പാലാ: നവജാത ശിശുവിനുണ്ടായ ചികിത്സാ പിഴവിനെതിരെ പരാതിയുമായി പാലാ പോലീസ് സ്റ്റേഷനിലെത്തിയ നവജാത ശിശുവിൻ്റെ പിതാവിനെ പ്രലോഭിപ്പിച്ച് പ്രശ്നപരിഹാരത്തിനാണെന്ന് പറഞ്ഞ് പാലാ കാർമൽ ആശുപത്രി അധികൃതർ രണ്ടു ദിവസം സമയം ചോദിച്ചു വാങ്ങിയശേഷം നവജാത ശിശുവിനെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട രേഖകളിൽ തിരിമറി നടത്തിയതായി ആക്ഷേപമുയർന്നു.
കുട്ടിയുടെ പിതാവ് പരാതിയുമായി പാലാ സ്റ്റേഷനിൽ എത്തുകയും ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ ആശുപത്രി അധികൃതർ പരാതിക്കാരനോട് പ്രശ്നം പരിഹരിക്കാൻ രണ്ടു ദിവസത്തെ സാവകാശം ചോദിച്ചതായി പറയപ്പെടുന്നു. തുടർന്നു രണ്ടു ദിവസങ്ങൾക്കുശേഷം നവജാത ശിശുവിൻ്റെ പിതാവിനോട് പരാതി നൽകിക്കോളൂ എന്ന നിലപാട് ആശുപത്രി അധികൃതർ സ്വീകരിച്ചതായി കുട്ടിയുടെ പിതാവ് രഞ്ജിത്ത് പറഞ്ഞു.
രണ്ടു ദിവസത്ത സമയം കൊണ്ട് ആശുപത്രിയിലുള്ള കുട്ടിയുടെ ചികിത്സാ രേഖകളിൽ തിരിമറി നടത്തി ഡോക്ടർക്കനുകൂലമാക്കി മാറ്റി എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. 36 ദിവസം മാത്രം പ്രായമായ കുരുന്നിനു ചികിത്സ നൽകിയതിലെ പിഴവ് സംബന്ധിച്ച് പരാതി ഉയർന്ന ഉടനെ കേസെടുത്ത് ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ആശുപത്രികളിൽനിന്നും കസ്റ്റഡിയിൽ എടുക്കാത്ത പോലീസ് നടപടി ആശുപത്രി അധികൃതരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം കാർമ്മൽ ആശുപത്രിയിൽനിന്നും ചികിത്സ നൽകാതെ തിരിച്ചയച്ച നാലു മാസം പ്രായമായ കുട്ടി പിന്നീട് രോഗം മൂർഛിച്ചു മരിച്ച സംഭവത്തിലും ആശുപത്രി രേഖകളിൽ തിരിമറി നടന്നതായി അന്ന് ആക്ഷേപം ഉയർന്നിരുന്നു.
ചികിത്സാ പിഴവ് ഉണ്ടായെന്ന നവജാതശിശുവിൻ്റെ പിതാവിൻ്റെ പരാതിയിൽ പാലാ കാർമ്മൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ റൂബി മരിയായ്ക്കെതിരെ ജൂലൈ 1 നാണ് പാലാ പോലീസ് കേസെടുത്തത്. ചികിത്സാ പിഴവിൻ്റെ പേരിൽ പല തവണ ആരോപണ വിധേയമായ ആശുപത്രിയാണ് പാലാ കാർമ്മൽ ആശുപത്രി. ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം പാലാ പോലീസ് എഫ് ഐ ആർ (1333/2025) തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തത്.
അളനാട് ഓലപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് എച്ച് ഹരിഹരൻ്റെ പരാതിയെത്തുടർന്നാണ് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരൻ്റെ 36 ദിവസം പ്രായമായ കുട്ടിയ്ക്ക് ചികിത്സ നൽകിയതിൽ പിഴവുണ്ടെന്നാരോപിച്ചാണ് പരാതി നൽകിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.