Subscribe Us



മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ മീനച്ചിൽ സൊസൈറ്റിക്കു പുതുജീവൻ

 

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സൊസൈറ്റിക്കു പുതുജീവൻ. കെടുകാര്യസ്ഥത മൂലം പൂട്ടിക്കിടന്ന സൊസൈറ്റി ഇന്നലെ തുറന്നു പ്രവർത്തനം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ മുൻ കൈയ്യെടുത്തതോടെയാണ് സൊസൈറ്റി തുറക്കാൻ നടപടിയായത്. 


സൊസൈറ്റി തുറക്കൽ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ആറു മാസത്തിനുള്ളിൽ സൊസൈറ്റിയുടെ കീഴിലെ  ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാനാവുമെന്ന് എം എൽ എ പറഞ്ഞു.

അഡ്വ ജോർജ് സി കാപ്പൻ അധ്യക്ഷത വഹിച്ചു. വി ജി വിജയകുമാർ, എം എം തോമസ്, ഡാർളിംഗ് ചെറിയാൻ ജോസഫ്, ഷാജി കെ ജി എന്നിവർ പ്രസംഗിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു.  

കെടുകാര്യസ്ഥതമൂലം എഴുപതു കോടി രൂപ ബാധ്യത വന്നതോടെയാണ് സൊസൈറ്റി അടച്ചു പൂട്ടേണ്ടി വന്നത്. ഇതോടെ റബ്ബർ പാലും മറ്റും നൽകിയ കർഷകരും നിക്ഷേപകരും ആശങ്കയിലായി. 27 കോടി രൂപയോളം നിക്ഷേപം ആയിരുന്നു. ബാക്കി തുകയിൽ റബ്ബർ പാലും മറ്റും നൽകിയതിനു കർഷകർക്കു നൽകാനുള്ള തുകയാണ്. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സൊസൈറ്റി പൂട്ടുകയായിരുന്നു. തുടർന്ന് കർഷകരും നിക്ഷേപകരും നിരവധി പ്രതിക്ഷേധങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കർഷകർ പ്രശ്നം ഉയർത്തിയിരുന്നു. നടപടി ഉണ്ടായില്ല. കെ എം മാണിയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും വിഷയം ഉയർന്നു വന്നു. 

മാണി സി കാപ്പൻ ജയിച്ചതോടെ കർഷകരുടെ പ്രശ്നം നിയമസഭയിൽ എത്തി. തുടർന്നു സർക്കാർ തലത്തിൽ നടന്ന ചർച്ചയെത്തുടർന്നു സൊസൈറ്റിയെ രക്ഷിക്കുന്നതിനായി എം എൽ എ യുടെ നിർദ്ദേശപ്രകാരം കൺസോർഷ്യം രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്നും സ്വരൂപിച്ച മൂന്ന് കോടി രൂപയാണ് ഇപ്പോഴത്തെ മൂലധനം.

 കൂടല്ലൂർ, കരൂർ ഫാക്ടറികൾ സമയബന്ധിതമായി തുറക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. ഇതോടൊപ്പം കർഷകരിൽ നിന്നും റബ്ബർപാലുൾപ്പെടെ മാർക്കറ്റ് വിലയേക്കാൾ 5 ശതമാനം വില കൂട്ടി സംഭരിക്കും. തുടർന്നു സർജിക്കൽ ഗ്ലൗസ്, സിസ്പോസിബിൾ സിറിഞ്ച് മുതലായവ ഫാക്ടറിയിൽ നിർമ്മിച്ചു സൊസൈറ്റിയെ ലാഭത്തിലാക്കാനാണ് തീരുമാനം. ഇതു വഴി കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടുന്നു.

Post a Comment

0 Comments