രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 7 ചൊവ്വാഴ്ച ആരംഭിക്കുന്നു. രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത്.
നാളെ ഒക്ടോബർ 8-ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ തിരുനാൾ തീർത്ഥാടനങ്ങൾക്ക് തുടക്കം ലഭിക്കും. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നടത്തുന്ന വിശുദ്ധ കുർബാനയിൽ ആത്മീയ സന്ദേശം നൽകും. ശനിയാഴ്ച വ്യാപാരികൾക്കായി പ്രത്യേക ദിനം ആചരിക്കും. ഞായറാഴ്ച കുറവിലങ്ങാട് പള്ളിയിൽ നിന്ന് ഉൾപ്പെടെയുള്ള തീർത്ഥാടനങ്ങൾ നടക്കും. അതേ ദിവസം തിരുനാൾ കോടിയേറ്റും, ജേക്കബ് മുരിക്കൻ പിതാവിന്റെ വിശുദ്ധ കുർബാനയും നടക്കും.
ഒക്ടോബർ 14 ചൊവ്വാഴ്ച കർഷക ദിനവും 15 ബുധനാഴ്ച കുട്ടികളുടെ ദിനവുമാണ്. പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ നേർച്ചഭക്ഷണം വിതരണം നടത്തും. അന്നേ ദിവസം ഡിഎംസിഎസ് തീർത്ഥാടനവും 12 മണിക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് കല്ലറങ്ങാട്ട് പിതാവിന്റെ വിശുദ്ധ കുർബാനയും നടക്കും.
തീർത്ഥാടക സംഘങ്ങൾ മുൻകൂട്ടി അറിയിക്കുന്ന പക്ഷം വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാദ്ധ്യസ്ഥത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ വിശ്വാസികൾ ഓഫീസിൽ എഴുതി അറിയിക്കുകയോ കബറിടത്തിന് സമീപമുള്ള ബുക്കിൽ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവചരിത്രഗ്രന്ഥങ്ങൾ, ചിത്രങ്ങൾ, കീ ചെയിനുകൾ, മോതിരങ്ങൾ, രൂപങ്ങൾ തുടങ്ങിയ സ്മാരകവസ്തുക്കൾ കുഞ്ഞച്ചൻ സ്റ്റാളിൽ ലഭ്യമാണ്. കുഞ്ഞച്ചനോടുള്ള ഭക്തി നേർച്ചയായി വീടുകളിലേക്ക് എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ വർഷം പ്രത്യേകമായി ഒക്ടോബർ 8-ന് തറവാട്ടു വീട്ടിൽ നിന്ന് പള്ളിയിലേക്കുള്ള തീർത്ഥാടനം ആകാശപ്പറവകളുടെ കൂട്ടുകാരുടെ നേതൃത്വത്തിൽ നടത്തപ്പെടും.
തിരുനാൾ ഒരുക്കങ്ങളെക്കുറിച്ച് മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ റവ. ഫാ. തോമസ് വെട്ടുകാട്ടിൽ, റവ. ഫാ. അബ്രഹാം കുഴിമുള്ളിൽ, റവ. ഫാ. ജോവാനി കുറുവാച്ചിറ, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവിൽ, മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, സജി മിറ്റത്താനിക്കൽ, സിബി മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.