Subscribe Us



മാണി സി കാപ്പൻ്റെ കരുതലിൽ അരുണാപുരം പാലത്തിന് ശാപമോക്ഷം

പാലാ: പാലായിലും പരിസര പ്രദേശങ്ങളിലും ജല ലഭ്യത ലക്ഷ്യമാക്കി ആരംഭിച്ചതും നിലച്ചുപോയതുമായ അരുണാപുരം ബ്രിഡ്ജ് കം ബണ്ടിൻ്റെ നിർമ്മാണം പുന:രാരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നാലു വർഷം മുമ്പ് തുടക്കത്തിൽ തന്നെ നിലച്ചുപോയ പദ്ധതി പുന:രാരംഭിക്കാൻ തീരുമാനമായത്. പണി പുന: രാരംഭിക്കുന്നതിൻ്റെ ഭാഗമായി അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി കഴിഞ്ഞതായും മാണി സി കാപ്പൻ പറഞ്ഞു.

പാലാ നഗരസഭയെയും മുത്തോലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് സെൻ്റ് തോമസ് കോളജിന് പിന്നിൽ അരുണാപുരത്താണ് തടയണയോടുകൂടി പാലം നിർമ്മിക്കുന്നത്. ഇതിൻ്റെ നിർമ്മാണോൽഘാടനം 2016-ൽ നിർവ്വഹിച്ചുവെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമയത്ത് പോലും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരുകരകളിൽ നിന്നുമുള്ള അപ്രോച്ച് റോഡിൻ്റെ പണി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പാലം നിർമ്മിക്കുന്നതിന്  മുന്നോടിയായി ഇവിടെ ഉണ്ടായിരുന്ന വള്ളംകടത്ത് നിർത്തലാക്കുകയും നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന കുളിക്കടവ് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. മന്ത്രിയായിരുന്ന കെ എം മാണിയുടെ ശ്രമഫലമായി അന്ന് പദ്ധതിക്കായി 16 കോടി രൂപ പദ്ധതിക്കു അനുവദിച്ചിരുന്നു. ജലസേചന വകുപ്പിൻ്റെ ചുമതലയിലായിരുന്നു പദ്ധതി ആരംഭിച്ചത്.


വെള്ളിയേപ്പള്ളി, പന്തത്തല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഈ ബണ്ട് കം ബ്രിഡ്ജ്. 75 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ്  പാലം വിഭാവനം ചെയ്തിരുന്നത്. അരുണാപുരം മുതൽ നാലു കിലോമീറ്റർ മുകളിലേയ്ക്ക് വേനൽകാലത്ത് ജലനിരപ്പ് ഉയർന്നു നിൽക്കുംവിധമാണ് തടയണയുടെ രൂപകൽപ്പന.

തറപ്പേൽക്കടവ് മുതൽ മുതൽ അരുണാപുരം വരെ മീനച്ചിലാറ്റിലേയ്ക്ക്  എത്തുന്ന തോടുകളിലും അരുവികളിലും ജല ലഭ്യത ഉറപ്പുവരുത്താൻ തടയണയ്ക്കു കഴിയും. ഇതോടൊപ്പം സമീപ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാകുകയും ചെയ്യും. ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് വെള്ളം തുറന്നു വിടാവുന്ന വിധമാണ് തടയണ നിർമ്മിക്കുന്നത്. നാലു മീറ്റർ മുതൽ രണ്ടം മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിച്ചു നിർത്താൻ സാധിക്കും.

പാലത്തിൻ്റെ കാലുകൾ ഉറപ്പിക്കുന്നതിനായി ഏഴു മീറ്ററിലധികം താഴെയാണ് അടിത്തറയ്ക്കുളള പാറ കണ്ടെത്താൻ കഴിഞ്ഞത്. ഇതേത്തുടർന്നു പഴയ ഡിസൈൻ ഉപേക്ഷിക്കുകയായിരുന്നു. പതുക്കിയ ഡിസൈനും ഭരണാനുമതിയും നൽകിയെങ്കിലും  നടപടികളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. പിന്നീട് നടപടികൾ ഇല്ലാതെ വന്നതോടെ വിഷയം മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽ നാട്ടുകാർ എത്തിച്ചതോടെയാണ് പദ്ധതിക്കു ജീവൻ വച്ചത്. മാണി സി കാപ്പൻ്റെ ശ്രമഫലമായിട്ടാണ്  ഇപ്പോൾ പദ്ധതി പുന:രാരംഭിക്കുന്നത്. ഇതിനായി വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥർ എന്നിവരുമായി എം എൽ എ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

Post a Comment

0 Comments