Subscribe Us



തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികള്‍

 

പാലാ : തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികള്‍. നഗരസഭ ആര് ഭരിക്കും എന്ന വാശിയേറിയ ചര്‍ച്ചകളാണ് നാട്ടിലെങ്ങും. വോട്ടിംഗ് കുറഞ്ഞത് ആര്‍ക്ക് അനുകൂലമാകുമെന്ന ആശയക്കുഴപ്പവും മുന്നണികളെ അലട്ടുന്നുണ്ട്.

പാലാ നഗരസഭയില്‍ 71.05 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.32 ശതമാനമായിരുന്നു പോളിംഗ്. കോവിഡ് കാലമായതാണ് വോട്ടിംഗ് കുറയാന്‍ കാരണമെന്നാണ് മുന്നണികള്‍ പറയുന്ന കാരണം. എന്നാല്‍ പ്രായമായവരും യുവ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തിയിരുന്നു.

സര്‍ക്കാരിന്റെ വികസന നോട്ടങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഇടതു പ്രവര്‍ത്തകര്‍ പറയുന്നത്. പാലായില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം വലിയ ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളാ കോണ്‍ഗ്രസ് എം 16 സീറ്റുകളിലാണ് മത്സരിച്ചത്. സിപിഎം 6 സീറ്റിലും സിപിഐ 3 സീറ്റിലും എന്‍സിപി 1 സീറ്റിലുമാണ് ജനവിധി തേടിയത്. 19 മുതല്‍ 23 സീറ്റുകള്‍ വരെ നേടുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. ജോസ് കെ. മാണി, മാണി സി. കാപ്പന്‍, ലാലിച്ചന്‍ ജോര്‍ജ്ജ്, സണ്ണി ഡേവിഡ്, ബാബു കെ. ജോര്‍ജ്ജ്, ഫിലിപ്പ് കുഴികുളം തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇല്ലാത്ത യുഡിഎഫ് പ്രവര്‍ത്തനം ചരിത്രവിജയം നേടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പി.ജെ. ജോസഫ്, സതീഷ് ചൊള്ളാനി, സജി മഞ്ഞക്കടമ്പില്‍, കുര്യാക്കോസ് പടവന്‍ തുടങ്ങിയവരാണ് യുഡിഎഫ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിലെ എതിര്‍പ്പ് യുഡിഎഫിന് പിന്തുണ വര്‍ദ്ധിപ്പിച്ചെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സര്‍ക്കാരിനോടുള്ള എതിര്‍പ്പ് വോട്ടാകുമെന്ന ഉറച്ച വിശ്വാസമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.

മുന്നണികള്‍ വിജയത്തിന്റെ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ജനവിധി തങ്ങള്‍ക്ക് അനുകൂലമെന്നാണ് ഇടതു വലത് മുന്നണികള്‍ അവകാശവാദം ഉന്നയിക്കുന്നത്. പല പഞ്ചായത്തുകളിലും നേട്ടം കൈവരിക്കുമെന്നും ചില പഞ്ചായത്തുകളില്‍ ഭരണം നേടുമെന്നും എന്‍ ഡി എയും അവകാശപ്പെട്ടു. പാലാ നഗരസഭയില്‍ കഴിഞ്ഞ പ്രാവശ്യം 77.32 ശതമാനമായിരുന്നു പോളിംഗ്. ഇപ്രാവശ്യത്തെ പോളിംഗ് 71.05 ശതമാനമായി കുറഞ്ഞു. അതുപോലെ പാലാ നിയോജകമണ്ഡലത്തിനു കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞിട്ടണ്ട്. എട്ടു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ കുറവ് വിവിധ പഞ്ചായത്തുകളിലുണ്ടായി. കോവിഡ് ഭീതിയാണ് കാരണമെന്നു പറയുന്നുണ്ടെങ്കിലും മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍ ചിലരില്‍ തീര്‍ത്ത കണ്‍ഫ്യൂഷനുകളും പോളിംഗ് ശതമാനം കുറയുന്നതിന് കാരണമായതായും പറയുന്നു. 

രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും അത്യാവേശപൂര്‍വ്വവും അതീവ ജാഗ്രതയോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരാമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പതിനെട്ടടവും പയറ്റി. ദൂരസ്ഥലങ്ങളിലുള്ള വോട്ടര്‍മാരെ  വാഹനം വിട്ട് പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. കേരളാ കോണ്‍ഗ്രസുകള്‍ക്ക് ശക്തിപരീക്ഷണമെന്ന് വിലയിരുത്തപ്പെടുന്ന  ഈ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ, പുറത്തു കാണിക്കുന്നില്ലെങ്കിലും ചങ്കിടിപ്പോടെയാണ് സ്ഥാനാര്‍ഥികളും നേതാക്കന്മാരും കാത്തിരിക്കുന്നത്. ഭാവി രാഷ്ടീയ നീക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പു ഫലം വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിട്ടയായ പ്രവര്‍ത്തനമായിരുന്നു തങ്ങളുടേതെന്നും ഇടതുമുന്നണി വോട്ടുകളെല്ലാം പോള്‍ ചെയ്തതായും പാലാ നഗരസഭയിലും സമീപപഞ്ചായത്തുകളിലും ബഹുഭൂരിപക്ഷം സീറ്റുകളും നേടുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി അവകാശപ്പെട്ടു.

പോളിംഗില്‍ എല്ലാ വാര്‍ഡുകളിലും ഇടതുമുന്നണിയുടെ ആവേശകരമായ മുന്നേറ്റമാണ് കാണുവാന്‍ കഴിഞ്ഞതെന്നു കേരള കോണ്‍.(എം) പാലാ നിയോജക മണ്ഡലം അവലോകന യോഗം വിലയിരുത്തി. എല്‍.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് പോളിംഗില്‍ നേട്ടമുണ്ടാക്കിയതെന്നും യോഗം വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും ജനവികാരം യുഡിഎഫിനൊപ്പമെന്നാണ് യു ഡി എഫ് നേതാക്കള്‍ അവകാശപ്പെട്ടത്.
പാലാ നഗരസഭയിലെ ജനവികാരം യുഡിഎഫ് അനുകൂലമെന്നും രാഷ്ട്രീയ നിലപാടുകളുടെ വിലയിരുത്തലാണ്  ജനങ്ങള്‍ നടത്തിയതെന്നും  നഗരസഭയില്‍ യു ഡി എഫ് പാനലിനെ നയിക്കുന്ന ജോസഫ് വിഭാഗം നേതാവ് കുര്യാക്കോസ് പടവനും കോണ്‍ഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയും അഭിപ്രായപ്പെട്ടു.

Post a Comment

0 Comments