പാലാ: ഇടതുമുന്നണിയുടെ ദുരിതകാലത്തടക്കം പതിറ്റാണ്ടുകൾ ഒപ്പമുണ്ടായിരുന്ന മാണി സി കാപ്പനോട് മുന്നണി നേതൃത്വം രാഷ്ട്രീയ വഞ്ചന കാട്ടിയതായി നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ കുറ്റപ്പെടുത്തി. മുന്നണി പ്രവർത്തകരുടെ വികാരത്തിന് എതിരായ നിലപാടെടുത്തു വഞ്ചിക്കുകയായിരുന്നു. തോറ്റ കക്ഷിക്കു ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്തു നൽകിയത് അനീതിയാണ്. മുന്നണിയുടെ ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ജയസാധ്യത ഇല്ലാതിരുന്ന കാലഘട്ടത്തിൽപോലും മൂന്നു തവണ മുന്നണിക്കു വേണ്ടി മത്സരിച്ചു തോറ്റ മാണി സി കാപ്പനോട് അനീതി ചെയ്തത് പാലാക്കാർക്കു അറിയാം. കാലാവധി പൂർത്തിയാക്കാതെ എം പി സ്ഥാനങ്ങൾ രാജിവച്ചയാളെ സ്ഥാനാർത്ഥിയാക്കുന്നതിലെ ധാർമ്മികത കേരളാ കോൺഗ്രസ് വിശദീകരിക്കണം.
എം എൽ എ മാർ വഴിയാണ് മണ്ഡലങ്ങളിൽ വികസനം കൊണ്ടുവരുന്നത്. പാലാ ബൈപാസിൻ്റെ പൂർത്തീകരണത്തിനുള്ള നിർദ്ദേശം മാണി സി കാപ്പനാണ് മുന്നോട്ടുവച്ചത്. മുടങ്ങിക്കിടക്കുന്ന കളരിയാമ്മാക്കൽ കടവ് പാലം റോഡ്, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയവയുടെ പൂർത്തീകരവും അവസാനഘട്ടത്തിലാണ്. ഇതിന് എം എൽ എ യ്ക്കു പിന്തുണ നൽകിയത് സർക്കാരാണ്. എന്നാൽ പാലായിൽ വികസനമേ നടന്നിട്ടില്ലെന്ന കേരള കോൺഗ്രസിൻ്റെ നിലപാട് ശരിയാണോ വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി, ബീനാ രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി ചക്കാലയ്ക്കൽ, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.