Subscribe Us



ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

ന്യൂഡൽഹി: എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം  പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന. ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന. പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റാലിയിലെ വർദ്ധിച്ച പിന്തുണ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 

കത്തോലിക്കരുടെ കേരളത്തിലെ വത്തിക്കാനായി അറിയപ്പെടുന്ന പാലായിൽ പ്രധാനമന്ത്രി എത്തുന്നത് രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണെന്ന് വിലയിരുത്തപ്പെടുന്നു. പാലാ ബിഷപ്പുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. കെ എം മാണിയ്ക്ക് ആദരവ് അർപ്പിക്കാൻ നേരത്തെ  രാഹുൽഗാന്ധി പാലായിൽ എത്തിയപ്പോഴും പാലായിലെ ബിഷപ്പുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി പാലായിൽ എത്തിയാൽ പാലായിൽ മാത്രമല്ല പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിലും വലിയ നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷയിലാണ് എൻ ഡി എ നേതൃത്വം. 

മോദിമന്ത്രിസഭയിൽ അംഗമായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ജനവിധി തേടുന്നുമുണ്ട്. ഇതെല്ലാം പരിഗണിച്ച് എങ്ങനെയും മോദിയെ പാലായിൽ എത്തിക്കാനാണ് ബി ജെ പി നേതൃത്വം പരിശ്രമിക്കുന്നത്.

ഷോൺ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റായതിനാൽ പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും മോദിയെ എത്തിക്കാൻ  ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.

Post a Comment

0 Comments