വഴി റോഡിന് ഇരട്ടിയോളം വീതി ലഭ്യമാവുകയും മനോഹരമാവുകയും ചെയ്തു.
നഗരസഭാ ഫണ്ട് ഉപയോഗിച്ച് (90,000 രൂപ) മുകാലയിൽ ഇടവഴിക്ക് ഹാൻഡ് റെയിൽ നിർമ്മിച്ചു. എല്ലാ വർഷവും നഗരസഭയിൽ നിന്നും ലഭിച്ച മുഴുവൻ ഫണ്ടും വിനിയോഗിക്കാൻ സാധിച്ചു.
മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കാലിത്തൊഴുത്ത്, ആട്ടിൻ കൂട് എന്നിവ അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിച്ച് നൽകി. നഗരസഭ പദ്ധതിയിൽ പെടുത്തി വാർഡിൽ ആട്ടിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.വാർഡിലെ 4 വ്യക്തികൾക്ക് 25,000 രൂപ ചിലവ് വരുന്ന കോഴിക്കൂട് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നൽകി.
ജോസ് കെ മാണി എം പി യുടെ ഫണ്ട് (5 ലക്ഷം) ഉപയോഗിച്ച് പൈകട ഉറുമ്പേൽ റോഡ് പുതുതായി കോൺക്രീറ്റിംഗ് ചെയ്തു. ഈ റോഡിൻ്റെ തുടർ നിർമ്മാണത്തിനായി മാണി സി കാപ്പൻ എം എൽ എ വഴി 6 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
മെയിൻ്റനൻസ് സഹായം നൽകിയ വീടുകൾ
5 ലക്ഷത്തോളം രൂപ വിവിധ കുടുംബങ്ങൾക്കായി അനുവദിച്ച് നൽകി.
ലൈഫ് വീടുകൾ
നമ്മുടെ വാർഡിലെ 9 വ്യക്തികൾക്ക് നൽകാൻ സാധിച്ചു.
ക്ഷേമ പെൻഷൻ/SC ക്ഷേമം /മറ്റ് പദ്ധതി ആനുകൂല്യങ്ങൾ
35 ൽ പരം വ്യക്തികൾക്ക് പുതുതായി ക്ഷേമ പെൻഷൻ വാങ്ങി നൽകി, സജീവമായ തൊഴിലുറപ്പ് പദ്ധതി, ഏറ്റവും മികച്ച കുടുംബ ശ്രീ അവാർഡിന് അർഹമായ പ്രവർത്തനം നയിക്കുന്ന 7 ഗ്രൂപ്പുകൾ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റ്, കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തിക്കുന്ന ബാലസഭ, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന.
മുട്ടക്കോഴി വിതരണം ഉൾപ്പെടെ എല്ലാ നഗരസഭാ പദ്ധതികൾക്കും എല്ലാ വർഷവും ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ കൊച്ചിടപ്പാടിയിൽ നിന്നുമാണ്. 25 ൽ പരം ആളുകൾക്ക് ഡിസെബിലിറ്റി പെൻഷൻ നൽകി വരുന്നു. വാർഡിലെ എസ് സി / എസ് ടി വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും നഗരസഭാ പദ്ധതിയിൽ പെടുത്തി പഠനോപകരണങ്ങൾ, ലാപ് ടോപ്പ്, സാമ്പത്തിക സഹായം, ഭവന നിർമ്മാണ ധനസഹായം എന്നിവ എത്തിച്ച് നൽകി.
ഇതര പ്രവർത്തനങ്ങൾ
നിരന്തര പരിശ്രമ ഫലമായി കൊച്ചിടപ്പാടിയിൽ 100 കെവി യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിപ്പിക്കാൻ സാധിച്ചു. വാർഡിൻ്റെ നടക്കു കൂടി കടന്ന് പോയ 11 കെവി ഡെഡ് ലൈൻ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി അഴിച്ച് മാറ്റിച്ചു. ഇത് വളരെയധികം ആളുകൾക്ക് ആശ്വാസമായി മാറി. പൈകട ഉറുമ്പേൽ, ചെക്ക്ഡാം റോഡുകളിൽ പുതിയ പോസ്റ്റ് ഇട്ട് വഴിവിളക്ക് സ്ഥാപിച്ചു. 25 വർഷമായി ടാറിംഗ് മുടങ്ങിക്കിടന്ന ആസ്തിയിൽ ഇല്ലാതിരുന്ന കൊച്ചിടപ്പാടി പഴയ റോഡ് പേപ്പറുകൾ ശരിയാക്കി പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ടാർ ചെയ്യിച്ചു. പൊതുജന ശല്യമായി നിന്ന ബദാംമരം പൊതുമരാമത്ത് വകുപ്പ് അധികൃതരെക്കൊണ്ട് വെട്ടി മാറ്റിച്ചു. പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകി നിരന്തരം അപകടം ഉണ്ടാകുന്ന മൂന്നാനി ഭാഗത്ത് മെയിൻ റോഡിൽ മൂന്നിടങ്ങളിലായി സ്ട്രിപ്പുകൾ സ്ഥാപിപ്പിച്ചു.
കോവിഡ് കാലത്ത് വീടുകളിൽ പലചരക്ക് - പച്ചക്കറി കിറ്റ്, പൾസ് ഓക്സിമീറ്റർ എന്നിവ സൗജന്യമായി നേരിട്ട് എത്തിച്ച് നൽകി. സജീവമായ വാർഡിൻ്റെ ഒഫിഷ്യൽ വാട്സ് ആപ് ഗ്രൂപ്പ് ജനങ്ങൾക്ക് വലിയ പ്രയോജന പ്രദമാണ്.
കെ എസ് ആർ ടി സി അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെട്ട് എല്ലാവർഷവും മുടങ്ങാതെ വാർഡിലെ ജനങ്ങൾക്കായി പൈകട ആതുരാലയത്തിൽ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് ഒരു വാർഡിലും ഇപ്രകാരം ഒരു ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതിദരിദ്രർ എന്ന വിഭാഗത്തിൽ ഒരു വ്യക്തിയെ ഉൾപ്പെടുത്തി എല്ലാ മാസവും നഗരസഭയിൽ നിന്നുമുള്ള കിറ്റ് വാങ്ങി നൽകുന്നു.
കൊച്ചിടപ്പാടിയിൽ ഐ എം എ ജംഗ്ഷനിൽ ജനങ്ങളുടെ സഹകരണത്തോടെ സാമ്പത്തികം കണ്ടെത്തി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. ഐ എം എ ജംഗ്ഷൻ ഭാഗത്തെ ആഴമുള്ള കലുങ്കിന് സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ പണം കണ്ടെത്തി സംരക്ഷണ കവചം നിർമ്മിച്ച് അപകട സ്ഥിതി ഒഴിവാക്കി. ഹൈവേ സൈഡിലുള്ള എൻ്റെ ഭവനത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പാലാ പോലീസുമായി സഹകരിപ്പിച്ചിരിക്കുന്നത് വഴി നിരവധി കേസുകൾക്ക് തുമ്പ് കണ്ടെത്താൻ സാധിച്ചു വരുന്നു.
കൗൺസിൽ / സ്റ്റാൻ്റിംഗ് കമ്മറ്റി പ്രാതിനിധ്യം വിഷയങ്ങളിൽ വിട്ട് വീഴ്ച്ചയില്ലാതെ ശക്തമായി പ്രതികരിക്കുവാൻ സാധിച്ചു. പൊതു ശ്മശാനത്തിന് പുതിയ കല്ലറകൾ നിർമ്മിക്കാൻ വേണ്ട ഇടപെടൽ കൃത്യമായി നടത്തി.
കൗൺസിൽ യോഗത്തിൽ - ഏകദേശം 95% പങ്കെടുത്തു.
സ്റ്റാൻ്റിംഗ് കമ്മറ്റി യോഗത്തിൽ - ഏകദേശം95 ശതമാനവും പങ്കെടുത്തു.
വാർഡ് സഭ എണ്ണം
നഗരസഭ നിർദ്ദേശിച്ച എല്ലാ വാർഡ് സഭകളും കൃത്യമായി ചേർന്നിട്ടുണ്ട്. 80 മുതൽ 100 പേർ വരെ എല്ലാ വാർഡ് സഭയിലും പങ്കെടുക്കാറുണ്ട്.
കൊച്ചിടപ്പാടിയിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മനോഹരമാക്കാൻ ( സൗജന്യമായി ) ആളെ കണ്ടെത്തി. കൗൺസിൽ അതിന് വേണ്ട പിന്തുണ നൽകിയില്ല എന്നത് വേദന നിറഞ്ഞ അനുഭവമായി.
വാർഡ് വിഭജനം വന്നപ്പോൾ കൗൺസിലറെ കൊച്ചിടപ്പാടി വാർഡിൽ നിന്നും വെട്ടിമാറ്റി പത്തിലേയ്ക്ക് മാറ്റി. വനിതാ സംവരണപ്രകാരം വീണ്ടും കൊച്ചിടപ്പാടി വാർഡ് (പുതിയ വാർഡ് നമ്പർ 9) വനിതയായപ്പോൾ വാർഡേതായാലും സിജി ടോണി കൊച്ചിടപ്പാടി വാർഡിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായതോടെ വീണ്ടും ഒരങ്കത്തിന് സിജി ടോണി തയ്യാറെടുത്തു.
എന്നാൽ സർജറിയുടെ രൂപത്തിൽ ഏതാനും നാളെത്തെ വിശ്രമം ആവശ്യമായെങ്കിലും വാർഡിലുള്ളവർ സിജി തന്നെ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നതോടെ സിജി സമ്മതം മൂളിക്കഴിഞ്ഞു. വീട്ടിലിരുന്നാൽ മതി തങ്ങൾ വോട്ടു ചെയ്തോളാം എന്നാണ് നാട്ടുകാർ പറയുന്നത്. അയൽപക്ക വാർഡുകാരിയായ സിജി നാമനിർദ്ദേശപത്രിക നൽകി വീട്ടിലിരുന്നാലും ഈസി വാക്കോവർ ആണെന്നു സാരം. നഗരസഭയിലെ മറ്റൊരു കൗൺസിലർക്കും ഇങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ചിട്ടില്ല. രാഷ്ടീയ എതിരാളികളും സിജി ടോണി മത്സരിക്കുന്ന കൊച്ചിടപ്പാടി വാർഡിനെ ഉപേക്ഷിച്ചു. ഏതായാലും തിരഞ്ഞെടുപ്പിൽ വീരചരമം പ്രാപിക്കാൻ എതിരാളികൾ ആരും തന്നെ രംഗത്തില്ല എന്നതാണ് കൊച്ചിടപ്പാടി വാർഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ. പാനൽ തികയ്ക്കാൻ ഒരാളെ കിട്ടിയാൽ മതിയെന്നുള്ള അവസ്ഥയാണ് എതിരാളികൾക്ക് ഇപ്പോഴുള്ളത്. സമീപിച്ച പലരും സിജിയാണേൽ ഇല്ല എന്ന നിലപാടെടുത്തു കഴിഞ്ഞു.
പ്രമുഖ ഇടതുപക്ഷ നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ കൊച്ചിടപ്പാടി വാർഡിൽ ബെൻസ് വണ്ടിയിടിച്ചു വീരചരമം പ്രാപിക്കാൻ ആരെത്തുമെന്നാണ് കൊച്ചിടപ്പാടി വാർഡും പാലായും ഇപ്പോൾ ഉറ്റുനോക്കുന്നത്.
പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ മൂലയിൽതോട്ടത്തിൽ മാണിച്ചൻ്റെ പുത്രൻ ടോണി തോട്ടത്തിൻ്റെ ഭാര്യയാണ് സിജി. മക്കൾ: റ്റിയ, ടീന


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.