Subscribe Us



പാലായുടെ ഹൃദയം തൊട്ടു മാണി സി കാപ്പൻ്റെ പ്രചാരണം മുന്നേറുന്നു

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള ഭവന സന്ദർശന പരിപാടിയുടെ തിരക്കുകളിലാണ്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കുകളിലാണ് അദ്ദേഹം.


രാത്രി വളരെ വൈകിയാണ് പ്രചാരണ പരിപാടികൾക്കു ശേഷം വീട്ടിലെത്തുന്നതെങ്കിലും വെളുപ്പിന് ആറു മണിയോടെ തന്നെ പ്രാർത്ഥനയോടെ സജീവമാകും. രാവിലെ തന്നെ പാർട്ടി പ്രവർത്തകരും യു ഡി എഫ് നേതാക്കളും മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനായി എത്തും. ഈ സമയം വിവിധ ആവശ്യങ്ങൾക്കായി എം എൽ എ കാണാൻ എത്തുന്നവരും ഉണ്ട്. അവരെ ഓരോരുത്തരെയും കണ്ട് പരാതികളും പരിഭവങ്ങളും കേൾക്കും. തീർപ്പാക്കാവുന്ന കാര്യമാണെങ്കിൽ ഫോണിൽ വിളിച്ചു ബസപ്പെട്ടവരുമായി സംസാരിക്കും. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ എം പി കൃഷ്ണൻനായർ, ടി വി ജോർജ് എന്നിവരെ ഫോണിൽ വിളിച്ചു ചുമതലപ്പെടുത്തും.

അപ്പോഴേയ്ക്കും സെക്രട്ടറി തങ്കച്ചൻ മുളകുന്നം അന്നത്തെ പരിപാടികളുടെ ലിസ്റ്റുമായി എത്തും. പരിപാടികളുടെ ലിസ്റ്റ് നോക്കുന്നതിനിടെ കുര്യാക്കോസ് പടവൻ്റെ കോൾ വന്നു. കുറച്ചു നേരം രഹസ്യ സംഭാഷണം. തിരക്കിട്ടു ഭക്ഷണം കഴിക്കുന്നതിനിടെ ഇളയ മകൾ ദീപയുടെ പുത്രി നിയ വന്നു. നിയാ യു ഡി എഫാ അപ്പച്ചാ എന്നു പറഞ്ഞിട്ടു ഓടിപ്പോയി. കൈ കഴുകി നേരെ വാഹനത്തിൽ കയറിയപ്പോഴേയ്ക്കും പുറപ്പെട്ടോ എന്നറിയാൻ കോൺഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയുടെ ഫോൺ. പുറപ്പെട്ടു കഴിഞ്ഞുവെന്ന് പറഞ്ഞതിന് പിന്നാലെ ഡ്രൈവർ ബെൻസൺ വാഹനം ഓടിച്ചു തുടങ്ങി. നെറ്റിയിൽ കുരിശു വരച്ചു പ്രാർത്ഥനയോടെയാണ് വണ്ടിയിൽ ഇരിക്കുന്നത്.

യാത്രയ്ക്കിടയിൽ തുടരെ തുടരെ ഫോൺ ബെല്ലടിക്കുന്നു. എല്ലാവർക്കും മറുപടി കൊടുക്കും. ചിലർ പിന്തുണയുമായിട്ടാവും വിളിക്കുന്നത്. പാർട്ടിക്കാരും നേതാക്കൻമാരും പ്രോഗ്രാം തയ്യാറാക്കുന്നതിനും വിളിച്ചു കൊണ്ടേയിരിക്കുന്നു.

ഓരോ സ്ഥലത്തു ചെല്ലുമ്പോഴും യു ഡി എഫ് നേതാക്കൾ മാണി സി കാപ്പനെ സ്വീകരിക്കും. തുടർന്നു അവരുടെ നിർദ്ദേശമനുസരിച്ചു വിവിധയിടങ്ങൾ സന്ദർശിക്കും. കന്യാസ്ത്രീ മഠങ്ങളും പള്ളികളും ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിച്ചു വോട്ടു തേടും. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. പാലായിൽ 16 മാസം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കിയാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.

ഭവന സന്ദർശനം പൂർത്തീകരിക്കുന്നതോടെ ജനസമക്ഷം വികസന സൗഹൃദസദസ്സ് പരിപാടികളിൽ പങ്കെടുക്കും. എല്ലാ മേഖലകളിലും വർദ്ധിച്ച പിന്തുണയാണ്  സൗഹൃദസദസ്സിന് ലഭിക്കുന്നത്. വികസന നിർദ്ദേശങ്ങൾ നൽകാനും പരാതികൾ സമർപ്പിക്കാനും നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടികൾക്കു ശേഷം യു ഡി എഫ് നേതാക്കളായ രാജൻ കൊല്ലംപറമ്പിൽ, ജോസ് പാറേക്കാട്ട്, ജോർജ് പുളിങ്കാട് തുടങ്ങിയവരുമായി വിശകലനം.തുടർന്നു രാത്രി വൈകി വീട്ടിലേയ്ക്ക്.

Post a Comment

0 Comments