Subscribe Us



രാഷ്ട്രപതിയുടെ പാലായിലെ ചടങ്ങിലെ സുരക്ഷാവീഴ്ച; കുറ്റക്കാർ പിടിയിലായവർ മാത്രമോ?

രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ പാലാ സന്ദർശനത്തിനിടെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച മേഖലയിൽ ലാഘവത്തോടെ ബൈക്കോടിച്ച മൂന്നു പേരെ പോലീസ് 24 മണിക്കൂറിന് ശേഷം പിടികൂടി. 

ഈ സംഭവത്തിൽ ഇവർ മാത്രമാണോ കുറ്റക്കാർ. കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന നിലയിൽ ഇവർ കുറ്റക്കാരാണ്. എന്നാൽ ഇവരെ ആദ്യ ഇടത്തു തന്നെ തടയാൻ സാധിച്ചിരുന്നുവെങ്കിൽ ഈ കുറ്റകൃത്യം ഉണ്ടാകുമായിരുന്നോ? ആർ വി ജംഗ്ഷൻ മുതൽ കൊട്ടാരമറ്റം, കടപ്പാട്ടൂർ, കോളജ് വാതിൽവരെ പലയിടത്തും പോലീസ് കൃത്യമായി നിലയുറപ്പിച്ചിരുന്നു. രാഷ്ട്രപതി എത്തുന്നതിന് രണ്ടിലേറെ മണിക്കൂർ മുമ്പേ ഗതാഗതം ഈ മേഖലയിൽ പൂർണ്ണമായി തടസ്സപ്പെടുത്തിയിരുന്നു. ആംബുലൻസിനും പാസ് ഉള്ളവർക്കും മാത്രമായിരുന്നു ഇതുവഴി കടന്നു പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. നിരവധിയാളുകളെയാണ് വഴിതിരിച്ചുവിട്ടത്. എന്നിട്ടും സുരക്ഷാവീഴ്ച ഉണ്ടായി. 

കൃത്യനിർവ്വഹണത്തിന് വിനിയോഗിക്കപ്പെട്ടവർ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടിടത്താണ് ഈ സുരക്ഷാവീഴ്ച ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നതും വൻതോതിൽ പോലീസിനെ വിന്യസിക്കുന്നതും. കുറ്റക്കാരെ പിടികൂടി നടപടിയെടുക്കുന്നതു മാത്രമാണോ പോലീസിൻ്റെ ചുമതല. കുറ്റകൃത്യം ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുക കൂടിയാണ്.

സംഭവത്തിൻ്റെ ഗൗരവം ഒരു പക്ഷേ അറിയാത്തതിനാലാവാം അവർ ഇത്തരമൊരു സഞ്ചാരം നടത്തിയിട്ടുണ്ടാവുക. കരുതിക്കൂട്ടി ചെയ്തതാവാനും വഴിയില്ല. 

സംഭവത്തിനു ശേഷം 24 മണിക്കൂർ സമയം വേണ്ടി വന്നു ഇതിലെ 'കൊടിയ കുറ്റവാളി'കളെ പിടികൂടാൻ. 

നിങ്ങളുടെ കാഴ്ചപ്പാടിൽ ഈ സംഭവത്തിലെ യഥാർത്ഥ കുറ്റക്കാർ ആരാണ്?

Post a Comment

0 Comments