പാലാ: ചികിത്സാ പിഴവിൻ്റെ പേരിൽ പല തവണ ആരോപണ വിധേയമായ പാലാ കാർമ്മൽ ആശുപത്രിയിൽ ശിശുരോഗ വിഭാഗം ഡോക്ടർക്കെതിരെ നവജാത ശിശുവിൻ്റെ പിതാവ് നൽകിയ പരാതിയിൽ ചികിത്സാ പിഴവിന് പാലാ പോലീസ് കേസെടുത്തു. കാർമ്മൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോ റൂബി മരിയാക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം പാലാ പോലീസ് എഫ് ഐ ആർ (1333/2025) തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തത്.
അളനാട് ഓലപ്പുരയ്ക്കൽ വീട്ടിൽ രൻജിത് എച്ച് ഹരിഹരൻ്റെ പരാതിയെത്തുടർന്നാണ് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരൻ്റെ 36 ദിവസം പ്രായമായ കുട്ടിയ്ക്ക് ചികിത്സ നൽകിയതിൽ പിഴവുണ്ടെന്നാരോപിച്ചാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ മെയ് 15 ന് ജനിച്ച കുട്ടിയ്ക്ക് ജനിച്ച ശേഷമുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്ത്, ഡിസ്ചാർജ് ചെയ്തശേഷം കുഞ്ഞിനുണ്ടായ പനിമൂലം ഡോക്ടറുടെയടുത്ത് വീണ്ടും ചികിത്സ തേടുകയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷം കുട്ടിയ്ക്ക് കാലിനു വേദനയുണ്ടെന്നും തുടർച്ചയായി പനിയുണ്ടെന്നുമുള്ള കാര്യം ഡോക്ടറെ അറിയിച്ചിട്ടും കൃത്യമായ ചികിത്സ ഡോക്ടർ നൽകിയിട്ടില്ലെന്ന് പാലാ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പറയുന്നു. ഇതുമൂലം കുത്തിവയ്പ്പ് എടുത്ത കുട്ടിയുടെ വലതുകാലിൽ ഇൻഫെക്ഷൻ ആകുകയും തുടർന്നു കോട്ടയം കാരിത്താസ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്ത കുട്ടിയുടെ കാലിൽ ജൂൺ 24ന് ശസ്ത്രകിയ നടത്തി പഴുപ്പ് നീക്കം ചെയ്യേണ്ടി വന്നു എന്നുളളതും എഫ് ഐ ആർ ഉള്ളടക്കത്തിൽ പറയുന്നു.
ഡോക്ടറുടെയും ആശുപത്രിയുടെയും അനാസ്ഥമൂലമാണ് 36 ദിവസം പ്രായമായ കുട്ടിയ്ക്ക് ശസ്ത്രകിയ ചെയ്യേണ്ടി വന്നതെന്നും പരാതിക്കാരനായ കുട്ടിയുടെ പിതാവ് പറയുന്നു. കാരിത്താസ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ഗുരുതരാവസ്ഥയിലായ കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുമായിരുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തി.
മെയ് 15 ന് ജനിച്ച കുട്ടിയ്ക്ക് 16 ന് ആശുപത്രിയിൽ നിന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പാലാ എസ് എച്ച് ഓയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയ്ക്ക് പനി വരികയും തുടർന്ന് മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്നു പനി മാറി എന്ന് പറഞ്ഞു ഡിസ്ചാർജ് നൽകിയതായും പരാതിയിൽ ഉണ്ട്. പിന്നെയും പനി മാറാത്തതിനാൽ വീണ്ടും അഡ്മിറ്റാ കേണ്ടി വന്നുവെങ്കിലും തുള്ളിമരുന്ന് നൽകി പറഞ്ഞു വിട്ടതായും പരാതിയിൽ കുറ്റപ്പെടുത്തി. ജൂൺ 22ന് കുട്ടിയ്ക്ക് പനിയും കാലിൽ തൊട്ടാൽ കുട്ടി ശക്തമായി കരയുകയും ചെയ്യാൻ തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തുടർന്നു അവിടെ നടത്തിയ പരിശോധനയിൽ ഓപ്പറേഷൻ ചെയ്യാനും കാലിൽ പഴുപ്പ് കണ്ടെത്തുകയും ഓപ്പറേഷൻ പഴുപ്പ് എടുത്തു കളയുകയും ചെയ്തു. ഇതോടൊപ്പം നഴ്സിംഗ് വിദ്യാർത്ഥിയെക്കൊണ്ട് കുട്ടിയുടെ രക്തം എടുപ്പിക്കുകയും കുട്ടി വേദന കൊണ്ട് പുളഞ്ഞപ്പോൾ വേറെ നഴ്സിനെ കൊണ്ടുവന്ന് കുത്തി വയ്പ്പിച്ചതായും പരാതിയിൽ ആരോപിച്ചു.
കഴിഞ്ഞ വർഷം കാർമ്മൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സക്കെത്തിയ നാലു മാസം പ്രായമായ കുട്ടിയെ രാത്രിയിൽ ഡ്യൂട്ടി ഡോക്ടർ വീട്ടിലേയ്ക്ക് മടക്കി അയയ്ക്കുകയും പിന്നീട് രോഗം മൂർഛിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. കടുത്ത ന്യുമോണിയാ ബാധിച്ചാണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ഡ്യൂട്ടി ഡോക്ടർക്കു കണ്ടെത്താൻ കഴിയാതിരുന്നതിനെത്തുടർന്നാണ് കുട്ടിയെ മടക്കിയയച്ചത്. ചികിത്സ സംബന്ധിച്ച് നിരവധി ആരോപണ ങ്ങൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ആശുപത്രിക്കനുകൂലമായ നിലപാട് തുടരുന്നതാണ് പിഴവുകൾ ആവർത്തിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. പരാതികൾ വ്യാപകമായിട്ടും അനാസ്ഥ തുടരുന്നതാണ് ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരോ ജനപ്രതിനിധികളോ ഇവയ്ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.