പാലാ: സൂപ്പർ മാർക്കറ്റിൽ നിന്നും മധ്യവയസ്കയുടെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ മൂന്നേക്കർ സ്ഥലത്തിൻ്റെ ഉടമയായ യുവാവ് അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് സ്വദേശി ഇടമറ്റം വള്ളോംകുടി ഇലഞ്ഞിമറ്റം ഭാര്യവീട്ടിൽ താമസക്കാരനായ ബിജു തോമസ് (48) ആണ് പാലാ പോലീസ് പിടിയിലായത്.
കഴിഞ്ഞ 2 ന് പാലായിലെ ജോർജോസ് സൂപ്പർ മാർക്കറ്റിൽ എത്തിയ മധ്യവയ്കയുടെ ബാഗ് തട്ടിയെടുക്കുകയും 7000 രൂപയും 2 എടിഎം കാർഡുകൾ അപഹരിക്കുകയും ചെയ്ത കേസിലാണ് ഇയ്യാൾ പിടിയിലായിരിക്കുന്നത്. സിസിടിവി പരിശോധനയിൽ യുവാവിൻ്റെ ചിത്രം കിട്ടിയെതിലും വ്യക്തമായിരുന്നില്ല. മോട്ടോർ സൈക്കിളിൽ പോകുന്നതായുള്ള ദൃശ്യം ലഭിച്ചിരുന്നു. ഇതിൻ്റെ നമ്പറിൻ്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ച് സൂചന ലഭിച്ചത്. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ പണവും നൽകാതെയാണ് മോഷണം നടത്തി ഇയാൾ മുങ്ങിയത്.
ഇയാൾക്കെതിരെ മുമ്പും പരാതികളുയർന്നിരുന്നുവെന്ന് പോലീസ് പറയുന്നു. 2019 ഒക്ടോബർ 10 ന് പാലാ കാർമ്മൽ ആശുപത്രിയിലെത്തിയ ഒരു മുത്തശിയുടെയും മകളുടെയും ഒപ്പം എത്തിയ കുട്ടികളിൽ ഒന്നര വയസുകാരിയെ ഇടനാഴിയിലേക്ക് എത്തിച്ച് ഒന്നരപവൻ്റെ മാലയും വളയും അപഹരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന 7 വയസുകാരൻ കുട്ടി പ്രതിയെ നേരിൽ കണ്ടിരുന്നതായും അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.2020 ജനുവരി 7 ന് അരുണാപുരത്തുള്ള സൂപ്പർ മാർക്കറ്റിൽ എത്തിയ ഡോക്ടറുടെ ബാഗ് മോഷ്ടിച്ച് ആറരപ്പവൻ സ്വർണ്ണവും എടിഎം കാർഡും കവർന്ന കേസിലും ബിജുവാണ് പ്രതിയെന്ന് വ്യക്തമാക്കുന്നു.
മോഷ്ടിച്ച സ്വർണ്ണാഭരങ്ങൾ രാമപുരത്തെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നൽകി പണം വാങ്ങിയിരുന്നു. ഇവിടെ നിന്നും സ്വർണ്ണം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.
കോട്ടയം പോലീസ് ചീഫ് ജയദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടമറ്റത്തെ വീട്ടിൽ നിന്നും പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള പ്രതി നേരത്തേ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നെങ്കിലും വീട്ടുകാർ ഇടപ്പെട്ട് ഒതുക്കി തീർക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു..
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.