Subscribe Us



പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓർമ്മകളുമായി പ്രവാസ ലോകത്തു നിന്നും അനു ജോസഫ്

നാലാം ക്ലാസ് കഴിഞ്ഞപ്പോഴാണ് പാലായിൽ നിന്ന് ഭരണങ്ങാനത്തെ സ്‌കൂളിലേക്ക് മാറുന്നത്. കൂട്ടുകാരെയൊന്നും വിട്ട് പോകാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല, എങ്കിലും പുതിയ സ്കൂളിന്റെ ചില പ്രത്യേകതകളാണ് ആ ഒൻപതു വയസിൽ ആകർഷകമായി തോന്നിയത്. ഒന്നാമത്, നീലേം വെള്ളേം യൂണിഫോം ഇട്ടു മടുത്തിരുന്നു. ഇത് നല്ല ടൈയ്യും ഷൂസും സോക്‌സും ബെൽറ്റും ഒക്കെയിട്ട് പോകാം. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഹൗസ് യൂണിഫോം എന്ന പേരിൽ ഒരു കളർ യൂണിഫോമും. ഓട്ടോയിൽ ഇടിച്ചു തിക്കി പോകണ്ട, സ്കൂൾ ബസ്സിൽ പോകാം. ഇതൊന്നും പോരാത്തതിന്, അവിടുത്തെ പോലെ, 'ഡെന്നീസ് മരിയാ സിസ്റ്റർ ', 'ക്ലെയർ മരിയ സിസ്റ്റർ ', മേരി ജോസമ്മ എന്നൊക്കെയുള്ള,  ഇച്ചിരി ആണത്തം തോന്നുന്ന പേരൊന്നുമല്ല ഭരണങ്ങാനത്തെ സ്കൂളിലെ സിസ്റ്റർമാർക്ക്. 'സിസ്റ്റർ റോസിലി ', 'സിസ്റ്റർ ഗ്ലോറി '... കേട്ടാൽ തന്നെ എന്നാ അടിപൊളിയാ !!! 

പുതിയ സ്കൂളിൽ ചെന്ന ആദ്യത്തെ ആഴ്ച തന്നെ ഒരു കാര്യം മനസിലായി. ഈ ടൈയൊക്കെ ഇട്ടു പോകുന്ന പിള്ളേരെ കാണുന്ന ഭംഗി ഒക്കെയേ ഒള്ളൂ. രാവിലെ മുതൽ ടൈയും കെട്ടി ഇരിക്കുന്ന പണി അത്രയും രസമൊന്നുമില്ല എന്ന്. പിള്ളേരാണേൽ ഇംഗ്ളീഷ് മാത്രം സംസാരിക്കുന്നു. സർവ്വ സ്വാതന്ത്ര്യം അനുഭവിച്ചു നടന്നിട്ട് പെട്ടെന്ന് കൂട്ടിൽ ഇട്ടത് പോലെ... പക്ഷേ ആ സ്‌കൂളും അവിടെയുള്ള കുട്ടികളും ടീച്ചർമാരുമായി വേഗം തന്നെ ഞാൻ അടുക്കുകയും ചെയ്തു. അന്നും എന്റെ പ്രിയപ്പെട്ട വിഷയം മലയാളം തന്നെ. പക്ഷേ അഞ്ചാം ക്ലാസിലെ മലയാളം ടീച്ചറിന് എന്തോ ഒരു പൊരുത്തക്കേട്. അവർക്ക് പിടികൊടുക്കാതെ മലയാളത്തിന് നല്ല മാർക്ക് വാങ്ങിക്കൊണ്ട് ഞാനും. 

അങ്ങനെ സ്കൂൾ യൂത്ത്ഫെസ്റ്റിവൽ എത്തി. അന്നത്തെ പ്രസംഗമത്സരത്തിൽ ഞാൻ പറഞ്ഞതിനിടയിൽ എവിടെയോ 'ഗർഭം' എന്നൊരു വാക്ക് കേട്ട് ലോകത്തിലെ ഏറ്റവും വലിയ അശ്ലീലം കേട്ടതുപോലെ അവർ തല വെട്ടിച്ചു ചിരിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അഞ്ചാം ക്ലാസല്ലേ, അന്നത് വലിയ സങ്കടമായി. ഇനി ആ സ്കൂളിലെ ഒരു മത്സരത്തിനും ഞാനില്ല എന്ന് പറഞ്ഞു സ്കൂൾ മാറ്റിയതിന് കുറേ കരയുവേം ചെയ്തു.

അധികം താമസിയാതെ അതേ ടീച്ചർ, ഒരു ദിവസം -ഒരേയൊരു ദിവസം ഞാൻ പകർത്ത് ബുക്ക്‌ വച്ചില്ല എന്ന് കണ്ടു പിടിച്ചു, "അനു ഇവിടെ വാ " എന്ന് പറഞ്ഞു എന്നെ വിളിച്ചു രണ്ട് അടി. എന്റെ ടീച്ചറേ...(ചഛേ.. എന്റെയല്ല), അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, വലുതായി ഒരു ടീച്ചറായിട്ട് ഇവരുടെ പിള്ളേര് പഠിക്കുന്ന സ്കൂളിൽ പോയി പഠിപ്പിച്ചു ചുമ്മാ ആ പിള്ളേർക്കിട്ട് തല്ലണം എന്നായിരുന്നു!  ആ കൊല്ലം തന്നെ അവരെ കെട്ടിയ, ജീപ്പിൽ വന്ന തങ്കച്ചൻ ചേട്ടാ, നിങ്ങൾ തങ്കച്ചൻ അല്ല, തങ്കപ്പനാണ് തങ്കപ്പൻ ! അല്ലേൽ പിറ്റേ വർഷം ആറാം ക്ലാസിൽ മലയാളം പഠിപ്പിക്കാൻ എന്റെ പ്രിയപ്പെട്ട മിസ് മിനി വരില്ലായിരുന്നല്ലോ!. 

ഇനി ഒരു മത്സരങ്ങൾക്കുമില്ല എന്ന് പറഞ്ഞത് മമ്മിക്ക് വിഷമമായി. ആറാം ക്ലാസിലെ പി ടി എ മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് ഹൈസ്കൂളിൽ മലയാളം പഠിപ്പിക്കുന്ന മിസ് മേഴ്‌സി മമ്മിയുടെ മുന്നിലേക്ക് വരുന്നത്. "അൽഫോൻസാ കോളേജിൽ പഠിച്ചതല്ലേ? " എന്നും ചോദിച്ച്. ഒരേ സമയം അവിടെ  പഠിച്ചതാണ് രണ്ടു പേരും. മമ്മി അപ്പോൾ മിസ്സിനോട് പറയുന്നു, " ഇവള് സെന്റ് മേരീസിൽ വച്ചു പ്രസംഗത്തിനും മോണോ ആക്റ്റിനുമൊക്ക സമ്മാനം വാങ്ങിയിരുന്നതാ. ജില്ലേലൊക്കെ പോയിരുന്നതാ... ഇവിടെ ഒന്നിനുമില്ല എന്ന് പറയുവാണ്‌ " എന്ന്. "അത് ഞാനേറ്റു " എന്ന് മിസ്സും. 

പിന്നീട് സ്കൂളിലെ പരിപാടികൾ വരുമ്പോൾ എന്റെ പേര് കൊടുക്കാനും മത്സരത്തിൽ പങ്കെടുക്കാനുമൊക്ക മിസ്സ്‌ പറയും. മിസ്സ്‌ മേഴ്‌സി പറഞ്ഞത് കൊണ്ട് മാത്രം ഞാനും ചേരും. സ്കൂൾ മാഗസിനുകളിൽ വന്ന കഥകളും, ഉപന്യാസങ്ങളും... കിട്ടിയ ഓരോ സ്റ്റേജുകളും...ഇന്നും സ്‌കൂളെന്ന് പറയുമ്പോൾ നല്ല ഓർമ്മകൾ ഇവരൊക്കെയാണ്. രണ്ടോ മൂന്നോ പേരെ ഒഴിവാക്കിയാൽ ഇപ്പോഴും മനസ്സിൽ സ്നേഹത്തോടെ സൂക്ഷിക്കുന്ന മുഖങ്ങൾ. കോളേജുകളിൽ പഠിപ്പിച്ച എല്ലാവരും തന്നെ ഏറെ സ്നേഹിച്ചവർ. നാട് വിട്ട് നിന്നിട്ട് പോലും ഏറെ പരിഗണന തന്നവർ...അതൊക്കെ എങ്ങനെ മറക്കാനാണ്.

അന്ന് സ്കൂളിൽ മിസ്സ്‌ തന്ന കരുതൽ, അത് കഴിഞ്ഞ് വന്ന ഒരുപാട് ഗുരുക്കന്മാരുടെ സ്നേഹം, ഇന്നും അകമഴിഞ്ഞ് പ്രോത്സാഹനം തരുന്നവർ... അതൊന്നുമോർക്കാതെ ഈ അധ്യാപകദിനം കടന്നു പോകുന്നതെങ്ങനെ? ഇന്നും ഓരോന്ന് കുത്തിക്കുറിക്കുമ്പോൾ മിസ്സിനെ ഓർക്കാറുണ്ട്. അന്ന് മലയാളം പോലും വെറുത്ത് പോകുമായിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്നും ഏറെ ഇഷ്ടത്തോടെ എഴുത്തും വായനയും ചേർത്ത് പിടിക്കാൻ സഹായിച്ച എന്റെ പ്രിയപ്പെട്ട ടീച്ചർമാർക്ക്, ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ചിലരെയൊഴികെ,  തിരികെ സ്നേഹം നൽകിയ എല്ലാ ടീച്ചർമാർക്കും അധ്യാപക ദിന ആശംസകൾ...

Post a Comment

0 Comments