Subscribe Us



ജി എസ് ടി - ഇ-ഇന്‍വോയിസിങ്ങ് ഇതാ ഇവിടെ വരെ


തോമസ് മാത്യു

രജി. ജി.എസ്.ടി. പ്രാക്ടീഷണര്‍

ഫോണ്‍: 9387620871


ഇന്ത്യയില്‍ ജി.എസ്.ടിയുടെ രൂപരേഖ തയാറാക്കുമ്പോള്‍ തന്നെ ഇ-ഇന്‍വോയിസിങ്ങ് സമ്പ്രദായം നടപ്പിലാക്കും എന്ന് നമ്മളൊക്കെ കേട്ടിരുന്നു. അതേസമയം, നടപ്പിലാകാന്‍ സാധ്യതയില്ലാത്ത ഒരു ആശയമായി അതിനെ പുശ്ചിച്ചു തള്ളുകയും ചെയ്തു.

എന്നാല്‍ 35-ാം ജി.എസ്.ടി. കൗണ്‍സില്‍ മീറ്റിംഗില്‍ ഇത് നടപ്പിലാക്കുവാനുള്ള തീരുമാനമായി. ആദ്യം 1-10-2020 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍/കോര്‍പ്പറേറ്റുകള്‍ക്കാണ് ഇ-ഇന്‍വോയിസിങ്ങ് നടപ്പിലാക്കിയത്. 1-1-2021 മുതല്‍ 100 കോടി വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്കു കൂടി ഇ-ഇന്‍വോയിസിങ്ങ് നിര്‍ബന്ധമാക്കി. ഇനി 50 കോടി, 25 കോടി, 10 കോടി, 5 കോടി, അതില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്കും ഇ-ഇന്‍വോയിസിങ്ങ് നടപ്പിലാക്കുന്ന സമയം അതി വിദൂരമല്ല എന്ന് ഓരോ വ്യാപാരിയും മനസിലാക്കുക. നിങ്ങളുടെ കംപ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഇതിന് ഉതകുന്നതാണോ എന്നു വിലയിരുത്തേണ്ട സമയമായിരിക്കുന്നു. ഇന്ത്യ ഗവണ്‍മെന്റ് 1-4-2021 മുതല്‍ എല്ലാ വ്യാപാരികള്‍ക്കും പാന്‍ അടിസ്ഥാനത്തില്‍ ആകെയുള്ള വാര്‍ഷിക വിറ്റുവരവ് നിശ്ചയിച്ച് ഇ-ഇന്‍വോയിസിങ്ങ് നടപ്പിലാക്കുവാനുള്ള നടപടികള്‍ അതിവേഗം തുടരുകയാണ്.

നിലവില്‍ നിങ്ങളുടെ ബില്ലിങ്ങ്/അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ ഇ ആർ പി അധിഷ്ടിതമാണെങ്കില്‍ ഇ-ഇന്‍വോയിസിങ്ങ് സാധ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അല്ലെങ്കില്‍ പ്രസ്തുത സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ അതിനുവേണ്ട പ്ലാറ്റ്‌ഫോം നിങ്ങള്‍ക്കു തന്നുകൊള്ളും.

സ്‌പെഷ്യല്‍  ഇക്കണോമിക്‌സ് സോണ്‍, ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ്, എൻ ബി എഫ് സി എസ്, ജി ടി എ, പാസഞ്ചര്‍/ട്രാന്‍പോര്‍ട്ടേഷന്‍ സര്‍വീസ്, സിനിമ ടിക്കറ്റ് തുടങ്ങിയ മേഖലകളെ ഇ-ഇന്‍വോയിസിങ്ങില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഒരിക്കല്‍ ജനറേറ്റ് ആയ ഇ-ഇന്‍വോയിസ് എഡിറ്റ് ചെയ്യുവാനോ ഡിലീറ്റ് ചെയ്യുവാനോ സാധിക്കില്ല. എന്നാല്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ സാധ്യമാണ്.

ഓരോ ഇ-ഇന്‍വോയിസും ഒരു ഐ ആർ എൻ (ഇന്‍വോയിസ് റഫറന്‍സ് നമ്പര്‍) ലഭ്യമാണ്. വ്യാപാരിയുടെ ഇന്‍വോയിസ് നമ്പരിനു പുറമേയുള്ള ഒരു നമ്പര്‍ ആണിത്. ഇ ആർ പി-യില്‍ (വ്യാപാരിയുടെ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍) ജനറേറ്റ് ആകുന്ന ബില്ല് ഗവണ്‍മെന്റിന്റെ ഐ ആർ പി (ഇന്‍വോയിസ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍) യിലേക്ക് ഓരോന്നായി തല്‍സമയം അപ്‌ലോഡ് ആകുകയാണു ചെയ്യുന്നത്. അപ്പോള്‍ ഓരോ ഇന്‍വോയിസിനും ഐ ആർ എൻ ലഭ്യമാകുകയു ചെയ്യും. എല്ലാ ഇന്‍വോയിസും ഇ-വെബില്ലുമായി ലിങ്ക്ഡ് ആണ്. നിലവില്‍ ജി എസ് ടി പോര്‍ട്ടലില്‍ നേരിട്ട് ഇ-ഇന്‍വോയിസിങ്ങ് നടപ്പിലാക്കുവാനുള്ള ഒരു സംവിധാനത്തെപ്പറ്റിയും ഗവണ്‍മെന്റ് ആലോചിക്കുന്നേയില്ല.

നിലവില്‍ ഒരു വ്യാപാരിയുടെ എല്ലാ ബി 2 ബി ഇന്‍വോയിസുകളും, ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട് ഇവ ഇ-ഇന്‍വോയിസ് പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ബി 2 സി ഇന്‍വോയിസുകള്‍ ക്യൂ ആർ കോഡ് അധിഷ്ടിതമായി ജനറേറ്റ് ചെയ്യണമെന്ന് നോട്ടിഫിക്കേഷന്‍ നം. 71/2000 -ല്‍ പറയുന്നുണ്ട്. വ്യാപാരിയുടെ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ തന്നെയാണ് ക്യൂ ആർ കോഡ് ജനറേറ്റ് ചെയ്യുന്നത്.

ഓരോ വ്യാപാരിയുടെയും ബിസിനസിന്റെ സുഗമമായ മുന്നേറ്റത്തിന് ഈ ഡിജിറ്റലൈസേഷന്‍ അനിവാര്യമായിക്കഴിഞ്ഞു. അതില്‍നിന്നു മാറിനില്‍ക്കുന്ന നയം നിങ്ങളുടെ ബിസിനസ് വളരെ ശ്രമകരമായി മാറ്റും.

Post a Comment

0 Comments