Subscribe Us



വേദിയിൽ മാണി സി കാപ്പനെ പ്രകീർത്തിച്ച് ജോസ് കെ മാണിയും ചാഴികാടനും: വകവയ്ക്കാതെ ജോസ് വിഭാഗം അണികൾ; ഫേസ്ബുക്കിൽ എം എൽ എയെ പരാമർശിക്കാതെ എം പിയുടെ പോസ്റ്റ്

പാലാ: പാലാ എം എൽ എ മാണി സി കാപ്പനെ പ്രകീർത്തിച്ച് എം പി മാർ. ഗ്രീൻ ടൂറിസം സർക്യൂട്ടിൻ്റെ ഉദ്ഘാടനവേദിയിലാണ് എം പി മാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും മാണി സി കാപ്പനെ പ്രകീർത്തിച്ചത്. എന്നാൽ എം പി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ എം എൽ എ മാണി സി കാപ്പൻ്റെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രീൻ ടൂറിസം പദ്ധതി തുടങ്ങിയത് കെ എം മാണി ആണെന്നു പറഞ്ഞ ഇരുവരും പദ്ധതി പൂർത്തീകരിക്കാൻ മാണി സി കാപ്പൻ നടത്തിയ ഇടപെടലുകളെ പരസ്യമായി പ്രശംസിക്കുകയായിരുന്നു. ആദ്യം സംസാരിച്ച ജോസ് കെ മാണിക്കു പിന്നാലെ സംസാരിച്ച തോമസ് ചാഴികാടനും പദ്ധതി പൂർത്തീകരിക്കാനുള്ള മാണി സി കാപ്പൻ്റെ പങ്കിനെ അഭിനന്ദിച്ചു.

നേരത്തെ പ്രസംഗിച്ച മാണി സി കാപ്പൻ പദ്ധതികൊണ്ടു വന്ന കെ എം മാണിയെ അനുമോദിക്കുകയും അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

യു ഡി എഫ് വിട്ടശേഷവും മാണി സി കാപ്പനും ഇടതുമുന്നണിക്കുമെതിരെ കേരളാ കോൺഗ്രസ് ജോസ് വിഭാഗം നിലപാട് സ്വീകരിച്ചിരുന്നു. ഈ പദ്ധതി നഷ്ടമായെന്നു ജോസ് കെ മാണി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇടതു മുന്നണിയിലേയ്ക്കു പ്രവേശനം സാധ്യമായതോടെയാണ് മാണി സി കാപ്പനെ അഭിനന്ദിക്കാൻ തയ്യാറായത്. ജോസ് വിഭാഗം ചെയർമാൻ ജോസ് കെ മാണിയും തോമസ് ചാഴികാടനും ഇടതു അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും അണികൾ ഇതിനെതിരെയാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇത് അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ നിലപാടിലൂടെ വെളിവാകുകയും ചെയ്തു. പദ്ധതിയെ മാണി പാലമെന്നും പദ്ധതി നഷ്ടമായെന്ന എം പി യുടെ പ്രസ്താവനയുമൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ വ്യാപകമായി ഉദ്ഘാടന സമയം പ്രചരിപ്പിച്ചിരുന്നു.

Post a Comment

0 Comments