പാലാ: പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയ്‌ക്കെത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞിനു ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ ചികിത്സ നൽകാതെ തിരിച്ചയച്ചതിനെത്തുടർന്നു അതീവ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട സംഭവത്തിൽ പെൺകുഞ്ഞിൻ്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജൂനിയർ ഡോക്ടറുടെ അനാസ്ഥയാണ് കുട്ടി മരണപ്പെടാനിടയായെതെന്ന വാദം ഇതോടെ ശക്തിപ്പെടുകയാണ്.
കോട്ടയം മെഡിക്കൽ കോളജിലെ ഫോറിൻസിക് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ ജെയിംസ്കുട്ടി ബി കെ, അസിസ്റ്റൻ്റ് പ്രൊഫസറും അസിസ്റ്റൻറ് പോലീസ് സർജനുമായ ഡോ ടി ദീപു എന്നിവർ പി എം നമ്പർ 336/2024 ആയി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ശ്വാസകോശത്തിൻ്റെ ഇടതുവശത്ത് ന്യുമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തത്തിൽ ഇൻഫെക്ഷൻ ഉള്ളതായും കരളിനെയും ഇത് ബാധിച്ചതായി പറയുന്നുണ്ട്. കട്ടപിടിച്ച ന്യുമോണിയാ ആയിട്ടാണ് കാണിക്കുന്നത്. ഇടതു വശത്തെ ശ്വാസകോശത്തിൻ്റെ താഴത്തെ ഭാഗം കട്ടപിടിച്ച നിലയിലായിരുന്നു. കുറച്ചു ദിവസങ്ങളായി അണുബാധ തുടരുന്ന അവസ്ഥയിൽ ആണെങ്കിൽ മാത്രം കാണപ്പെടുന്ന രീതിയിലാണിതെന്ന് റിപ്പോർട്ടിനെ അധികരിച്ച് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സാധാരണ ന്യുമോണിയ അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രാത്രിയിലാണ് രാമപുരം നീറന്താനം മുകേഷ്ഭവനിൽ മുകേഷ്കുമാർ - ഗീതു ദമ്പതികളുടെ മകൾ അക്ഷരയെ ശ്വാസതടസ്സവും കുറുകലും കലശലായതിനെത്തുടർന്ന് പാലാ കാർമ്മൽ ആശുപത്രിയിൽ എത്തിച്ചത്. ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം യാതൊരു പ്രശ്നവും ഇല്ലെന്നു പറഞ്ഞു തങ്ങളെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും ജൂനിയർ ഡോക്ടർ പ്രശ്നമില്ലെന്നു ആവർത്തിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. കുട്ടിയുടെ എക്സ്റേ എടുക്കാനോ രക്തപരിശോധന നടത്താനോ പോലും ജൂനിയർ ഡോക്ടർ തയ്യാറായില്ലെന്നും ഇവർ മുഖ്യമന്ത്രി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
പനിയും ജലദോഷവും കഫക്കെട്ടും രൂക്ഷമായി ദിവസങ്ങൾ കഴിഞ്ഞാണ് ന്യുമോണിയാ ആയി പരിണമിക്കുന്നത്. യഥാസമയം വിദഗ്ദ ചികിത്സ നൽകിയാൽ ഭേദമാകുന്ന അസുഖമാണ് ന്യുമോണിയ. എക്സ്റേ പരിശോധന നടത്തിയാൽ പോലും സ്ഥിരീകരിക്കാവുന്ന രോഗമാണെന്നിരിക്കെയാണ് ജൂനിയർ ഡോക്ടറുടെ കുറ്റകരമായ അനാസ്ഥയെത്തുടർന്നാണ് നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരണപ്പെട്ടതെന്ന ആരോപണം നേരത്തെ തന്നെ കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. കുട്ടിയ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചെന്ന് മെഡിക്കൽ സയൻസിൽ പ്രാവീണ്യമില്ലാത്ത കുട്ടിയുടെ മാതാപിതാക്കൾക്കു ബോധ്യമായി ആശുപത്രിയിൽ എത്തിയിട്ടും പരിശോധന പോലും നടത്താതെ തിരിച്ചയച്ചതാണ് കരുന്ന് ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
മിക്ക ആശുപത്രികളിലും രാത്രി കാലങ്ങളിൽ പ്രൊവിഷണൽ ക്യാറ്റഗറിയിലുള്ള ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉള്ളത്. രാത്രി കാലങ്ങളിൽ വരുന്ന രോഗികൾക്ക് അസുഖം കലശലായാൽ ആശുപത്രിയിലെ തന്നെ സീനിയർ ഡോക്ടന്മാർ അല്ലെങ്കിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ എന്നിവരിൽ ആരെയെങ്കിലും ബന്ധപ്പെടണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്ന് അറിയുന്നു. ഹാൻഡിൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യാനാണ് നിർദ്ദേശമെത്രെ. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ജൂനിയർ ഡോക്ടർ സ്വയം തീരുമാനമെടുത്തു കുട്ടിയെ തിരിച്ചയച്ചതാണ് കുട്ടിക്കു അസുഖം രൂക്ഷമായി മരണപ്പെടാൻ ഇടയായതെന്ന മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പിറ്റേ ദിവസം കുട്ടിയെ വീണ്ടും എത്തിച്ചപ്പോൾ കുട്ടിയുടെ അവസ്ഥ ബോധ്യമായിട്ടും ട്യൂബിലൂടെ ഓക്സിജൻ നൽകാതെ നെബുലൈസേഷൻ നൽകി നടപടിക്രമം തെറ്റിച്ചതായും ആരോപണമുണ്ട്. മരണപ്പെട്ട നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്ന ആശുപത്രിക്കാർ വാദമുയർത്തുമ്പോഴും വീട്ടുകാർ എടുത്ത ചിത്രത്തിൽ കുട്ടിയുടെ കൈയ്യിൽ നിന്നും രക്തം എടുത്ത ശേഷം പഞ്ഞി വച്ചിരിക്കുന്നത് കാണാനാകും. മരണപ്പെട്ട ആളുടെ രക്തം എന്തിനെടുത്തെന്ന ചോദ്യമാണ് കുട്ടികളുടെ മാതാപിതാക്കൾ ഉയർത്തുന്നത്. മരണപ്പെട്ട നിലയിലാണ് കുട്ടിയെ എത്തിച്ചതെങ്കിൽ തലേന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടിയെ എന്തിന് തിരിച്ചയച്ചു എന്ന ചോദ്യത്തിനും കാർമ്മൽ ആശുപത്രി അധികൃതർ ഉത്തരം നൽകിയിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ആശുപത്രി അധികൃതർക്കും ജൂനിയർ ഡോക്ടർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം മരിച്ച കുട്ടിയുടെ ബന്ധുക്കൾ ഉയർത്തിയിട്ടുണ്ട്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.