Subscribe Us



പാലായിൽ കോവിഡ് വ്യാപനം രൂക്ഷം

പാലാ : ഭീതിവിതച്ച് പാലാ മേഖലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു. മേഖലയില്‍ ഇന്നലെ 42 പേര്‍ക്കാണ് കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായിരിക്കുന്നത്. കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കിടങ്ങൂര്‍, മുത്തോലി, കരൂര്‍, രാമപുരം, കടനാട് പഞ്ചായത്തുകളിലായാണ് പുതിയ കാവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. മീനച്ചില്‍ പഞ്ചായത്ത് പൂവരണി നെല്ലാല ലളിതാംമ്പിക (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

പാലാ നഗരസഭയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ 13 പേര്‍ കൂടി പോസിറ്റീവായതോടെ പാലായില്‍ രോഗവ്യാപന ഭീതി ഉടലെടുത്തിട്ടുണ്ട്. ഇതോടെ സ്ഥാപനവുമായി ബന്ധപ്പെട്ട് 18 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 70 ഓളം പേര്‍ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി നിരീക്ഷണത്തിലുണ്ട്. ജീവനക്കാരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ പലരും എത്തിയിരുന്നതയാണ് സൂചന. വ്യാപകമായ പരിശോധനകള്‍ നടത്തണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

രാമപുരം പഞ്ചായത്തില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 2, 3, 5, 6, 7, 8, 9, 12, 13 വാര്‍ഡുകളിലുള്ളവര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതില്‍ ടൗണ്‍ പ്രദേശത്തുള്ള ഒരു കുടുംബത്തിലെ 3 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയവരെല്ലാം പഞ്ചായത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളരാണ്. രാമപുരം ഗവ. ആശുപത്രിയില്‍ നടത്തിയ 87 പേരുടെ പരിശോധനയില്‍ 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ പരിശോധന നടത്തി പോസിറ്റീവായവാരാണ് 3 പേര്‍. വ്യാഴാഴ്ച രാവിലെ 10 മുതല്‍ രാമപുരം ഗവ. ആശുപത്രിയില്‍ 60ഓളം പേര്‍ക്ക് ആന്റിജന്‍ പരിശോധന നടക്കും.

മുത്തോലി പഞ്ചായത്തിലെ കടപ്പാട്ടൂര്‍ 9-ാം വാര്‍ഡില്‍ ഉറവിടമറിയാത്ത കോവിഡ് രോഗിയെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് (46). പനിയും ജലദോഷവും കണ്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടുകാരെ ഉല്‍പ്പെടെ 6 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുത്തോലി പിഎച്ച്‌സിയില്‍ നാളെ രാവിലെ 10 മുതല്‍ വിവിധ വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 60 ഓളം പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും.

മീനച്ചില്‍ പഞ്ചായത്തിലെ സ്വകാര്യാശുപത്രി ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റാവാണ്. അതേസമയം രോഗം പോസിറ്റീവായ ജീവനക്കാരിയും കുട്ടിക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. പൂവരണിയില്‍ കോവിഡ് ബാധിച്ച് മരിച്ച ലളിതാംബികയും ബന്ധുക്കളെയും ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച അടുത്ത വീടുകളിലുള്ളവരെയും ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂവരണിയില്‍ മൂന്ന് ദിവസത്തേക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരൂര്‍ പഞ്ചായത്തില്‍ വലവൂര്‍ മേഖലയില്‍ 14, 15 വാര്‍ഡുകളില് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിന്റെ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 10-ാം വാര്‍ഡ് വള്ളിച്ചിറയില്‍ ഉറവിടമറിയാത്ത പുതിയ കേസ് ആരോഗ്യവകുപ്പിന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയും വിപുലമാണെന്നാണ് സൂചന.

കടനാട് പഞ്ചായത്തിലെ വല്യാത്ത് ഭാഗത്ത് കണ്ടൈന്‍മെന്റ് സോണില്‍ 4 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. വിവിധ മേഖലയിലായി 12 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30 ഓളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കിടങ്ങൂര്‍ പഞ്ചായത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ദിവസത്തിനിടെ 28 പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറേ കൂടല്ലൂര്‍ മൂലേപിഡിക കോളനിയില്‍ 8 പേര്‍ക്ക് രോഗം കണ്ടെത്തി. 20 ഓളം കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ശിവക്കുളങ്ങര ഭാഗത്തെ ലക്ഷംവീട് കോളനിയിലെ 23 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കള്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരുടെ സമ്പര്‍ക്ക പട്ടിക അതിവിപുലമാണ്. കോളനിയിലും ടൗണിലും ഇവര്‍ നിരന്തരം എത്തിയിരുന്നതായണ് വിവരം. 50ഓളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. പ്രദേശത്തെ കണ്ടൈന്‍മെന്റ് സോണാക്കിയിട്ടുണ്ട്.

Post a Comment

0 Comments