Subscribe Us



സി പി ഐ (എം) രാമപുരം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

രാമപുരം : രാമപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച്  സി പി ഐ (എം) രാമപുരം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. രാമപുരം ബസ് സ്റ്റാൻ്റ് പരിസരത്തുനിന്നും സ്ത്രീകളടക്കം പ്രവർത്തകർ പ്രകടനമായെത്തിയ മാർച്ച് സി പി ഐ (എം) പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ എസ് രാജു അദ്ധ്യക്ഷത വഹിച്ചു. 

ജനോപകാരപ്രദമായ വികസന കാര്യത്തിൽ രാമപുരം പഞ്ചായത്ത് ഏറെ പിന്നിലാണെന്നും ഉദ്യോഗസ്ഥരുടെ തേർവാഴ്ചയാണ് ഇവിടെ നടക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി എം ജോസഫ് പറഞ്ഞു. പഞ്ചായത്ത് വക ബസ് സ്റ്റാൻ്റ് ബസ് കയറാത്ത സ്റ്റാൻ്റായി മാറിയിരിക്കുന്നു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുവാൻ വിട്ടുകൊടുത്തിരിക്കുന്നു. സമീപത്തെ പഞ്ചായത്തായ വെളിയന്നൂർ പഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്തായി മാറിയപ്പോൾ രാമപുരം പഞ്ചായത്തിൻ്റെ സ്ഥാനം രാമപുരംകാർ പറയുവാൻ മടിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലങ്ങളായി പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഏതു സമയത്തും ഇടിഞ്ഞുവീണ് അപകടം സംഭവിക്കാവുന്ന കെട്ടിട അവശിഷ്ടങ്ങളായി മാറി.   

ജില്ലാ കമ്മിറ്റിയംഗവും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. രാമപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സജേഷ് കുറ്റപ്പെടുത്തി.  ടാക്സി ഡ്രൈവർമാരും പൊതുജനങ്ങളും ഉപയോഗിച്ചു വന്നിരുന്ന ബസ് സ്റ്റാൻ്റ് പരിസരത്തുള്ള പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷനിൽ 6 മാസമായി വെള്ളമില്ല. രാമപുരം പഞ്ചായത്ത് ആഫീസിൻ്റെ ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ലെന്നും സെക്രട്ടറിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ എപ്പോഴും സ്വിച്ച് ഓഫുമാണ്. ഏരിയാ കമ്മറ്റി അംഗങ്ങളായ വി ജി വിജയകുമാർ, ജാൻ്റീഷ് എം റ്റി, ലോക്കൽ സെക്രട്ടറി അജി സെബാസ്റ്റ്യൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ അഡ്വ. എൻ ആർ വിഷ്ണു, ജിസ്സ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments