Subscribe Us



ഒറ്റക്കൊമ്പൻ ചിത്രീകരണ വിവാദത്തിന് അന്ത്യം; വിഷയം സാമൂഹ്യപ്രശ്നമായി മാറ്റാതെ മാതൃക സൃഷ്ടിച്ച് പാലാക്കാർ

പാലാ: ഒറ്റക്കൊമ്പൻ ചിത്രീകരണ വിവാദത്തിന് അന്ത്യം. പള്ളിയധികാരികൾ കുരിശുപള്ളി ചിത്രീകരണത്തിന് വിട്ടുനിൽകിയിട്ടില്ലെന്നറിയിച്ചതോടെയാണ് വിവാദത്തിന് അന്ത്യമായത്. 

കുരിശുപള്ളിയിലെ സിനിമാ ചിത്രീകരണത്തിനനുകൂലമായും പ്രതികൂലമായും വ്യാപകമായ രീതിയിലും ശക്തമായ രീതിയിലും പ്രചാരണങ്ങൾ രൂപപ്പെട്ടെങ്കിലും തനിപാലാ ശൈലിയിൽ ആശയസംവാദമായി അവ നിലനിർത്തി ചിത്രീകരണത്തിനു തടസ്സമുണ്ടാക്കാതെയും വ്യത്യസ്ത ചിന്താഗതിക്കാർ കണ്ടുമുട്ടുമ്പോൾ പരസ്പരം പോരടിക്കാതെ മാതൃകയാകുകയും ചെയ്തു. വിഷയം ഒരു സാമൂഹ്യ പ്രശ്നമായി മാറ്റാതെ മാതൃക സൃഷ്ടിച്ച പാലാക്കാരെ ഈ വിഷയത്തിൽ ലോകത്തിന് കാണാനായത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 250 മത് ചിത്രമായ ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. സിനിമയുമായി ബന്ധപ്പെട്ടവർ സിനിമയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ കുറിപ്പാണ് വിവാദത്തിന് വഴിതെളിച്ചത്. സിനിമാക്കാരുടെ അമിതാവേശം വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. 

ചരിത്രത്തിലാദ്യമായി
പാലാ കുരിശുപള്ളിയിലെ ജൂബിലി തിരുനാൾ  രണ്ടാം പ്രാവശ്യം  ആഘോഷിക്കുവാൻ പോകുന്നു എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളിലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയവയിൽ പ്രചാരണം നടന്നു. സിനിമാപ്രേമികളും സുരേഷ് ഗോപി ഫാൻസ് അടക്കമുള്ള ഇതേറ്റ് പിടിച്ച് പ്രചരണ കോലാഹലം സൃഷ്ടിച്ചു.

ഡിസംബർ 1 ന് കൊടിയേറി 8 വരെ പാലാക്കാർ ജാതിമതഭേദമെന്യെ ആചരിക്കുന്ന തിരുനാളാണ് അമലോത്ഭവതിരുനാൾ. പെരുന്നാളിൻ്റെ അവസാന ദിനങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപം പള്ളിയുടെ നടയ്ക്കു താഴെയുള്ള പന്തലിൽ ഭക്ത്യാദരപൂർവ്വം പ്രതിഷ്ഠിച്ച് അവിടെ വച്ച് വിശ്വാസികൾ രൂപത്തിൽ നാരങ്ങാമാലയടക്കം അണിയിച്ച് നേർച്ചയിട്ട് വണങ്ങി പ്രാർത്ഥിക്കുക എന്നതും ആചാരമാണ്. വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെയുള്ള അനേകായിരങ്ങൾ പങ്കെടുക്കുന്ന തിരുസ്വരൂപങ്ങളും വഹിച്ചുള്ള രാത്രി പ്രദക്ഷിണവും പ്രസിദ്ധമാണ്.

സിനിമയ്ക്കായി കുരിശുപള്ളിയുടെ താഴെ മാതാവിൻ്റെ തിരുസ്വരൂപം വീണ്ടും സ്ഥാപിക്കുന്നത് പുനരാവിഷ്ക്കരിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാർ പ്രചരിപ്പിച്ചു. വിശ്വാസപ്രമാണങ്ങൾക്കോ ആചാരാനുഷ്ഠാനങ്ങൾക്കോ യാതൊരു ഭംഗവും വരുത്താതെയുള്ള തനി പാലാക്കഥയാണ് ഒറ്റക്കൊമ്പൻ്റേതെന്നും അവർ അവകാശപ്പെട്ടിരുന്നു.
പാലായിലുള്ള ദിനങ്ങളിലെല്ലാം പതിവായി വെളുപ്പിന് കുരിശു പള്ളി മാതാവിൻ്റെയടുത്തെത്തി തിരികത്തിച്ച് പ്രാർത്ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന  കഥാപാത്രമായാണ് സ്വജീവിതത്തിലും തികഞ്ഞമരിയൻ ഭക്തനായ സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിടുന്നതെന്നും പറഞ്ഞിരുന്നു. പാലാ പിതാവിൻ്റെയും കത്തീഡ്രൽപള്ളി, ളാലം പുത്തൻപള്ളി, ളാലം പഴയപള്ളി വികാരിയച്ചൻമാരടക്കമുള്ള വൈദികരുടെയും വിശ്വാസികളുടെയും അനുഗ്രഹ ആശീർവാദത്തോടെയാണ് ചിത്രത്തിൻ്റെ തിരുന്നാൾ രംഗങ്ങൾ പുനരാവിഷ്കരിക്കപ്പെടുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. 

രൂപതാ ആധികാരികളുടെ അനുഗ്രഹ ആശീർവാദങ്ങൾ വാങ്ങിയിരുന്നുവെന്ന് ഒരാഴ്ചയോളം 
സിനിമയുടെ അണിയറ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നതിനെതിരെ പള്ളിയധികാരികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി.

എന്നാൽ ആണ്ടിലൊരിക്കൽ മാത്രം ഭക്തിപൂർവ്വം കൊണ്ടാടുന്ന തിരുക്കർമ്മങ്ങൾ സിനിമയ്ക്കായി പുനർസൃഷ്ടിക്കുന്നതിനെതിരെ വിശ്വാസികൾ പ്രതിഷേധം പ്രകടിപ്പിച്ചു. ഓൺലൈൻ മാധ്യമങ്ങൾ വിശ്വാസികളുടെ പ്രതിഷേധം വാർത്തയാക്കി. ഇതോടെ സിനിമാപ്രേമികളും വിശ്വാസികളും സാമൂഹ്യ മാധ്യമങ്ങതിൽ പോരടിച്ചു. മുൻകാലങ്ങളിൽ പല പള്ളികളുടെയും പരിസരങ്ങൾ സിനിമ ചിത്രീകരണത്തിനും ആൽബ ചിത്രീകരണത്തിനും അനുമതി തേടിയിട്ടും അനുവദിക്കാതിരുന്നതും പലരും ചൂണ്ടിക്കാട്ടി. പിന്നീട്വി സെറ്റിട്ടൊക്കെയാണ് ചിത്രീകരണം നടത്തപ്പെട്ടത്. 

വിവാഹചടങ്ങുകളിലടക്കം വീഡിയോ, ഫോട്ടോ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങളുള്ളതും ചർച്ചാ വിഷയമായി. ഇത്തരം ചർച്ചകൾ ചൂടുപിടിച്ചതോടെ സിനിമ ചിത്രീകരണത്തിന് അനുകൂലവും പ്രതികൂലവുമായി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോരടിച്ചതോടെ വിവാദം കൊടുമ്പിരി കൊണ്ടു.

ചിത്രത്തിലൂടെ പാലായുടെ പ്രസക്തി വർദ്ധിക്കുമെന്ന് ഒരു കൂട്ടരും വിശ്വാസത്തിൻ്റെ പവിത്രത പരിപാലിക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ആശയസംവാദം വീറോടെ തുടർന്നു. ജാതിമതഭേദമെന്യെ ലോകത്തെമ്പാടുമുള്ള പാലാക്കാർ വിഷയം ഏറ്റുപിടിച്ച് അവരവരുടെ അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. തങ്ങളുടെ അഭിപ്രായം ആശയപരമായി മാത്രം നിലനിർത്താൻ പാലാക്കാർക്കു സാധിച്ചു. 

അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും  കുരിശുപള്ളിയ്ക്കു സമീപവും പാലാ നഗരത്തിലും ചിത്രീകരണം തടസ്സമില്ലാതെ പുരോഗമിച്ചു. ചിത്രീകരണം കാണാൻ ദിവസവും നിരവധിയാളുകൾ എത്തി കൊണ്ടിരിക്കുകയും ചെയ്തു. 

ഇതിനിടെ ഇന്ന് രാവിലെ ളാലം സെൻ്റ് മേരീസ് പള്ളി വികാരി ഫാ ജോസഫ് തടത്തിൽ കുരിശുപള്ളി സിനിമ ചിത്രീകരണത്തിന് വിട്ടു നൽകിയിട്ടില്ലെന്ന് കുർബാന മധ്യേ അറിയിച്ചതായി കോട്ടയം മീഡിയാ, പൈക ന്യൂസ്, ട്രാവൻകൂർ ന്യൂസ് എന്നിവ റിപ്പോർട്ടു ചെയ്തു. പൊതുമരാമത്ത് റോഡിലാണ് സിനിമ ചിത്രീകരിക്കുന്നതെന്നും വികാരിയച്ചൻ പറഞ്ഞതായി ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന വിവാദത്തിന് അന്ത്യമായി. 

കുരിശുപള്ളിയിലെ ചിത്രീകരണം ഒഴിവാക്കാൻ തിരക്കഥയിൽ മാറ്റം വരുത്തിയെന്നു അറിവായെന്നും ഓൺലൈൻ മാധ്യമങ്ങളും പറയുന്നു. 

Post a Comment

0 Comments