Subscribe Us



കളരിയാമ്മാക്കൽ പാലം യാഥാർത്ഥ്യമാക്കാൻ 13.39 കോടി അനുവദിച്ച് സർക്കാർ ഉത്തരവ്

പാലാ: അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ അഞ്ചു വർഷം മുമ്പ് പണി പൂർത്തിയായ കളരിയാമ്മാക്കൽ പാലത്തിന് അപ്രോച്ച് റോഡും തുടർ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനുമായി 13.39 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. അപ്രോച്ച് റോഡ് നിർമ്മാണം, സ്ഥലം ഏറ്റെടുക്കൽ നടപടികകൾ എന്നിവ ഉടൻ ആരംഭിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

പാലാ ടൗൺ റിംഗ് റോഡിനായി അനുവദിച്ചിട്ടുള്ള 45 കോടി രൂപയിൽ ഒന്നാം ഘട്ട നിർമ്മാണത്തിന് ശേഷം അവശേഷിക്കുന്ന തുകയാണ് ഈ ആവശ്യത്തിന് വിനിയോഗിക്കുന്നതെന്ന് അഡീഷണൽ സെക്രട്ടറി റീത്താ എസ് പ്രഭയുടെ ഉത്തരവിൽ പറയുന്നു. 

മീനച്ചിലാറിന് കുറുകെ കളരിയാമ്മാക്കല്‍ കടവില്‍ പാലം നിര്‍മാണം അഞ്ചു വർഷം മുമ്പ്  പൂര്‍ത്തിയാക്കിയിരുന്നു. എന്നാൽ പാലാ ഭാഗത്ത് അപ്രോച്ച് റോഡും മീനച്ചിൽ ഭാഗത്ത് അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ പാലം പൂർത്തിയാക്കിയതോടെ പ്രയോജനമില്ലാതെ കിടക്കുകയായിരുന്നു. നാട്ടുകാർ അഞ്ചു വർഷത്തിനിടെ നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. മീനച്ചിൽ പഞ്ചായത്തിൻ്റെ സമഗ്രവികസനത്തിന് ആക്കം കൂട്ടാൻ ഈ നടപടി ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

മാണി സി കാപ്പൻ എം എൽ എ തെരഞ്ഞെടുപ്പ് കാലത്ത് പാലം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്കു ഉറപ്പു നൽകിയിരുന്നു.തുടർന്നു പാലാ നഗരസഭയിലെ കൺസിലർമാരും മീനച്ചിൽ പഞ്ചായത്തിലെ പഞ്ചായത്തു മെമ്പർമാരും ജനങ്ങളും ഈ ആവശ്യം യാഥാർത്ഥ്യമാക്കണമെന്ന് മാണി സി കാപ്പനു നിവേദനം നൽകിയിരുന്നു.

മാണി സി കാപ്പൻ പാലത്തിൻ്റെ അവസ്ഥ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്നു ബന്ധപ്പെട്ട വകുപ്പുകളുമായി തിരുവനന്തപുരത്ത്  നിരന്തരം ചർച്ച ചെയ്തു നടപടികൾക്കു വേഗം കൂടി.  മീനച്ചിൽ പഞ്ചായത്തിൻ്റെ വിവിധ മേഖലകളെ പാലാ നഗരത്തോടു അടുപ്പിക്കാൻ കഴിയും വിധമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലേക്ക് എത്തുന്ന മുഴുവന്‍ പൊതുമരാമത്ത് റോഡുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ടൗണ്‍ റിങ് റോഡിന്റെ രണ്ടാംഘട്ടം പാലാ-പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലില്‍നിന്ന് ആരംഭിച്ച് പാലാ-ഭരണങ്ങാനം റോഡിലെ കളരിയാമ്മാക്കല്‍ കടവ് പാലം വരെയുള്ളതാണ്. രണ്ടുകിലോമീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തിനുള്ളത്.

മാണി സി കാപ്പൻ എം എൽ എ ആയപ്പോൾ മുൻഗണനാക്രമത്തിൽ എടുത്ത വിഷയങ്ങളിൽ ഒന്നായിരുന്നു കളരിയാമ്മാക്കൽ പാലം. റോഡ് പൂർത്തീകരിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ സ്ഥലമുടമകളുമായി ചർച്ചകൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. പാലവുമായി ബന്ധപ്പെട്ട തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ ആർ ഡി ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ വിലയിരുത്തിയിരുന്നു. തുടർന്നു സർവ്വേയും നടത്തി. 

കളരിയാമ്മാക്കൽ പാലം യാഥാർത്ഥ്യമാക്കാൻ ക്രിയാത്മക നടപടി സ്വീകരിച്ച  ഇടതു സർക്കാരിനെയും മാണി സി കാപ്പനെയും എൻ സി പി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻ്റ് ജോഷി പുതുമന അദ്ധ്യക്ഷ വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, തോമസ് സ്രാമ്പിക്കൽ, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി, സുബിൻ ഞാവള്ളിൽ, അപ്പച്ചൻ ചെമ്പൻകുളം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments