പാലാ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിനെത്തിയ നഗരസഭ ഉദ്യോഗസ്ഥയ്ക്കെതിരെ അതിക്രമം. നഗരസഭാ വസ്തുവിൻ്റെ സമീപവാസിയും കുടുംബാഗങ്ങളും ചേർന്ന് ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായിട്ടാണ് പരാതി. ഇതേത്തുടർന്ന് കിഴതടിയൂർ ഓലാനിക്കൽ ഒ എസ് പ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെ നഗരസഭാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നു കാണിച്ചു പാലാ നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഓഫീസർ പി വി സലീം പാലാ പോലീസിൽ പരാതി നൽകി.
നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനി ലോയേഴ്സ് ചേംബർ നിർമ്മാണം നടന്നു വരുന്ന വസ്തു അളന്നു തിട്ടപ്പെടുത്താൻ ഭൂരേഖ തഹസീൽദാർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നഗരസഭ ഓവർസീയറായ മനീഷ പി ചക്രപാണിയെ നഗരസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19 രാവിലെ 11ന് സ്ഥലത്തിൻ്റെ അതിരുകൾ പുനർനിർണ്ണയം ചെയ്യുമെന്ന് താലൂക്ക് സർവ്വേയരുടെ അറിയിപ്പ് ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതു പ്രകാരം മനീഷയും അസിസ്റ്റൻറ് എഞ്ചിനീയറായ സാം മാത്യു സാബുവും കൂടി സ്ഥലത്തെത്തി സർവ്വേയർ അളന്നു തിരിച്ചു നൽകിയ സ്ഥലത്ത് കല്ലിടുന്നതിന് നടപടി സ്വീകരിച്ചപ്പോഴാണ് അതിക്രമം നടത്തിയതെന്നു പരാതിയിൽ പറയുന്നു. ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണവും നഗരസഭ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയുടെ വസ്തു അതിര് തിരിക്കുന്നതിന് നഗരസഭാധികൃതർ പോലീസ് സഹായവും തേടിയിട്ടുണ്ട്. പാലാ ആർ ഡി ഒ യ്ക്കും പരാതി കൈമാറിയിട്ടുണ്ട്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.