Subscribe Us



മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ ദുർവാശി; ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള അവകാശം ഒൻപത് മാസമായി നിഷേധിക്കുന്നു

പാലാ: മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ദുർവാശിയെത്തുടർന്ന് ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള ആനുകൂല്യം ഒൻപത് മാസമായി കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു കുടുംബം. നിരന്തരം താലൂക്ക് സപ്ലൈ ഓഫീസ് കയറിയിറങ്ങിയിട്ടും തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പരാതി. 

ഈ കുടുംബത്തിൽ രണ്ടു കുട്ടികളാണ് ഉള്ളത്. നാല്‌ വയസുള്ള മൂത്തകുട്ടിക്ക് 90 ശതമാനം ഓട്ടിസം ബാധിച്ചിട്ടുണ്ട്‌. ഒപ്പം സോൾട്ട് ലൂസിംഗ് അവസ്ഥയുമാണ്. ഒരു വയസായ കുട്ടിക്കും സോർട്ട് ലൂസിംഗ് അവസ്ഥയുണ്ട്. കുട്ടികളുടെ അടുത്ത് എപ്പോഴും ആളുണ്ടാവേണ്ട അവസ്ഥയാണുള്ളത്.  അതിനാൽ കുട്ടികളുടെ അടുത്തുനിന്നും മാറാതെ അമ്മ എപ്പോഴും ഉണ്ട്. ചികിത്സയ്ക്കും മറ്റുമായി ഭാരിച്ച തുകയാണ് ചെലവൊഴിക്കുന്നത്. അതിനാൽ എ പി എൽ ലിസ്റ്റിൽ കിടക്കുന്ന റേഷൻ കാർഡ് ബിപിഎല്ലിലേയ്ക്ക് മാറ്റി നൽകണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ഇതിനാവശ്യമായ വരുമാന സർട്ടിഫിക്കേറ്റ്, പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം, ചികിത്സാ രേഖകൾ ഒക്കെ സമർപ്പിച്ചിട്ടും പാലായിലെ അധികൃതർ തെറ്റായ വിവരം സിവിൽ സപ്ലൈസ് ഓഫീസിലേയ്ക്ക് നൽകിയതിനാൽ ബി പി എല്ലിലേയ്ക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. 

നേരത്തെ ഇവർക്ക് ഒരേക്കറിലധികം സ്ഥലവും കാറും ഉണ്ടായിരുന്നു. ചികിത്സാവശ്യത്തിന് പണം ചെലവൊഴിക്കേണ്ടി വന്നതിനാൽ സ്ഥലവും വാഹനവും വിൽക്കേണ്ടി വന്നതായും ഇപ്പോൾ 19 സെൻ്റ് സ്ഥലവും വീടും മാത്രമേയുള്ളൂവെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. റേഷൻ ഇൻസ്പെക്ടർ സ്ഥലത്ത് ചെന്ന് അന്വേഷിക്കാതെ സമർപ്പിച്ച റിപ്പോർട്ടാണ് നൽകിയതെന്ന് പറയപ്പെടുന്നു. നിരവധി തവണ താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങിയിട്ടും മനുഷത്വപരമായ സമീപനം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. 

അധികൃതരുടെ നടപടിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളുടെ സംഘടന പ്രതിഷേധിച്ചു. അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം കുട്ടികളുമായി സപ്ലൈ ഓഫീസിൽ എത്തി സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം. അധികൃതരുടെ പിന്തിരിപ്പൻ നിലപാടിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും രംഗത്തു വന്നിട്ടുണ്ട്. 

വിവരം അന്വേഷിക്കാൻ വിളിച്ച പാലാ ടൈംസിൻ്റെ അനുഭവം ചുവടെ:

ഒരാഴ്ച മുമ്പ് വിളിച്ചു. സപ്ലൈ ഓഫീസർ സ്ഥലത്തില്ലെന്നു മറുപടി. അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ വാങ്ങി മൂന്ന് തവണ വിളിച്ചു. ബെല്ലടിച്ചതല്ലാതെ എടുത്തില്ല. 

ഇന്ന് (26/03/2021) വീണ്ടും വിളിച്ചു. സപ്ലൈ ഓഫീസർ ഇല്ല. അസിസ്റ്റൻറ് ആണ് ഫോൺ എടുത്തത്. റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും കൂടുതൽ അറിയണമെങ്കിൽ സപ്ലൈ ഓഫീസറോട് സംസാരിക്കണമെന്നാണ് മറുപടി നൽകിയത്. ഉത്തരവാദിത്വമില്ലായ്മയാണ് ഇവിടെ ബോധ്യപ്പെട്ടത്.

Post a Comment

0 Comments