കോട്ടയം: മൊബൈൽ-ഇലക്‌ട്രോണിക് വ്യവസായത്തിൽ വലിയ മാറ്റത്തിന് വഴിതെളിക്കുന്ന കണ്ടുപിടിത്തവുമായി എം ജി സർവ്വകലാശാല. മൊബൈൽ ഫോണടക്കം ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക (ഇലക്‌ട്രോ മാഗ്നറ്റിക്) തരംഗങ്ങളെ തടയാൻ മഹാത്മാഗാന്ധി സർവകലാശാല ഇന്റർനാഷണൽ ആന്റ് ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വികസിപ്പിച്ച പോളിമർ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പദാർഥമാണ് കണ്ടെത്തിയത്. ഇതിന് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
വൈസ് ചാൻസലർ പ്രൊഫ സാബു തോമസ്, ഡയറക്ടർ പ്രൊഫ നന്ദകുമാർ കളരിക്കൽ, ഡോ മുഹമ്മദ് ആരിഫ് എന്നിവർ നടത്തിയ സംയുക്ത ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത പോളിമർ സംയുക്ത പദാർഥത്തിനാണ് പേറ്റന്റ് ലഭിച്ചത്.
കട്ടികുറഞ്ഞതും ഭാരം കുറഞ്ഞതുമായ പദാർഥത്തിന്റെ കണ്ടുപിടുത്തം മൊബൈൽ ഫോൺ വ്യവസായത്തിലും ഇലക്‌ട്രോണിക് അനുബന്ധ വ്യവസായത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ്. മൊബൈൽ ഫോണിലടക്കം നിലവിൽ ലോഹ പദാർഥങ്ങളാണ് വൈദ്യുത കാന്തിക തരംഗങ്ങൾ തടയാൻ കവചമായി ഉപയോഗിക്കുന്നത്. ഇതിനേക്കാൾ ഭാരവും കട്ടിയും കുറഞ്ഞ നോവൽ കാർബൺ നാനോട്യൂബ് അധിഷ്ഠിത പോളിമർ മിശ്രിത പദാർഥമാണ് വികസിപ്പിച്ചെടുത്തത്. രണ്ട് പോളിമറുകളുടെ സമ്പർക്കമുഖങ്ങളെ കാർബൺ നാനോട്യൂബ് വഴി ഒരുമിച്ചുചേർത്ത് തയാറാക്കിയ മിശ്രിതം മികച്ച വൈദ്യുത ചാലകതയും മെക്കാനിക്കൽ പ്രകടനവും കാഴ്ചവയ്ക്കുന്നതിനാൽ നിലവിലുള്ള ലോഹ പദാർഥങ്ങളേക്കാൾ മികച്ചശേഷിയുള്ളതാണ്. മൊബൈൽ ഫോണിലേയും മറ്റ് ആശയ വിനിമയ സംവിധാനങ്ങളിലേയും വൈദ്യുത കാന്തിക ഇടപെടൽ സംരക്ഷിക്കാൻ ഇത് ഉപയോഗപ്രദമാകും.
കേന്ദ്ര ഇലക്‌ട്രോണിക് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത്. പ്രകൃതിദത്തമായ പദാർഥങ്ങൾ ഉപയോഗിച്ച് ഉപയോഗപ്രദമായ പദാർഥങ്ങൾ നിർമിക്കുന്ന നിരവധി ഗവേഷണ പ്രവർത്തനങ്ങൾ ഇന്റർനാഷണൽ ആന്റ് ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ പുരോഗമിക്കുകയാണ്. 2015 മാർച്ചിലാണ് പേറ്റന്റിനായി സർവകലാശാല കേന്ദ്ര പേറ്റന്റ് ഓഫീസിന് അപേക്ഷ നൽകിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.